ആലപ്പുഴ: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ നിരർത്ഥകത ചൂണ്ടിക്കാട്ടുന്നതിനിടയിൽ തമാശരൂപേണ പറഞ്ഞ കാര്യങ്ങൾ വക്രീകരിച്ച് തന്നെ തേജോവധം ചെയ്യാൻ ശ്രമം നടക്കുന്നതായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ (Vellappally Natesan). ദുബായിലേക്ക് പോകുന്നതിനിടയിൽ അവിടേക്ക് കടത്താൻ കരുതിവച്ചിരുന്ന പണമടങ്ങുന്ന ബാഗ് മറന്നുവച്ചുവെന്നും അത് പിന്നീട് രഹസ്യമായി കടത്തിയെന്നുമാണ് മുഖ്യമന്ത്രിക്കെതിരെ പ്രചരിപ്പിക്കുന്ന കെട്ടുകഥ. മുഖ്യമന്ത്രി ഇങ്ങനെ ചെയ്യുമെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. ഈ കെട്ടുകഥയിലെ അർത്ഥശൂന്യത ചൂണ്ടിക്കാട്ടാൻ ആലങ്കാരികമായി പറഞ്ഞ കാര്യങ്ങൾ ചിലർ തനിക്കെതിരെ ആയുധമാക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ ഫേസ്ബുക്കിൽ കുറിച്ചു.
താൻ വിദേശത്തേക്ക് പണം അയയ്ക്കുന്ന ഏജന്റായി പ്രവർത്തിക്കുന്നുവെന്നാണ് ചിലരുടെ വ്യാഖ്യാനം. അത്തരം പണികളൊന്നും താനിതുവരെ ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ആക്രമിക്കാൻ അവസരം കാത്തിരുന്നവർ തന്റെ വാക്കുകൾ തെറ്റായി പ്രചരിപ്പിക്കുകയാണ്. എന്നാൽ വിദേശത്തേക്ക് ചിലർ പണം കടത്തുന്നുണ്ട്. അത് എല്ലാവർക്കും അറിയാം. പെട്ടിയിൽ നോട്ട് നിറച്ച് ഒരു മണ്ടനും വിദേശത്തേക്ക് പോകില്ല. താൻ അത് തുറന്നു പറഞ്ഞന്നേയുള്ളൂ.- വെള്ളാപ്പള്ളി പറഞ്ഞു.
''ദേശീയതലത്തിൽ കോൺഗ്രസ് വഴിയാധാരമായിരിക്കുകയാണ്. പിടിച്ചുനിൽക്കാൻ ഒരു മാർഗവുമില്ല. കേന്ദ്രത്തിൽ ഒരു പ്രതിപക്ഷം പോലുമില്ലാത്ത അവസ്ഥയാണ്. കോൺഗ്രസിനെ നന്നാക്കാൻ കേരളത്തിൽ നിന്ന് ഒരാൾ അവിടെ ചെന്നതോടെ അധോഗതിയായി. അവിടെയും കലക്കി, ഇവിടെയും കലക്കി. പുള്ളി ചെന്നതോടെ പ്രമുഖ നേതാക്കളെല്ലാം പാർട്ടിവിട്ടു. അദ്ദേഹം എന്തുകൊണ്ടാണ് വീണ്ടും ആലപ്പുഴയിൽ മത്സരിക്കാതിരുന്നതെന്ന് എല്ലാവർക്കുമറിയാം. മത്സരിച്ചിരുന്നെങ്കിൽ കെട്ടിവച്ച കാശ് പോലും കിട്ടില്ലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പുള്ളി ഇവിടെ കുറേ സ്ഥാനാർത്ഥികളെ നിറുത്തി. അവരുടെ സ്ഥിതി എന്തായെന്നും എല്ലാവർക്കുമറിയാം. കേരളത്തിലെ കോൺഗ്രസിലും ലീഗിലും ഐക്യമില്ല. ന്യൂനപക്ഷം ഇടതുപക്ഷത്തേക്ക് ഒഴുകുകയാണ്. പിണറായി വീണ്ടും മുഖ്യമന്ത്രിയും മോദി വീണ്ടും പ്രധാനമന്ത്രിയുമാകും.''- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കേരളത്തിൽ എൻ.ഡി.എ സംവിധാനം പോസ്റ്ററിൽ മാത്രമാണ്. ഘടകകക്ഷികളെ കൂടെ നിറുത്താനോ അവർക്ക് കൊടുക്കാമെന്നു പറഞ്ഞത് കൊടുക്കാനോ ബി.ജെ.പി തയ്യാറാകുന്നില്ല. ഒറ്റയാൻ സമീപനമാണ്. ഇക്കാര്യത്തിൽ ഇടതുപക്ഷം മാതൃകയാണ്. ഈഴവൻ സ്ഥാനാർത്ഥിയായാൽ ബി.ജെ.പിയിൽ നിന്ന് വോട്ട് ചോരുമെന്നത് വസ്തുതയാണ്. ഈ മനോഭാവം മാറാതെ എങ്ങനെയാണ് ബി.ജെ.പി കേരളത്തിൽ രക്ഷപ്പെടുന്നത്. നയവും സ്വഭാവവും മാറിയാലെ കേരളത്തിൽ ബി.ജെ.പിക്ക് രക്ഷയുള്ളൂ. ബി.ഡി.ജെ.എസ് അടക്കമുള്ള ഘടകകക്ഷികളെ അയിത്തം കൽപ്പിച്ച് മാറ്റിനിറുത്തുകയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.