പലസ്തീനെ കാണുന്നവർ മുനമ്പത്തെ ജനതയെ കാണുന്നില്ല: വി.മുരളീധരൻ
- Published by:ASHLI
- news18-malayalam
Last Updated:
കേരളത്തിലെ മുഖ്യമന്ത്രി കാട്ടുകള്ളനെന്ന് ജനം പറയും മുൻപ് പിണറായി വിജയൻ രാജിവെച്ചൊഴിയണമെന്നും വി മുരളീധരൻ
തിരുവനന്തപുരം: മധുരയിൽ പാർട്ടികോൺഗ്രസ് വേദിയിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ മുനമ്പത്ത് കുടിയിറക്കഭീഷണി നേരിടുന്നവരെ കണ്ടില്ലെന്ന് വി.മുരളീധരൻ. വോട്ടുബാങ്ക് ഉന്നംവെച്ച് ജനതാത്പര്യത്തെ ബലി കഴിപ്പിക്കുകയാണ് സിപിഎം. മുനമ്പത്തെ ജനങ്ങളുടെ പ്രശ്നം കേരളത്തിലെ ഇൻഡി സഖ്യത്തിന്‍റെ ജനപ്രതിനിധികളായവരുടെ ആരുടേയും കാതിൽ പതിഞ്ഞില്ല. കെസിബിസിയും സിബിസിഐയും മുന്നോട്ടുവച്ച ആവശ്യങ്ങളോട് എൽഡിഎഫും യുഡിഎഫും മുഖംതിരിച്ചുവെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. അധികാര ആർത്തികാരണമുള്ള പ്രീണനരാഷ്ട്രീയം ജനം തിരിച്ചറിയുമെന്നും അധികകാലം ഇൻഡിസഖ്യത്തിന് ജനത്തെ പറ്റിക്കാനാകില്ലെന്നും മുൻകേന്ദ്രമന്ത്രി പ്രതികരിച്ചു.
എം.എ.ബേബി പറയുംപോലെ പലസ്തീനോട് നരേന്ദ്രമോദി സർക്കാർ ഒരു അവഗണനയും കാട്ടിയിട്ടില്ല. 2024 സെപ്റ്റംബര്‍ 22-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയത് സിപിഎമ്മുകാർക്ക് അറിയല്ലേ എന്നും അദ്ദേഹം ചോദിച്ചു. പലസ്തീന് വിദ്യാഭ്യാസം, ആരോഗ്യം പോലുള്ള മേഖലകളിൽ ഇന്ത്യ നൽകുന്ന സഹായം ദേശാഭിമാനിയും കൈരളിയും പ്രക്ഷേപണം ചെയ്യുന്നില്ലെന്ന് കരുതി രാജ്യം സഹായം നൽകില്ലെന്ന് വരുത്തിതീർക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രി കാട്ടുകള്ളനെന്ന് ജനം പറയും മുൻപ് പിണറായി വിജയൻ രാജിവെച്ചൊഴിയണമെന്നും മധുരയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന ആർക്കെങ്കിലും നട്ടെല്ല് അവശേഷിക്കുന്നുണ്ടെങ്കിൽ പിണറായിയോട് രാജി വയ്ക്കാൻ ആവശ്യപ്പെടണമെന്നും മുൻകേന്ദ്രമന്ത്രി പറഞ്ഞു. മകൾ ജയിലിലേക്ക് പോകുമ്പോഴും അച്ഛൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത് ശരിയാണോ എന്ന് ആ പാർട്ടി ചിന്തിക്കണം. രാഷ്ട്രീയ ആക്രമണമാണ് ,ഗൂഢാലോചനയാണ് എന്നെല്ലാം പിണറായിയെ ട്രോളാനാണ് എ.കെ ബാലൻ പറയുന്നതെന്നും വി.മുരളീധരൻ പരിഹസിച്ചു.
advertisement
മാസപ്പടിയെന്ന പേരിൽ കോടികൾ വാങ്ങിയത് എന്ത് സേവനത്തിനെന്ന് വിശദീകരിക്കാൻ കൈകൾ ശുദ്ധമെന്ന് പറയുന്ന പിണറായി ഇതുവരെ സാധിച്ചിട്ടില്ലെന്നും വി.മുരളീധരൻ പറഞ്ഞു. എമ്പുരാന്‍റെ പേരിലല്ല, സിനിമയുടെ അണിയറക്കാർക്കെതിരെ ഇ.ഡിയുടെ നടപടിയുണ്ടാകുന്നതെന്നും നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപിക്കെതിരെ ദേശാഭിമാനിയും കൈരളിയും നടത്തുന്ന പ്രചാരണവേലക്ക് മറ്റ് മാധ്യമങ്ങൾ കൂട്ട് നിൽക്കരുതെന്നും വി.മുരളീധരൻ പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 05, 2025 2:55 PM IST