തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച സംഭവം; മന്ത്രി ആന്റണി രാജു പ്രതിയായ കേസിൽ വിചാരണ ഈ മാസം 4 ന് ആരംഭിക്കും

Last Updated:

നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അന്ന് മൂന്നു സാക്ഷികളെ വിസ്തരിക്കും

തിരുവനന്തപുരം: മന്ത്രി ആന്റണി രാജു പ്രതിയായ മൂന്നു പതിറ്റാണ്ട് പഴക്കമുള്ള തൊണ്ടി നശിപ്പിക്കൽ കേസിൽ ഈ മാസം നാലിന് വിചാരണ തുടങ്ങും. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അന്ന് മൂന്നു സാക്ഷികളെ വിസ്തരിക്കും. കേസിൽ ആകെ 29 സാക്ഷികളാണുള്ളത്. സിആർപിസി 308 അനുസരിച്ച് കേസില്‍ ദിവസേന വിചാരണ നടക്കും.
ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവറ്റോർ സാർവലി പ്രതിയായ ലഹരിമരുന്നു കേസിലെ പ്രധാന തൊണ്ടിയായ ജട്ടി കോടതിയിൽ നിന്ന് കൊണ്ടുപോയി വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. അടിവസ്ത്രത്രം വെട്ടി തയ്ച്ച് കൃത്രിമം കാട്ടിയതായി ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചതോടെയാണ് ആൻഡ്രൂ സാൽവറ്റോർ സാർവലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ ക്ലാർക്ക് ജോസിനുമെതിരെ കേസെടുത്തത്. 2014ലാണ് ആന്റണി രാജുവിനെതിരായ കേസ് മജിസ്ട്രേറ്റ് കോടതിയ്ക്കു മുന്നിലെത്തുന്നത്. എന്നാൽ, വിചാരണ അകാരണമായി നീണ്ടു.
advertisement
സിആർപിസി 273 അനുസരിച്ച് പ്രതിയായ ആന്റണി രാജുവിന്റെ സാന്നിധ്യത്തിലായിരിക്കണം വിചാരണ. സിആർപിസി 205, 317 അനുസരിച്ച് മതിയായ കാരണം പ്രതിക്കു ബോധ്യപ്പെടുത്താനായാൽ നേരിട്ട് ഹാജരാകുന്നതിൽനിന്നു കോടതിക്ക് ഇളവു നൽകാം. സ്ഥിരമായി ഇളവു നൽകുന്നത് കോടതിയുടെ വിവേചനാധികാരമാണ്. ഇതിനായി കോടതിയിൽ അപേക്ഷ നൽകി വാദം പൂർത്തിയാക്കി കോടതിയെടുക്കുന്ന തീരുമാനം നിർണായകമാണ്. എന്നാൽ കേസിന്റെ വിചാരണ നീണ്ടുപോയതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിയോട് വിശദീകരണം തേടിയിരുന്നു. സിആർപിസി 479 അനുസരിച്ച് ഹൈക്കോടതിക്ക് മജിസ്ട്രേറ്റ് കോടതിയുടെമേൽ നിരീക്ഷണാധികാരമുണ്ട് .
advertisement
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹഷീഷുമായി ആൻഡ്രൂ സാൽവറ്റോർ സാർവലിയെ 1990 ഏപ്രിൽ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റു ചെയ്തത്. അക്കാലത്ത് കേരളാ കോൺഗ്രസിന്റെ പ്രാദേശിക നേതാവും തിരുവനന്തപുരം ബാറിൽ ജൂനിയർ അഭിഭാഷകനുമായിരുന്നു ആന്റണി രാജു. അദ്ദേഹത്തിന്റെ സീനിയറാണ് ഈ കേസിൽ വക്കാലത്ത് എടുത്തത്. സെഷൻസ് കോടതിയിൽ കേസ് തോറ്റെങ്കിലും കേസിലെ പ്രധാന തൊണ്ടിമുതലായ ജട്ടി പ്രതിക്ക് ധരിക്കാൻ കഴിയുന്നതായിരുന്നില്ല.
advertisement
അതിനാൽ അത് പ്രതിയുടേത് അല്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി വെറുതേ വിട്ടു. എന്നാൽ കേസിൽ കൃത്രിമം ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ പരാതി നൽകിയതിനെ തുടർന്ന് കോടതി അന്വേഷണത്തിനു നിർദേശം നൽകി. കോടതിയിൽനിന്നു തൊണ്ടിമുതലായ വിദേശ പൗരന്റെ ജട്ടി വാങ്ങിയതും മടക്കി നൽകിയതും ആന്റണി രാജുവാണ്. ഇത് സംബന്ധിച്ച കോടതി രേഖകൾ തെളിവുകളായി ഉണ്ട്.
advertisement
2006ൽ കോടതിയിൽ കുറ്റപത്രം നല്‍കിയ കേസ് 2014ൽ നെടുമങ്ങാട് കോടതിക്കു കൈമാറി. തെളിവുകളെല്ലാം യുഡിഎഫ് സർക്കാർ ശേഖരിച്ചിട്ടും കേസ് എടുക്കാൻ കഴിയില്ലെന്ന നിഗമനത്തിലാണു കോടതി എത്തിയതെന്നാണ് ആന്റണി രാജു നിയമസഭയിൽ പറഞ്ഞത്. തിരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫ് സർക്കാർ എടുത്ത കള്ളക്കേസാണിതെന്നായിരുന്നു ആന്റണി രാജുവിന്റെ അവകാശവാദം.
ഈ ആരോപണം ശക്തമായതിനെ തുടർന്ന് 2006 ൽ തിരുവനന്തപുരം വെസ്റ്റ് നിയോജക മണ്ഡലത്തിൽ രാജുവിന് അവസാന നിമിഷം ഇടതുമുന്നണി സ്ഥാനാർത്ഥിത്വം നിഷേധിച്ചിരുന്നു. തുടർന്ന് മത്സരിച്ച വി സുരേന്ദ്രൻ പിള്ള വിജയിക്കുകയും മന്ത്രിയാവുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച സംഭവം; മന്ത്രി ആന്റണി രാജു പ്രതിയായ കേസിൽ വിചാരണ ഈ മാസം 4 ന് ആരംഭിക്കും
Next Article
advertisement
'മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിന് ലാല്‍സലാം എന്ന പേര് നൽകിയത് അതിബുദ്ധി'; ജയൻ ചേർത്തല
'മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിന് ലാല്‍സലാം എന്ന പേര് നൽകിയത് അതിബുദ്ധി'; ജയൻ ചേർത്തല
  • മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിന് 'ലാല്‍സലാം' എന്ന് പേര് നല്‍കിയതിനെ വിമര്‍ശിച്ച് ജയന്‍ ചേർത്തല.

  • 2014-ല്‍ ബിജെപി അധികാരത്തില്‍ വന്നതോടെ ഇന്ത്യയില്‍ സാംസ്‌കാരിക കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വന്നു.

  • കേരളത്തിലെ ഇടതുപക്ഷ പരിപാടികളില്‍ സിനിമാ നടന്മാരുടെ സാന്നിധ്യം കൂടുതലാണെന്ന് ജയന്‍ ചേർത്തല.

View All
advertisement