മലപ്പുറം കരുവാരക്കുണ്ടിലെ 'കടുവ' പഴയത്; വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
- Published by:Rajesh V
- news18-malayalam
Last Updated:
പഴയ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് യുവാവ് സമ്മതിച്ചു. കരുവാരക്കുണ്ട് ജനവാസമേഖലയിൽ കടുവയിറങ്ങിയെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചത്
മലപ്പുറം കരുവാരക്കുണ്ടിൽ കണ്ടതെന്ന തരത്തിൽ പ്രചരിച്ച കടുവയുടെ വിഡിയോ വ്യാജമായി നിർമിച്ചത്. പഴയ വീഡിയോ എഡിറ്റ് ചെയ്ത് യുവാവ് പ്രചരിപ്പിച്ചതാണെന്ന് വനംവകുപ്പ് കണ്ടെത്തി. വ്യാജമായി കടുവയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ജെറിൻ എന്ന യുവാവിനെതിരെ കരുവാരക്കുണ്ട് പൊലീസിൽ വനംവകുപ്പ് പരാതി നൽകി. ജനങ്ങളിൽ ഭീതിയുണ്ടാക്കാൻ ലക്ഷ്യം വെച്ച് തെറ്റായ ദൃശ്യം പ്രചരിപ്പിച്ചെന്നാണ് പരാതി.
പഴയ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് ജെറിനും സമ്മതിച്ചു. കരുവാരക്കുണ്ട് ജനവാസമേഖലയിൽ കടുവയിറങ്ങിയെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചത്. കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം കടുവയുടെ മുന്നിൽ യുവാവ് അകപ്പെട്ടെന്നായിരുന്നു പ്രചാരണം. കരുവാരക്കുണ്ട് ചേരി സിടിസി എസ്റ്റേറ്റിന് സമീപം താമസിക്കുന്ന മണിക്കനാംപറമ്പിൽ ജെറിൻ ആണ് രാത്രിയിൽ കടുവയ്ക്ക് മുന്നിൽപ്പെട്ടെന്ന് വെളിപ്പെടുത്തിയത്.
ചാനലുകൾ ഉൾപ്പെടെ വാർത്തയാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി 11ഓടെ ആർത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബർത്തോട്ടത്തിൽ വഴിയോടു ചേർന്നാണ് കടുവയെ കണ്ടതെന്നും ജെറിൻ അവകാശപ്പെട്ടിരുന്നു. വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് മൂന്നു വര്‍ഷം മുമ്പ് യൂട്യൂബിൽ വന്ന വിഡിയോ യുവാവ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്ന് കണ്ടെത്തിയത്. വാര്‍ത്തയായി പ്രചരിച്ചതോടെ വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കടുവയുടെ കാൽപ്പാടുകള്‍ കണ്ടെത്തിയിരുന്നില്ല.
advertisement
സുഹൃത്തിന്‍റെ കൂടെ ജീപ്പിൽ മലയിലേക്കു പോകുന്നതിനിടെയാണ് കടുവയെ കണ്ടതെന്ന് ജെറിൻ പറഞ്ഞിരുന്നു. വന്യമൃഗ ശല്യമുള്ളതിനാൽ ജീപ്പിന്‍റെ ചില്ലുകളെല്ലാം കവർ ചെയ്താണ് യാത്ര ചെയ്തത്. കടുവ ആക്രമിക്കുന്നില്ലെന്ന് മനസ്സിലാക്കിയതോടെ ജീപ്പ് നിർത്തി ഗ്ലാസ് തുറന്നാണ് ദൃശ്യം പകർത്തിയതെന്നും ജെറിൻ അവകാശപ്പെട്ടിരുന്നു. കടുവയെ കണ്ട സ്ഥലത്ത് ആളുകളൊന്നും താമസിക്കുന്നില്ല. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണിൽ സൂം ചെയ്താണ് വിഡിയോ പകർത്തിയതെന്നും ജെറിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സമീപത്തെ സിസിടിവി ദൃശ്യങ്ങളിലൊന്നും കടുവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ജെറിനിൽനിന്നു വനംവകുപ്പ് വിവരംശേഖരിക്കുകയായിരുന്നു. ആദ്യം വാച്ചര്‍മാരടക്കം ചോദിച്ചപ്പോള്‍ ജെറിൻ നിലപാടിൽ ഉറച്ചുനിന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥരെത്തി ചോദിച്ചപ്പോഴാണ് സത്യം വെളിപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
March 05, 2025 9:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറം കരുവാരക്കുണ്ടിലെ 'കടുവ' പഴയത്; വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്