• HOME
 • »
 • NEWS
 • »
 • kerala
 • »
 • Agnipath | അഗ്നിപഥിനെതിരായ പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് കേന്ദ്രമന്ത്രി വി.കെ. സിംഗ്

Agnipath | അഗ്നിപഥിനെതിരായ പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് കേന്ദ്രമന്ത്രി വി.കെ. സിംഗ്

ചൈനയ്ക്കും പാക്കിസ്ഥാനുമെതിരായ യുദ്ധങ്ങളിൽ യുവാക്കളാണ് പോരാടിയത്. അന്ന് ആറ് മാസത്തെ പരിശീലനം നേടിയവരെയാണ് യുദ്ധത്തിനിറക്കിയത് എന്ന് കേന്ദ്രമന്ത്രി

 • Share this:
  കൊച്ചി: അഗ്നിപഥിനെതിരായി (Agnipath) രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് കേന്ദ്രമന്ത്രി വി.കെ. സിംഗ്. ചൈനയ്ക്കും പാക്കിസ്ഥാനുമെതിരായ യുദ്ധങ്ങളിൽ യുവാക്കളാണ് പോരാടിയത്. അന്ന് ആറ് മാസത്തെ പരിശീലനം നേടിയവരെയാണ് യുദ്ധത്തിനിറക്കിയത്. ഈ യുദ്ധത്തിന് ശേഷം ഇവർ സേനയിൽ നിന്ന് പിരിഞ്ഞു പോയിരുന്നു. അന്നുണ്ടാകാത്ത പ്രതിഷേധമാണ് ഇപ്പോൾ രാജ്യത്ത് ഉണ്ടായി കൊണ്ടിരിക്കുന്നത്. അധികാരത്തിലിരുന്നപ്പോൾ ഒന്നും ചെയ്യാത്തവർ പരിഷ്കരണത്തെ എതിർക്കുന്നുവെന്നും വി.കെ. സിംഗ് കൊച്ചിയിൽ പറഞ്ഞു.

  അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ കേന്ദ്രമന്ത്രി ജനറൽ വി.കെ. സിങിന്റെ നേതൃത്വത്തിൽ മാസ്സ് യോഗ പ്രദർശനം നടത്തി. പുലർച്ചെ അഞ്ചു മുതൽ ആരംഭിച്ച യോഗ പ്രദർശനം 8.30 വരെ നീണ്ടുനിന്നു. കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ഞൂറോളം പേർ പ്രദർശനത്തിൽ പങ്കാളികളായി. യോഗ ഗുരു ഡോ. ജയ്ദേവ് യോഗ പ്രദർശനം നയിച്ചു.

  അന്താരാഷ്ട്ര യോഗാ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പാത വികസന അതോറിറ്റിയാണ് മാസ് യോഗ പ്രദർശനം കൊച്ചിയിൽ സംഘടിപ്പിച്ചത്. പ്രദർശനത്തിന് മുന്നോടിയായി കൊച്ചിയിലെ ദിനാഘോഷം വി.കെ. സിങ് ഉദ്ഘാടനം ചെയ്തു.

  യോഗ മനുഷ്യനെ അന്തരികമായും ശാരീരികമായും സൗന്ദര്യമുള്ളവരാക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് എങ്കിലും യോഗ ചെയ്യുന്നവർക്ക് പ്രകടമായ മാറ്റം ഉണ്ടാകും. യോഗ രാജ്യത്തിന്റെ സംസ്‍കാരിക പാരമ്പര്യത്തിന്റെ ഭാഗമാണെന്നും നൂറ്റാണ്ടുകളായി ഈ സംസ്കാരം ഇവിടെ തുടർന്ന് പോകുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

  മൂന്നു ഭാഗങ്ങളായാണ് യോഗ പ്രവർത്തിക്കുന്നത്. വിവിധ ആസനങ്ങളിലൂടെ യോഗ ശരീരത്തെ ഒരുക്കുന്നു. ഈ ആസനങ്ങൾ ശരീരത്തിന് താളം നൽകുന്നു. പ്രാണായാമം ശീലമാക്കുന്നത് വഴി ആന്തരിക അവയവങ്ങൾക്ക് കൂടുതൽ ഓക്സിജൻ ലഭിക്കുകയും ആന്തരിക പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാവുകയും ചെയ്യുന്നു. മൂന്നാമത്തെ ഭാഗമാണ് ധ്യാനം. ധ്യാനം ആന്തരിക ഊർജത്തെ കൂടുതൽ പ്രകാശിപ്പിക്കുന്നു. യോഗ ശരീര സൗഖ്യത്തെയും അന്തരിക ഊർജത്തെയും സമാധാനത്തെയും സന്തോഷത്തെയും പ്രധാനം ചെയ്യുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

  ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൊച്ചി, തിരുവനനന്തപുരം ഉൾപ്പെടെ രാജ്യത്തിന്റെ 75 നഗരങ്ങളിലാണ് യോഗ ദിനം വിപുലമായി ആഘോഷിച്ചത്. ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസൂരിൽ നിന്ന് ലോകത്തെ അഭിസംബോധന ചെയ്തു. ലോക ജനതയ്ക്ക് വേണ്ടിയുള്ളതാണ് യോഗയെന്നും  യോഗയി ലൂടെ വ്യക്തികൾക്കും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും സമാധാനം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

  യോഗ  മാനവസമൂഹത്തിന് (Yoga for Humanity) എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ സന്ദേശം. 75 രാജ്യങ്ങളിൽ യോഗ പ്രദർശനത്തിന്റെ ലൈവ് കവറേജ് ഉണ്ടായിരുന്നു.

  കൊച്ചിയിൽ നടന്ന യോഗാ ദിനാഘോഷത്തിലും പ്രദർശനത്തിലും ദേശീയ പാത അതോറിട്ടി അഡീഷണൽ സെക്രട്ടറി അമിത് ഘോഷ്, ജില്ലാ കളക്ടർ ജാഫർ മാലിക്, എൻഎച്ച്എ കേരള റിജിയണൽ ഓഫീസർ ബി എൽ ബീന, സതേൺ നേവൽ കമാൻഡ് ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർ സി ആരതി, മോർത്ത് എസ് ഇ നരേന്ദ ശർമ, ഡിഫൻസ് അക്കൗണ്ട്സ് അസി കൺട്രോളർ എസ് പ്രേംകുമാർ, പോർട്ട് ട്രസ്റ്റ് സിവി ഒ. രാജേന്ദ്രൻ, മോർത്ത് കേരള ആർ ഒ എസ്.കെ. റസാഖ്, സബ് കളക്ടർ പി. വിഷ്ണുരാജ്, യോഗ ഗുരു ഡോ ജയ്ദേവ്, പഞ്ചകർമ നാഷണൽ ആയുർവേദിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഡി. സുധാകർ തുടങ്ങിയവർ പങ്കെടുത്തു.
  Published by:user_57
  First published: