'എസ്.ഐ ചാക്കോയുടേത് മാപ്പർഹിക്കാത്ത അന്യായം'; വാളയാറിലെ വീഴ്ച എണ്ണിപ്പറഞ്ഞ് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
"മൂത്ത പെണ്‍കുട്ടിയെ ബന്ധുവും പ്രതിയുമായ മധു ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് കണ്ടെന്ന അമ്മയുടെ മൊഴി ചാക്കോ രേഖപ്പെടുത്തിയില്ല. ഇളയ പെണ്‍കുട്ടി വീട്ടില്‍ സുരക്ഷിതയല്ലെന്ന കാര്യം മനസ്സിലാക്കിയിട്ടും സംരക്ഷണം ഏര്‍പ്പെടുത്തിയില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആ കുട്ടിയെങ്കിലും രക്ഷപ്പെട്ടേനെ"
തിരുവനന്തപുരം: വാളയാര്‍ കേസ് സംബന്ധിച്ചുള്ള പി.കെ.ഹനീഫ കമ്മിഷൻ റിപ്പോർട്ട് നിയമസഭയില്‍ സമർപ്പിച്ചു. കേസിന്റെ അന്വേഷണ-പ്രോസിക്യൂഷന്‍ ഘട്ടങ്ങളില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് കമ്മിഷന്റെ കണ്ടെത്തൽ. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്ന ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടും സഭയില്‍ വച്ചു. വാളയാര്‍ കേസ് അന്വേഷണം സര്‍ക്കാര്‍ സിബിഐക്കു വിട്ടതിനു പിന്നാലേയാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സഭയില്‍വച്ചത്.
കേസ് അന്വേഷണത്തിലും വിചാരണ സമയത്തുമുണ്ടായ വീഴ്ചകള്‍ എണ്ണിപ്പറയുന്നതാണ് റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥനും വാളയാര്‍ സ്‌റ്റേഷനിലെ എസ്.ഐയുമായിരുന്ന പി.സി.ചാക്കോയുടെ ഭാഗത്തു നിന്നുണ്ടായത് മാപ്പര്‍ഹിക്കാത്ത അന്യായമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മൂത്ത പെണ്‍കുട്ടിയെ ബന്ധുവും പ്രതിയുമായ മധു ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് കണ്ടെന്ന അമ്മയുടെ മൊഴി ചാക്കോ രേഖപ്പെടുത്തിയില്ല. ഇളയ പെണ്‍കുട്ടി വീട്ടില്‍ സുരക്ഷിതയല്ലെന്ന കാര്യം മനസ്സിലാക്കിയിട്ടും സംരക്ഷണം ഏര്‍പ്പെടുത്തിയില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആ കുട്ടിയെങ്കിലും രക്ഷപ്പെട്ടേനെയെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
മൂത്ത പെണ്‍കുട്ടിയുടെ വസ്ത്രം കസ്റ്റഡിയില്‍ എടുക്കുന്നതില്‍ ചാക്കോ കാലതാമസം വരുത്തി. പ്രതികള്‍ക്കെതിരായ തെളിവുകള്‍ ശേഖരിക്കുന്നതിലും പിഴവുണ്ടായി. ഡിവൈ.എസ്.പി സോജന്റെ ഭാഗത്തും വീഴ്ചയുണ്ടായി. പ്രോസിക്യൂട്ടര്‍മാരായ ലതാ ജയരാജിന്റേയും ജലജാ മാധവന്റേയും പേരെടുത്തു പറഞ്ഞാണ് വിമര്‍ശനം.
പെണ്‍കുട്ടികളുടെ അച്ഛന്റേയും അമ്മയുടേയും മൊഴികള്‍ പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കിയില്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ കൃത്രിമം തെളിയിക്കുന്നതിലും വീഴ്ചയുണ്ടായി. കുറ്റം തെളിയിക്കാനാവശ്യമായ തെളിവുകള്‍ ഇല്ലെന്ന് ബോധ്യപ്പെട്ടിട്ടും തുടരന്വേഷണത്തിന് നടപടിയെടുത്തില്ല. ലതാ ജയരാജിന്റേയും ജലജാ മാധവന്റേയും വീഴ്ചകളെ നിന്ദാര്‍ഹമെന്നാണ് കമ്മിഷന്‍ വിശേഷിപ്പിക്കുന്നത്. ഇത്തരം വീഴ്ചകളാണ് പ്രതികളെ വെറുതേ വിടാന്‍ ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
ഈ അഭിഭാഷകരെ ഇനി പ്രോസിക്യൂട്ടര്‍മാരാക്കരുതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിനു മുന്‍പ് പരിശീലനം നല്‍കണമെന്നും അഡ്വക്കേറ്റുമാരുടെ പാനല്‍ തയാറാക്കമെന്നും റിപ്പോർട്ടിൽ ശുപാര്‍ശയുണ്ട്.
ലത ജയരാജനേയും ജലജ മാധവനേയും ഇനി പ്രോസിക്യൂട്ടര്‍മാരാക്കില്ലെന്ന് ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരും വ്യക്തമാക്കി.ഇത്തരം കേസുകളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പ് മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം തേടും. പി.സി.ചാക്കോയെ സ്ഥിരമായി അന്വേഷണ ചുമതലയില്‍ നിന്നൊഴിവാക്കി. മറ്റ് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ ഐ.ജിയെ ചുമതലപ്പെടുത്തിയെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 13, 2021 8:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എസ്.ഐ ചാക്കോയുടേത് മാപ്പർഹിക്കാത്ത അന്യായം'; വാളയാറിലെ വീഴ്ച എണ്ണിപ്പറഞ്ഞ് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട്