Covid 19| വാക്സിൻ വിതരണം; സംസ്ഥാന തലത്തിൽ മാർഗനിർദേശം വേണമെന്ന് കെജിഎംഒഎ
- Published by:Jayashankar AV
- news18-malayalam
Last Updated:
വാക്‌സിനേഷനില്‍ ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സംസ്ഥാന തലത്തില്‍ വാക്‌സിന്‍ വിതരണത്തിന് ശാസ്ത്രീയ മാര്‍ഗരേഖ പുറത്തിറക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തിയത്. വാക്‌സിനേഷനില്‍ ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. ആലപ്പുഴിയിലും കൊല്ലത്തും കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കം ഡോക്ടര്‍മാരെ അക്രമിക്കുന്നതിലേക്ക് എത്തിയിരുന്നു.
ജനപ്രതിനിധികളുടെ അടക്കം ഭാഗത്ത് നിന്ന് അനാവശ്യ ഇടപെടലുകള്‍ ഉണ്ടാകുന്നു. വാക്‌സിന്‍ വിതരണത്തിന്റെ പേരില്‍ ഡോക്ടര്‍മാര്‍ക്കെതിരെ അനാവശ്യ സമ്മര്‍ദ്ദവും ആരോപണം ഉണ്ടാകുന്നു. ഇത് ഒഴിവാക്കാന്‍ ഇടപെടണമെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അവശ്യപ്പെട്ടു. കോവിഡിന്റെ രണ്ടാം തരംഗമിനിയുമടങ്ങാത്ത സാഹചര്യത്തില്‍, മൂന്നാം തരംഗത്തെ നേരിടുന്നതിന്, ശാസ്ത്രീയമായി, കൃത്യമായ ആസൂത്രണത്തോടെ ജനങ്ങളെ കോവിഡിനെതിരായി വാക്‌സിനേറ്റ് ചെയ്യുക എന്നതാണ് ഭരണകൂടത്തിന് മുന്‍പിലുള്ള പോംവഴിയെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
വോട്ടേഴ്‌സ് ലിസ്റ്റിനെയോ, വാര്‍ഡ് തലത്തിലുള്ള കണക്കുകളുടെ അടിസ്ഥാനത്തിലോ ഇത് സുതാര്യമായും, ശാസത്രീയമായും ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജൂണ്‍ മാസം തന്നെ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പരിഗണിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. വാക്‌സിന്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് പറയാനുള്ളത് എന്ന തലക്കെട്ടോടെയാണ് വാര്‍ത്തകുറിപ്പ് തുടങ്ങുന്നത്.
advertisement
വാര്‍ത്താകുറിപ്പിന്റെ പൂര്‍ണ രൂപം
കേരളം കോവിഡ് മഹാമാരിക്കെതിരെ പൊരുതി കൊണ്ടിരിക്കുകയാണ്. ഈ പോരാട്ടത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി, കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അവിശ്രമം മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയാണ്.കോവിഡ് രോഗികളെ കണ്ടെത്തുന്നതിനും, ചികിത്സിക്കുന്നതിനൊപ്പം തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വാക്‌സിനേഷനും ഈ ആരോഗ്യ പ്രവര്‍ത്തകര്‍ വളരെ പരിശ്രമം ചെയ്യുന്നുണ്ട് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. മനുഷ്യവിഭവശേഷിയുടെയും, സൗകര്യങ്ങളുടെയും പരിമിതികള്‍ക്കുള്ളില്‍ നിന്നാണെങ്കിലും, ഉത്തരവാദിത്വത്തോടെ സ്വന്തം ആരോഗ്യത്തെയും കുടുംബത്തെയും മറന്ന് അവരതില്‍ പൂര്‍ണ്ണമായി വ്യാപൃതരാണ്.
കോവിഡിന്റെ രണ്ടാം തരംഗമിനിയുമടങ്ങാത്ത സാഹചര്യത്തില്‍, മൂന്നാം തരംഗത്തെ നേരിടുന്നതിന്, ശാസ്ത്രീയമായി, കൃത്യമായ ആസൂത്രണത്തോടെ ജനങ്ങളെ കോവിഡിനെതിരായി വാക്‌സിനേറ്റ് ചെയ്യുക എന്നതാണ് ഭരണകൂടത്തിന് മുന്‍പിലുള്ള പോംവഴി.
advertisement
നമ്മുടെ പോലെ ജനസംഖ്യയുള്ള ഒരു രാജ്യത്ത്,വാക്‌സിനുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാവര്‍ക്കും നല്‍കുന്നതിന് നിരവധി പരിമിതികളുണ്ട്.സര്‍ക്കാര്‍ ലഭ്യമാക്കുന്ന വാക്‌സിനുകള്‍, കക്ഷി രാഷട്രീയ വ്യക്തി താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചല്ലാതെ,ശാസ്ത്രീയമായ മുന്‍ഗണനാ ക്രമം നിശ്ചയിച്ച് നല്‍കുകയെന്നതാണ് സര്‍ക്കാര്‍ ജീവനക്കാരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചെയ്യുവാനുള്ളത്. ഇത്തരം മുന്‍ഗണനാ ക്രമം നിര്‍വഹിക്കുന്നതില്‍, ആരോഗ്യ വകുപ്പിനെ സഹായിക്കേണ്ട ഉത്തരവാദിത്വം തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും, വാര്‍ഡ്തല സമിതികള്‍ക്കുമുണ്ട്.
വോട്ടേഴ്‌സ് ലിസ്റ്റിനെയോ, വാര്‍ഡ് തലത്തിലുള്ള കണക്കുകളുടെ അടിസ്ഥാനത്തിലോ ഇത് സുതാര്യമായും, ശാസത്രീയമായും ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജൂണ്‍ മാസം തന്നെ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതാകുന്നു.
advertisement
എന്നാല്‍ വാക്‌സിന്‍ വിതരണത്തില്‍ തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങള്‍ക്കായി സമ്മര്‍ദ്ദങ്ങളും ആരോപണങ്ങളും മെഡിക്കല്‍ ഓഫീസര്‍മാര്‍ നേരിടേണ്ടി വരുന്നു. പല സ്ഥലങ്ങളിലും ഡോക്ടര്‍മാരും മറ്റാരോഗ്യ പ്രവര്‍ത്തകരും കയ്യേറ്റം ചെയ്യപ്പെടുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമടക്കം ഇത്തരം അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു എന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ആലപ്പുഴയിലും കൊല്ലത്തുമെല്ലാം ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളത് കെ.ജി.എം.ഒ.എ ഗൗരവത്തോടെ കാണുന്നു.
ഈ സാഹചര്യത്തില്‍ സുരക്ഷിതമായും ഭയരഹിതമായും പ്രവര്‍ത്തിക്കാനുള്ള സാഹചര്യവും, വാക്‌സിന്‍ വിതരണത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കി ശാസ്ത്രീയമായ ആസൂത്രണത്തോടെ, സുതാര്യമായി നല്‍കുന്നതിനുള്ള വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം അടിയന്തരമായി സംസ്ഥാന തലത്തില്‍ പുറപ്പെടുവിക്കണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെടുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
advertisement
പൊതുജനങ്ങള്‍ക്ക് പരമാവധി സേവനം ലഭ്യമാക്കുവാനാണ് കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങള്‍ക്കും അതിക്രമവും ആക്ഷേപവും നേരിടേണ്ടി വരുന്നത്, അവരെ മാനസികമായി വളരെ നിരാശപ്പെടുത്തുന്നുണ്ട്.കോവിഡിനെതിരായ പോരാട്ടം വിജയിക്കണമെങ്കില്‍ ഈ മുന്‍ നിര പോരാളികള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പൂര്‍ണ്ണ പിന്തുണയും സഹകരണവും ആവശ്യമാണ്. ഇതിന് വിഘാതം നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് പൊതുസമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു.
ആരോഗ്യമേഖലയില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യത്തിനു വേണ്ടി പ്രതിഷേധിക്കേണ്ടി വരുന്നത് സാക്ഷര കേരളത്തിന് ലജ്ജാകരമാണ്. അതിന്ഇടവരാതിരിക്കട്ടെ.
കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ ജി.എം.ഒ.എ.)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 27, 2021 9:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Covid 19| വാക്സിൻ വിതരണം; സംസ്ഥാന തലത്തിൽ മാർഗനിർദേശം വേണമെന്ന് കെജിഎംഒഎ