• HOME
  • »
  • NEWS
  • »
  • kerala
  • »
  • വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറക്കാൻ ഇനിയും കാത്തിരിക്കണം

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറക്കാൻ ഇനിയും കാത്തിരിക്കണം

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറക്കാൻ ചട്ട പ്രകാരമുള്ള നടപടികൾ കഴിയണമെന്ന് പൊതുമരാമത്ത് വകുപ്പ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കൊച്ചി : വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറക്കാൻ ധൃതി കൂട്ടിയിട്ട് കാര്യമില്ല. ചട്ടപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമേ മേല്‍പ്പാലങ്ങള്‍ രണ്ടും ഗതാഗതത്തിന് തുറന്നു കൊടുക്കാനാകൂ എന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി.

    നിലവിലെ ചട്ടപ്രകാരം നിഷ്‌ക്കര്‍ഷിക്കുന്ന സാങ്കേതികവും നിയമപരവും സുരക്ഷാപരവുമായ പരിശോധനകള്‍ പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാര്‍ ഉടന്‍ പൂര്‍ത്തീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ മേല്‍പ്പാലങ്ങള്‍ തുറന്നു കൊടുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കും. ഇതിനായി അതിവേഗ പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്.

    കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഈ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം കോവിഡ് മഹാമാരിയുടെ നടുവിലും അതിവേഗം പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് വകുപ്പ് ശ്രമിക്കുന്നത്.

    പരിശോധനകള്‍ അന്തിമഘട്ടത്തിലാണ്. പരിശോധന പൂര്‍ത്തിയാക്കി സര്‍ക്കാരിന് സാക്ഷ്യപത്രം സമര്‍പ്പിക്കും. തുടര്‍ന്ന് മേല്‍പ്പാലങ്ങള്‍ ഗതാഗതത്തിന് തുറന്നു കൊടുക്കും. ഇത് മനസിലാക്കാതെ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും പൊതുമരാമത്ത് വകുപ്പ് പറയുന്നു.



    അതേസമയം നിർമ്മാണം പൂര്‍ത്തിയാക്കിയ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറന്ന് കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ചോദിച്ചിട്ടുണ്ട്.

    ഇത് സംബന്ധിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നാലാഴ്ച്ചക്കകം ഹാജരാക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടിരുന്നു. പാലം തുറന്നു കൊടുത്താല്‍ വാഹന യാത്രികര്‍ക്കും ജനങ്ങള്‍ക്കും ഗതാഗതക്കുരുക്ക് നേരിടാതെ യാത്ര ചെയ്യാനാകുമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്.

    വൈറ്റില - കുണ്ടന്നൂര്‍ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കാരണം ജനം ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. വൈറ്റിലയിലും കുണ്ടന്നൂരും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാസം നവംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നെങ്കിലും പാലങ്ങള്‍ ഇതുവരെ തുറന്നു നൽകിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ജനുവരി ആദ്യ ആഴ്ചയില്‍ മേല്‍പ്പാലങ്ങള്‍ ഉദ്ഘാടനം ചെയ്യാനാണ് സര്‍ക്കാര്‍
    നീക്കം.
    Published by:user_57
    First published: