'പരാതിക്കാരി മകളെ പോലെ; മുഖംനോക്കാതെ നടപടിയെടുക്കും': വി ഡി സതീശൻ
- Published by:Rajesh V
- news18-malayalam
Last Updated:
'ഒരു മെസേജ് അയച്ചതുമായി ബന്ധപ്പെട്ട പരാതിയാണ് മുന്നിലെത്തിയത്. അപ്പോൾ ഒരു അച്ഛൻ ചെയ്യേണ്ടത് എന്താണോ, അതുചെയ്തു'
തിരുവനന്തപുരം: യുവനേതാവിനെതിരായ ആരോപണത്തിൽ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോപണം ഉന്നയിച്ച പെൺകുട്ടി മകളെ പോലെയാണ്. ആ കുട്ടിയെ വിവാദകേന്ദ്രമാക്കാൻ ആഗ്രഹിക്കുന്നില്ല. ഒരു മെസേജ് അയച്ചതുമായി ബന്ധപ്പെട്ട പരാതിയാണ് മുന്നിലെത്തിയത്. അപ്പോൾ ഒരു അച്ഛൻ ചെയ്യേണ്ടത് എന്താണോ, അതുചെയ്തു. വ്യക്തിപരമായി ആരും പരാതി പറഞ്ഞിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
പരാതി ഗൗരവമുള്ളതാണ്. അതിന്റേതായ ഗൗരവത്തില്‍ തന്നെയാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി ഉന്നയിച്ച പെണ്‍കുട്ടി തനിക്ക് മകളെപ്പോലെയാണെന്നും മെസേജ് അയച്ച വിഷയം തന്റെ മുന്നിലെത്തിയിരുന്നുവെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ ഒരു പിതാവിനെ പോലെ താന്‍ മെസേജ് അയച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ ഇടപെടല്‍ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഉയര്‍ന്ന മറ്റു ആരോപണങ്ങളൊന്നും തനിക്ക് മുന്നില്‍ എത്തിയിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.
'പാര്‍ട്ടിക്കകത്തുള്ള ഏത് നേതാവിനെതിരെയും ഇതുപോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ വന്നാല്‍ പാര്‍ട്ടി അത് ഗൗരവമായി പരിശോധിക്കുകയും മുഖംനോക്കാതെ നടപടിയെടുക്കുകയും ചെയ്യും. ആരായാലും ഒരു വിട്ടുവീഴ്ചയും ചെയ്യില്ല.
advertisement
ആരോപണം ഉന്നയിച്ച കുട്ടിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. എന്റെ മകളെപ്പോലത്തെ കുട്ടിയാണ് അവര്‍. മെസേജ് അയച്ചത് മാത്രമല്ല, അല്ലാതെ ഉയര്‍ന്ന ആരോപണങ്ങളും പാര്‍ട്ടി കര്‍ശനമായി കൈകാര്യം ചെയ്യും. എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കും. അതിന് ഞാന്‍ തന്നെ മുന്‍കൈയെടുക്കും.
ഒരു തെറ്റായ മെസേജ് അയച്ചുവെന്ന് മകളെ പോലുള്ള ഒരു കുട്ടി വന്ന് പറഞ്ഞാല്‍, ഒരു പിതാവ് ചെയ്യുന്നത് പോലെ ഞാനും ചെയ്തിട്ടുണ്ട്. പക്ഷേ ഉയര്‍ന്നുവന്ന ആരോപണം പാര്‍ട്ടി ഗൗരവമായി പരിശോധിക്കും' സതീശന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
August 21, 2025 11:51 AM IST