Kerala Congress Local Body Elections 2020| പാലായിൽ ജോസിനെതിരേ എൻ.സി.പി ഗോളടിക്കുമോ? ഇടത് വിമതനെ പിന്തുണച്ച് യു.ഡി.എഫ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
എൻ.സി.പി.നേതൃത്വത്തിൻ്റെ മൗനാനുവാദത്തോടെ മത്സരിക്കുന്ന മാത്യൂസിൻ്റെ ചിഹ്നം ഫുട്ബോളാണ്.
കോട്ടയം: കേരള കോൺഗ്രസ് പി.ജെ ജോസഫ്- ജോസ് കെ മാണി വിഭാഗങ്ങൾ വഴിപിരിഞ്ഞതിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ പഴയ ഘടക കക്ഷിയായ എൻ.സി.പി.യും പുതിയ ഘടക കക്ഷിയായ കേരള കോൺഗ്രസ് ജോസ് വിഭാഗവും തമ്മിൽ ഏറ്റുമുട്ടുന്നു. ഇതിനിടെ ഇടതു വിമതന് പിന്തുണയുമായി യു.ഡി.എഫും രംഗത്തെത്തിയിട്ടുണ്ട്. എലിക്കുളം പഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്വതന്ത്രനായി മത്സരിക്കുന്ന എൻ.സി.പി. പാലാ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് മാത്യൂസ് പെരുമനങ്ങാടിനാണ് യു.ഡി.എഫ് പിന്തുണ നൽകിയിരിക്കുന്നത്.
"കഴിഞ്ഞ അഞ്ചു വർഷക്കാലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എന്ന നിലയിൽ മാത്യൂസ് പെരുമനങ്ങാട് പൊതുജനത്തിന് ഉപകാരപ്രദമായ നിരവധി സേവന പ്രവർത്തനങ്ങളും പൊതുജന വികാരവും കണക്കിലെടുത്തുമാണ് ഇത്തരമൊരു തീരുമാനമെന്ന്" യു.ഡി.എഫ്.എലിക്കുളം മണ്ഡലം കമ്മറ്റി ചെയർമാർ ജോഷി കുഴിക്കാട്ടുതാഴെയും കൺവീനർ തോമാച്ചൻ പാലക്കുടിയും പ്രസ്താവനയിൽ അറിയിച്ചു.

എൻ.സി.പി.യുടെ നാലാം വാർഡ് വിട്ടുകൊടുത്തിട്ടും എൻ.സി.പി.നേതൃത്വം ആവശ്യപ്പെട്ട രണ്ടാം വാർഡ് കേരള കോൺഗ്രസ് ജോസ് വിഭാഗം സിറ്റിംഗ് സീറ്റെന്ന വാദം ഉന്നയിച്ച് കൈയ്യടക്കിയിരുന്നു. ഇതേ തുടർന്നാണ് നാലാം വാർഡ് അംഗവും പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ മാത്യൂസ് പെരുമനങ്ങാട് വിമതനായി രംഗത്തെത്തിയത്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൻ്റെ യുവജന വിഭാഗം സംസ്ഥാന പ്രസിഡൻ്റ് സാജൻ തൊടുകയാണ് ഇടതു സ്ഥാനാർത്ഥി.
advertisement
എൻ.സി.പി.നേതൃത്വത്തിൻ്റെ മൗനാനുവാദത്തോടെ മത്സരിക്കുന്ന മാത്യൂസിൻ്റെ ചിഹ്നം ഫുട്ബോളാണ്. അരുൺ സി.മോഹൻ(ബി.ജെ.പി), രതീഷ് , റെജി ആയിലൂക്കുന്നേൽ എന്നിവരാണ് മറ്റുസ്ഥാനാർത്ഥികൾ.
സീറ്റുവിഭജനവേളയിൽ മണ്ഡലത്തിൽ എൻ.സി.പി.ആവശ്യപ്പെട്ട ഒരേയൊരു സീറ്റും എലിക്കുളം പഞ്ചായത്തിലെ രണ്ടാം വാർഡായിരുന്നു. എന്നാൽ സിറ്റിംഗ് സീറ്റുകളെല്ലാം നല്കണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി ജോസ് വിഭാഗം രണ്ടാം വാർഡ് സ്വന്തമാക്കുകയായിരുന്നു. ഇതിനിടയിലാണ് നാടകീയ നീക്കവുമായി യു.ഡി.എഫ്. രംഗത്തെത്തിയത്. ജോസഫ് വിഭാഗത്തിന് നല്കിയിരുന്ന ഈ സീറ്റ് ജോസഫ് വിഭാഗത്തിൻ്റെ സംസ്ഥാന നേതാവിൻ്റെ സഹോദരൻ ഉൾപ്പെടെ മത്സരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവസാന നിമിഷം സ്ഥാനാർത്ഥിയെ വേണ്ടെന്നു വെച്ചു.
advertisement
പഞ്ചായത്തിൽ സിറ്റിംഗ് സീറ്റ് എന്ന ജോസ് വിഭാഗത്തിൻ്റെ ആവശ്യം നിയമസഭയിലും പാലിക്കണമെന്ന തന്ത്രമാകും എൻ.സി.പി.യുടെ സിറ്റിംഗ് സീറ്റായ പാലാ ലക്ഷ്യമിടുന്ന ജോസിനെതിരേ എൻ.സി.പിയും പ്രയോഗിക്കുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 30, 2020 7:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Congress Local Body Elections 2020| പാലായിൽ ജോസിനെതിരേ എൻ.സി.പി ഗോളടിക്കുമോ? ഇടത് വിമതനെ പിന്തുണച്ച് യു.ഡി.എഫ്








