വി എസ് അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുൻ പ്രതിപക്ഷ നേതാവും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്.
2006-2011 കാലത്ത് കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന വി എസ്, 1992-1996, 2001-2006, 2011-2016 വർഷങ്ങളിലും പ്രതിപക്ഷനേതാവ് ആയിരുന്നു. സിപിഎം സ്ഥാപക നേതാക്കളിൽ ഒരാളാണ്. ആലപ്പുഴ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-നാണ് വി എസിന്റെ ജനനം. 1980 മുതൽ 1991 വരെ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതൽ 2009 വരെ 23 വർഷം പാർട്ടിയുടെ ഏറ്റവും ഉന്നത സമിതിയായ പൊളിറ്റ് ബ്യൂറോയിൽ അംഗമായി. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. 2016-ലെ തിരഞ്ഞെടുപ്പിലടക്കം ഏഴു തവണ വിജയിക്കുകയും ചെയ്തു.
advertisement
പ്രതിപക്ഷ നേതാവ് ആയിരിക്കുന്ന കാലഘട്ടത്തിലാണ് വി എസ് ജനപ്രിയ നേതാവായി വളർന്നത്. നിയമസഭക്ക് അകത്തും പുറത്തും ജനകീയപ്രശ്നങ്ങൾ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് വി എസിനെ ശ്രദ്ധേയനാക്കിയത്. വനം കയ്യേറ്റം, മണൽ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകൾ വി എസ് കൈക്കൊണ്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
June 23, 2025 11:53 AM IST