തിരുവനന്തപുരം: ലഹരിക്കടത്ത് കേസ് പ്രതിയെ രക്ഷപെടുത്തിയ കേസിൽ ആന്റണി രാജുവിനെ വെട്ടിലാക്കിയത് തൊണ്ടിമുതലായ അടിവസ്ത്രത്തിന്റെ ഫോറൻസിക് പരിശോധനാഫലം. നൂലിന്റെ പഴക്കവും തുന്നലിന്റെ സ്വഭാവവുമെല്ലാം പരിശോധിച്ചായിരുന്നു റിപ്പോർട്ട് തയ്യാറാക്കിയത്. 1996 ലാണ് തിരുവനന്തപുരം ഫോറൻസിക് ലാബ് റിപ്പോർട്ട് നൽകുന്നത്. പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ വെട്ടിത്തയ്ച്ച് ചെറുതാക്കി എന്ന് വ്യക്തമാക്കുന്നതായിരുന്നു റിപ്പോർട്ട്. ഫോറൻസിക് വിദഗ്ധൻ പി വിഷ്ണു പോറ്റിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
അടിവസ്ത്രത്തിന്റെ രണ്ട് വശങ്ങളിലേയും കാലുകളുടെ ഭാഗമാണ് ചെറുതാക്കിയത്. രണ്ട് വശത്തേയും അടിഭാഗത്തെ തുന്നലുകളും മറ്റ് ഭാഗത്തെ തുന്നലുകളും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു.
നൂലിന്റെ നിറങ്ങളും പഴക്കവും വരെ പരിശോധനയ്ക്ക് വിധേയമായി. അടിവസ്ത്രത്തിൽ അസ്വാഭാവികമായി കണ്ട തുന്നലുകളെല്ലാം പുതിയതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, നൂലുകളുടെ നിറങ്ങളുടെ വ്യത്യാസവും അടിവസ്ത്രം വെട്ടിത്തയ്ച്ചു എന്നതിന് തെളിവാണ്.
Also Read-
മയക്കുമരുന്ന് കേസിൽ തിരുവനന്തപുരം കോടതിയിൽ അണ്ടർവെയർ മാറ്റിയെന്ന് ഇന്‍റര്‍പോളിന്‍റെ കത്ത്

അണ്ടർവെയറിന്റെ അടിഭാഗത്തെ തുന്നൽ സാധാരണഗതിയിൽ പുറത്തേക്ക് കാണില്ല. എന്നാൽ തൊണ്ടിമുതലിൽ അടിഭാഗത്തെ നൂലുകൾ പുറത്തേക്ക് കാണുന്നു. ഇതും വെട്ടിത്തയച്ചതിന്റെ സൂചനയാണ്.
Also Read-
ഓസ്ട്രേലിയക്കാരന്റെ ജട്ടി തിരുവനന്തപുരം കോടതിയിലെങ്ങനെ വന്നു?
കഴിഞ്ഞ ദിവസം കേസിൽ നിർണായകമായ ഇന്റർപോളിന്റെ കത്ത് പുറത്തു വന്നിരുന്നു. കേസിൽ അഭിഭാഷനായിരുന്ന ഇന്നത്തെ ഗതാഗത മന്ത്രി ആന്റണി രാജുവും തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ തൊണ്ടി ക്ലർക്കായിരുന്ന കെ എസ് ജോസും ചേര്‍ന്ന് തൊണ്ടിമുതലായ പ്രതിയുടെ അടിവസ്ത്രം മാറ്റിയെന്ന കേസിലെ സുപ്രധാന തെളിവാണ് ഇന്‍റര്‍പോളിന്‍റെ കത്ത്.
ഓസ്ട്രേലിയൻ പൊലീസ് ഇൻ്റർപോൾ മുഖേന അയച്ച കത്ത് 1996 ജനുവരിയിലാണ് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് കിട്ടുന്നത്. ഓസ്ട്രേലിയൻ പൊലീസ് ഹോമിസൈഡ് സ്ക്വാഡിലെ ഡിറ്റക്ടീവ് സീനിയർ കോൺസ്റ്റബിൾമാരായ ഗ്രീൻ, വൂൾഫ് എന്നിവർ 1996 ജനുവരി 25നാണ് ഈ മൊഴി രേഖപ്പെടുത്തിയതെന്നും ഇൻ്റർപോൾ കത്തിൽ വിശദീകരിക്കുന്നുണ്ട്. ഇൻ്റർപോൾ ക്യാൻബെറ ഓഫീസിൽ നിന്ന് ഡൽഹി വഴിയാണ് കത്ത് തിരുവനന്തപുരത്തേക്ക് എത്തുന്നത്. ആൻ്റണി രാജുവിൻ്റെ പേര് കത്തിൽ പറയുന്നില്ല. എന്നാൽ ക്ലർക്കിനെ സംബന്ധിച്ച പരാമർശവും, തൊണ്ടി റജിസ്റ്ററിലെ ആൻ്റണി രാജുവിൻ്റെ ഒപ്പും ചേർത്തുവച്ചാണ് ആന്‍റണി രാജുവിനെയും ക്ലാർക്ക് ജോസിനെയും 2006ൽ അസി. കമ്മിഷണർ വക്കം പ്രഭയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കേസില്‍ പ്രതി ചേര്‍ത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.