• HOME
 • »
 • NEWS
 • »
 • kerala
 • »
 • പ്രണയം നിഷേധിക്കുമ്പോൾ പെണ്ണിനെ ചുട്ടുകൊല്ലുന്ന കേരളം; മൂന്നു മാസത്തിൽ മൂന്നാമത്തെ കൊലപാതകം

പ്രണയം നിഷേധിക്കുമ്പോൾ പെണ്ണിനെ ചുട്ടുകൊല്ലുന്ന കേരളം; മൂന്നു മാസത്തിൽ മൂന്നാമത്തെ കൊലപാതകം

പെട്രോളും ഡീസലും കന്നാസുകളിലും കുപ്പികളിലും വേണമെങ്കിൽ പൊലീസിന്‍റെ കത്ത് നിർബന്ധമാക്കുകയും ചെയ്തിരുന്നു. എന്നാൽ, അക്രമികൾക്ക് കൈയിൽ പെട്രോൾ കരുതുന്നതിന് ഇതൊന്നും ഒരു തടസമായില്ല.

സൗമ്യ, കവിത. നീതു

സൗമ്യ, കവിത. നീതു

 • News18
 • Last Updated :
 • Share this:
  #ജോയ്സ് ജോയ്

  പ്രണയനൈരാശ്യം പെട്രോളൊഴിച്ച് ജീവനെടുക്കുന്നത് കേരളത്തിൽ ഇതാദ്യമല്ല. കഴിഞ്ഞ മൂന്നുമാസത്തിൽ ഇത്തരത്തിൽ മൂന്നാം സംഭവമാണ് മാവേലിക്കരയിലേത്. കഴിഞ്ഞദിവസം വടകരയിൽ ചിത്രയെന്ന പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുണ്ടായ പെട്രോൾ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. പ്രണയം നിരസിച്ചതിനെ തുടർന്ന് ഒരു സംഘം ആക്രമികൾ വീട്ടിൽ കയറി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.

  അക്രമികളെ കണ്ടയുടനെ പെൺകുട്ടി വീടിനകത്ത് കയറി വാതിൽ അടയ്ക്കുകയായിരുന്നു. ഇതിനാൽ വലിയൊരാപത്തിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ടു. എന്നാൽ, വീടിന്‍റെ ചില്ലുകൾ അടിച്ച് പൊട്ടിക്കുകയും ഉപകരണങ്ങൾക്ക് തീയിടുകയും ചെയ്തു. തുടർന്ന് പെൺകുട്ടി നൽകിയ പരാതിയെ തുടർന്ന് നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.

  പ്രണയം നിരസിച്ചതിന് കേരളത്തിലെ ആദ്യ പെട്രോൾ ആക്രമണം പത്തനംതിട്ടയിൽ

  പ്രണയം നിരസിച്ചതിന് പെട്രോൾ ഒഴിച്ച ജീവനെടുക്കുന്ന സംഭവം കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് 2017 ജൂലൈയിൽ ആയിരുന്നു. പത്തനംതിട്ടയിലെ കടമ്മനിട്ടയിൽ ആയിരുന്നു സംഭവം. ശരീരത്തിൽ 85 ശതമാനത്തോളം പൊള്ളലേറ്റ കടമ്മനിട്ട കല്ലേലിമുക്ക് സ്വദേശിനിയായ പെൺകുട്ടിയെ ആദ്യം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു പ്രവേശിപ്പിച്ചത്. വിദഗ്ദ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

  ജൂലൈ പതിനാലിനാണ് പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. വൈകുന്നേരം ഏഴു മണിയോടെ പെൺകുട്ടിയുടെ വീടിനു സമീപമെത്തി വിളിച്ചു വരുത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പ്രതിയായ സജിൽ എന്ന യുവാവിനെ സംഭവം നടന്ന് അടുത്ത ദിവസം തന്നെ 65 ശതമാനം പൊള്ളലേറ്റ നിലയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

  പ്രണയാഭ്യർത്ഥന നിരസിച്ചതിന് തിരുവല്ലയിൽ പത്തൊമ്പതുകാരിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

  2019 മാർച്ച് പതിമൂന്നാം തിയതി രാവിലെയാണ് തിരുവല്ല റെയിൽവേ സ്റ്റേഷനു സമീപത്തുവെച്ച് റേഡിയോളജി കോഴ്സ് പഠിക്കുന്ന പെൺകുട്ടിയെ ക്ലാസിലേക്ക് പോകുന്ന വഴി തടഞ്ഞുനിർത്തി കുത്തി പരിക്കേൽപിച്ചതിനു ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചത്. അജിൻ റെജി മാത്യൂസ് എന്ന യുവാവാണ് നടുറോഡിൽ വെച്ച് ഈ ക്രൂരകൃത്യം ചെയ്തത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം യുവതിയെ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി എറണാകുളം മെഡിക്കൽ സെന്‍ററിലേക്ക് മാറ്റി. എന്നാൽ, ഒമ്പതു ദിവസത്തിനു ശേഷം പെൺകുട്ടി മരണത്തിന് കീഴടങ്ങി.

  പ്ലസ് ടു പഠനകാലത്ത് പ്രണയത്തിലായിരുന്നെന്നും ബന്ധം തുടരാൻ പെൺകുട്ടി വിസമ്മതിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തന്‍റെ പദ്ധതിയെന്ന് യുവാവ് പൊലീസിനോട് പറഞ്ഞെങ്കിലും പൊലീസ് ഇത് മുഖവിലയ്ക്കെടുത്തില്ല.

  പ്രണയം നിരസിച്ചു; തൃശൂരിൽ എഞ്ചിനിയറിങ് വിദ്യാർഥിനിയെ വീട്ടിൽ കയറി പെട്രോൾ ഒഴിച്ച് കത്തിച്ചു

  ഏപ്രിൽ നാലാം തിയതി ആയിരുന്നു സംഭവം. എഞ്ചിനിയറിങ് വിദ്യാർഥിനിയായ ചിയാരത്ത് സ്വദേശി നീതുവിനെ സുഹൃത്തായ നിതീഷ് വീട്ടിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. രാവിലെ ഏഴിനും ഏഴരയ്ക്കും ഇടയിൽ ആയിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിലെ ശുചിമുറിയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊടകര ആക്‌സിസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട നീതു.

  നാട്ടുകാര്‍ യുവാവിനെ പിടികൂടി. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. മാതാപിതാക്കൾ നേരത്തെ മരിച്ച പെൺകുട്ടി മുത്തശ്ശിയോടും അമ്മാവന്മാരോടും കൂടെയാണ് കഴിഞ്ഞിരുന്നത്. കൊലപാതകത്തിന് ശേഷം നീതുവും നിതീഷും സുഹൃത്തുക്കളാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളും ടിക് ടോക് വീഡിയോകളും പുറത്തു വന്നു. ബന്ധത്തിലുണ്ടായ വിള്ളൽ ആയിരുന്നു നിതീഷിനെ ഇത്തരത്തിലൊരു ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നുവേണം കരുതാൻ.

  ഇതിനിടയിൽ കൊച്ചിയിൽ ഒരു പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം നടന്നിരുന്നു. ഈ വർഷം മാർച്ച് പതിനാലാം തിയതി രാത്രി ഏഴേകാലോടെ ആയിരുന്നു സംഭവം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഏവിയേഷൻ കോഴ്സിനു പഠിക്കുന്ന പെൺകുട്ടി ക്ലാസ് കഴിഞ്ഞ് സുഹൃത്തിനൊപ്പം മടങ്ങുമ്പോൾ ആയിരുന്നു സംഭവം. ബൈക്കിൽ മുഖംമൂടി ധരിച്ചെത്തിയ ആളാണ് ആക്രമണം നടത്തിയത്. പെൺകുട്ടി സമീപത്തെ കടയിലേക്ക് ഓടി കയറി രക്ഷപ്പെട്ടു. നാട്ടുകാർ സംഘടിച്ചെത്തിയതോടെ അക്രമി ഓടി രക്ഷപ്പെട്ടു.

  അതേസമയം, പെട്രോൾ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കുപ്പിയിൽ പെട്രോൾ നൽകുന്നത് വിലക്കി കൊണ്ട് ഈ വർഷം മാർച്ച് 18ന് ഉത്തരവിറങ്ങിയിരുന്നു. പെട്രോളും ഡീസലും കന്നാസുകളിലും കുപ്പികളിലും വേണമെങ്കിൽ പൊലീസിന്‍റെ കത്ത് നിർബന്ധമാക്കുകയും ചെയ്തിരുന്നു. എന്നാൽ, അക്രമികൾക്ക് കൈയിൽ പെട്രോൾ കരുതുന്നതിന് ഇതൊന്നും ഒരു തടസമായില്ല. പ്രണയഭംഗങ്ങൾക്കൊടുവിൽ പെണ്ണിനെ ചുട്ടുകൊല്ലുന്നത് തുടരുന്നു. ഇപ്പോഴിതാ ഒരു പൊലീസുകാരിയെ പൊലീസുകാരൻ തന്നെ ചുട്ടുകൊന്നു.

  First published: