'തമ്മിൽ കണ്ടാൽ മിണ്ടാതിരിക്കാൻ ഗവർണറും മുഖ്യമന്ത്രിയും എൽ.കെ.ജി കുട്ടികളാണോ'? വി.ഡി. സതീശൻ
- Published by:Sarika KP
- news18-malayalam
Last Updated:
ഗവർണർക്കും സർക്കാരിനും ഒപ്പം കൂടാൻ കൊള്ളില്ലെന്ന പ്രതിപക്ഷ നിലപാട് ശരിയെന്ന് തെളിഞ്ഞുവെന്ന് വി.ഡി സതീശൻ പറഞ്ഞു
കൊച്ചി: ഗവർണറെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗവർണറും സർക്കാരും തമ്മിലുള്ള നാടകം കണ്ട് ജനങ്ങൾ ചിരിക്കുന്നുവെന്നും കേന്ദ്ര ഏജൻസികളെ ഭയന്ന് ജീവിക്കുന്ന മുഖ്യമന്ത്രി ഗവർണർക്കെതിരെ മിണ്ടില്ലെന്നും സതീശൻ പറഞ്ഞു. തമ്മിൽ കണ്ടാൽ മിണ്ടാതിരിക്കാൻ ഗവർണറും മുഖ്യമന്ത്രിയും എൽ.കെ.ജി. കുട്ടികളാണോയെന്നും എറണാകുളം ഡിസിസിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് പരിഹസിച്ചു.
'മുഖ്യമന്ത്രിക്കെതിരെ ഒരു പ്രതിഷേധവും പാടില്ല. ഗവർണർക്കെതിരെ സ്വന്തം ആളുകളെ ഇളക്കിവിടുന്നു. ഗവർണർക്ക് സുരക്ഷ കൊടുക്കേണ്ട സർക്കാർ തന്നെ ഗവർണറെ വഴിയിൽ തടയാൻ വഴിയൊരുക്കുന്നു. ഇത് നാടകം അല്ലാതെ മറ്റെന്താണ്? ഇതാണോ കേന്ദ്ര വിരുദ്ധ സമരം? കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രിക്ക് ഭയമാണ്' - വി ഡി സതീശൻ പറഞ്ഞു .
advertisement
ഗവർണർ നിയമസഭയെ അവഹേളിച്ചിട്ട് മുഖ്യമന്ത്രി ഒരക്ഷരം പറഞ്ഞില്ല. റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഗവർണർ സർക്കാരിനെ കടന്നാക്രമിച്ചിട്ടും മുഖ്യമന്ത്രി ഒരക്ഷരം പറഞ്ഞില്ല. കേന്ദ്ര സർക്കാരിനും ഗവർണർക്കും എതിരെ സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. കേന്ദ്ര ഏജൻസികളെ ഭയന്ന് ജീവിക്കുന്ന മുഖ്യമന്ത്രി, നാട്ടുകാരെ കബളിപ്പിക്കാനാണ് എസ്.എഫ്.ഐ കുട്ടികളെ കൊണ്ട് സമരം ചെയ്യിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
കേരളത്തിലെ പ്രതിപക്ഷം ഒരു കാലത്തും ഗവർണറുടെ പിറകെ പോയിട്ടില്ലെന്നും സർക്കാരും ഗവർണറും ചേർന്നുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെ എതിർക്കുകയാണ് പ്രതിപക്ഷം ചെയ്തതെന്നും സതീശൻ കൂട്ടിച്ചേർത്തു. ഇപ്പോൾ ഇവർ ചെയ്യുന്നത് കണ്ട് ജനങ്ങൾ ചിരിക്കുകയാണ്. രണ്ട് പേരും തമ്മിൽ കണ്ടാൽ മിണ്ടില്ല. ഒരാൾ തിരിഞ്ഞു നിൽക്കും. ഇതൊക്കെ ആരെ കാണിക്കാനാണ്. ഇവർ എൽ.പി സ്കൂൾ കുട്ടികളാണോ? ഇതല്ല രാഷ്ട്രീയം. ഉള്ളത് തുറന്നു പറയുകയാണ് രാഷ്ട്രീയം. കേരളത്തിലെ പ്രതിപക്ഷം എടുത്ത നിലപാട് ശരിയാണെന്ന് അടിവരയിടുന്ന കാര്യങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷം ഗവർണറുടെ കൂടെ കൂടാത്തതിൽ കുറെ പേർക്ക് വിഷമം ആയിരുന്നു. കുറെ പേർക്ക് പ്രതിപക്ഷം സർക്കാരിനൊപ്പം നിൽക്കുന്നതിലും വിഷമം ആയിരുന്നു. രണ്ട് കൂട്ടരുടേയും കൂടെ കൂടാൻ കൊള്ളില്ലെന്ന പ്രതിപക്ഷ നിലപാട് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമാകുന്ന സമയമാണിതെന്നും പ്രതിപക്ഷ നേതാവ്. പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
January 27, 2024 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തമ്മിൽ കണ്ടാൽ മിണ്ടാതിരിക്കാൻ ഗവർണറും മുഖ്യമന്ത്രിയും എൽ.കെ.ജി കുട്ടികളാണോ'? വി.ഡി. സതീശൻ