ധർമ്മടത്ത് പ്രതീക്ഷിച്ചതിനേക്കാൾ വോട്ട് കിട്ടിയെന്ന് മുഖ്യമന്ത്രിയ്ക്കെതിരെ മത്സരിച്ച വാളയാർ പെൺകുട്ടികളുടെ അമ്മ. സിപിഎമ്മിൻ്റെ ശക്തി കേന്ദ്രമായ ധർമ്മടത്ത് മത്സരിച്ചപ്പോൾ 500 വോട്ടിൽ താഴെ മാത്രമാണ് പ്രതീക്ഷിച്ചത്. എന്നാൽ 1753 വോട്ട് കിട്ടിയതിൽ വലിയ സന്തോഷം തോന്നിയെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ന്യൂസ് 18 നോട് പറഞ്ഞു. 33 പോസ്റ്റൽ വോട്ടുൾപ്പടെയാണ് ഇവർക്ക് 1753 വോട്ട് ലഭിച്ചത്.
വേട്ടെടുപ്പിൻ്റെ തലേദിവസം തനിയ്ക്കെതിരെ അഡ്വ. ഹരീഷ് വാസുദേവൻ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിട്ടും ഇത്രയും വോട്ട് ലഭിച്ചത് സന്തോഷം നൽകുന്നതായി പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.
ധർമ്മടത്ത് മത്സരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അൻപതിനായിരത്തിലേറെ വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
എട്ടു സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലത്തിൽ അഞ്ചാം സ്ഥാനത്തെത്താൻ വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് സാധിച്ചത് നേട്ടമാണെന്ന് വാളയാർനീതി സമരസമിതി വ്യക്തമാക്കുന്നു.
സമരം തുടരുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ
വാളയാർ കേസ് സി.ബി.ഐ. അന്വേഷിയ്ക്കുന്നുണ്ടെങ്കിലും നീതി കിട്ടുന്നത് വരെ സമരം തുടരുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി. തനിയ്ക്ക് നേരിട്ട അനുഭവം ഇനി മറ്റൊരാൾക്ക് ഉണ്ടാവരുതെന്നും വീണ്ടും അധികാരത്തിൽ വന്ന പിണറായി സർക്കാർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ഇവർ പറഞ്ഞു.
വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായിരുന്നു മുഖ്യമന്ത്രിക്കെതിരായ മത്സരം. അതിനും ആഴ്ചകള്‍ക്കു മുന്‍പ് മക്കള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ തല മുണ്ഡനം ചെയ്തിരുന്നു.
"എന്നെ ഈ തെരുവിലിറക്കിയ ഡി വൈ എസ് പി സോജൻ എന്നേക്കാളും താഴേത്തട്ടിൽ ഒരു ദിവസമെങ്കിലും തലയിൽ തൊപ്പിയില്ലാതെ നിൽക്കുന്നത് എനിക്ക് കാണണം. സോജനെപ്പോലെ ഒരുപാട് പൊലീസുകാർ ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ മക്കളുടെ കേസ് സത്യസന്ധമായി അന്വേഷിക്കാതിരുന്നിട്ടുണ്ട്. എനിക്ക് വാശിയോടുകൂടി മൽസരിക്കണമെന്ന് തോന്നിയതിന് പിന്നിലെ ഒറ്റക്കാരണം ഇതാണ്. ഞങ്ങൾക്കു സംഭവിച്ചതുപോലെ ഒട്ടേറെക്കുടുംബങ്ങൾക്കും സംഭവിച്ചിട്ടുണ്ട്. പക്ഷേ അവരാരും പുറത്തുപറയാൻ കൂട്ടാക്കാതെ വീടിനുള്ളിലിരുന്ന് കരയുകയാണ്. എല്ലാ മക്കള്‍ക്കും ഈ കുടുംബങ്ങൾക്കും വേണ്ടിയാണ് ഈ തീരുമാനമെടുത്തത്. നഷ്ടപ്പെട്ട കുട്ടികൾക്കും അവരുടെ അമ്മമാർക്കും വേണ്ടിയാണ് നീക്കം,'' അവർ പറഞ്ഞതിങ്ങനെ.
വാളയാര്‍ കേസ് അട്ടിമറിച്ചെന്ന് സമരസമിതി ആരോപിക്കുന്ന ഡി വൈ എസ് പി സോജന്‍, എസ് ഐ ചാക്കോ എന്നിവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ നടപടി എടുത്തില്ലെങ്കില്‍ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രഖ്യാപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെയാണ് പെണ്‍കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തത്. പെണ്‍കുട്ടികളുടെ വസ്ത്രങ്ങളും ചെരിപ്പും പാദസരവും നെഞ്ചോട് ചേര്‍ത്തുപിടിച്ചുകൊണ്ടാണ് അമ്മ തല മുണ്ഡനം ചെയ്യാനായി ഇരുന്നത്. ഒരുമാസമായി വാളയാറില്‍ സത്യാഗ്രഹം ഇരിക്കുന്നുവെന്നും എന്നാല്‍ തന്റെ കണ്ണീര്‍ സര്‍ക്കാര്‍ കണ്ടില്ലെന്നും മാതാവ് വ്യക്തമാക്കിയിരുന്നു.
2017ലാണ് 13, 9 വയസ്സുള്ള സഹോദരിമാരെ വാളയാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Walayar case, Walayar issue, Walayar rape, Walayar rape case