• HOME
 • »
 • NEWS
 • »
 • kerala
 • »
 • പല്ല് ഉന്തിയതിനാൽ ആദിവാസി യുവാവിന് ജോലി നിഷേധിച്ചെന്ന പരാതി; PSC ചട്ടം പറയുന്നത് എന്ത്?

പല്ല് ഉന്തിയതിനാൽ ആദിവാസി യുവാവിന് ജോലി നിഷേധിച്ചെന്ന പരാതി; PSC ചട്ടം പറയുന്നത് എന്ത്?

പുതൂര്‍ പഞ്ചായത്തിലെ ആനവായ് ഊരിലെ മുത്തു എന്ന യുവാവിനാണ് ഉന്തിയ പല്ല് കാരണം ജോലി നിഷേധിച്ചത്. ഇക്കാര്യത്തിൽ പി.എസ്.സി ചട്ടം പറയുന്നത് എന്തെന്ന് നോക്കാം

 • Share this:

  പാലക്കാട്: ഉന്തിയ പല്ലിന്റെ പേരില്‍ അട്ടപ്പാടിയിലെ കുറുമ്പര്‍ ഗോത്രവര്‍ഗ വിഭാഗത്തിലെ യുവാവിന് സര്‍ക്കാര്‍ ജോലി നഷ്ടമായെന്ന പരാതി കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളിൽ വാർത്തയായത്. പുതൂര്‍ പഞ്ചായത്തിലെ ആനവായ് ഊരിലെ മുത്തു എന്ന യുവാവിനാണ് ജോലി നിഷേധിച്ചത്. വനം വകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിനായുളള അഭിമുഖം വരെ എത്തിയതിന് ശേഷമാണ് അയോഗ്യനാണെന്ന് പി.എസ്.സി അറിയിച്ചതെന്ന് മുത്തു പറയുന്നു.

  ബീറ്റ് ഫോറസ്റ്റ് ഓഫീസറെ നിയമിക്കാനുള്ള പി.എസ്.സിയുടെ സ്‌പെഷ്യല്‍ റിക്രൂട്‌മെന്റില്‍ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണ് മുത്തു അഭിമുഖത്തിന് എത്തിയത്. ഇതിന് മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ചെറുപ്രായത്തില്‍ വീണതിനെ തുടര്‍ന്നാണ് മുത്തുവിന്റെ പല്ലിന് തകരാര്‍ സംഭവിച്ചത്. ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലം ചികിത്സിക്കാനായില്ലെന്ന് മുത്തുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

  Also Read- സിഗരറ്റ് കുറ്റിയില്‍ നിന്നു ലോഡ്ജ് മുറിയില്‍ തീപിടിത്തം; നാലാം നിലയില്‍നിന്ന് ചാടിയ യുവാവ് പൈപ്പില്‍ പിടിച്ചുനിന്നു

  അട്ടപ്പാടിയിലെ മുക്കാലിയില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരെ ഉള്‍വനത്തിലാണ് മുത്തു താമസിക്കുന്ന ആനവായ് ഊര്. പൂര്‍ണമായും വനത്തെ ആശ്രയിച്ച് ജീവിക്കുന്ന വിഭാഗമാണ് ഊരിലെ കുറുമ്പര്‍ വിഭാഗം.

  അതേസമയം, ചില പ്രത്യേക തസ്തികകളിലേക്കുള്ള യോഗ്യതകളും അയോഗ്യതകളും സ്‌പെഷ്യല്‍ റൂളില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ടെന്ന് പി.എസ്.സി അറിയിച്ചു. ഇത് കണ്ടെത്തിയാല്‍ ഉദ്യോഗാര്‍ഥിയെ അയോഗ്യനാക്കും. ഉന്തിയ പല്ല്, കോമ്പല്ല് (മുന്‍പല്ല്) ഉള്‍പ്പെടെയുള്ളവ അയോഗ്യതയ്ക്കുള്ള ഘടകങ്ങളാണെന്നും അധികൃതര്‍ പറയുന്നത്.

  ശാരീരിക യോഗ്യതകൾ സംബന്ധിച്ച് പി.എസ്.സി. ചട്ടം പറയുന്നത്

  ഉയരം: കുറഞ്ഞത് 168 സെന്റി മീറ്റർ
  നെഞ്ചളവ്: കുറഞ്ഞത് 81 സെ.മീ. (കുറഞ്ഞത് 5 സെ.മീ. വികാസവും വേണം)

  കുറിപ്പ്: പട്ടികജാതി/ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 160 സെ.മീ. ഉയരവും 76 സെ.മീ. നെഞ്ചളവും ഉണ്ടായിരുന്നാൽ മതിയാകും. എന്നാൽ നെഞ്ചളവിന്റെ വികാസം 5. സെ.മീ. വേണമെന്ന നിബന്ധന പട്ടികജാതി/ പട്ടികവർഗക്കാർക്കും ബാധകമാണ്.

  കാഴ്ച ശക്തി

  താഴെ പറയുന്ന തരത്തിൽ കണ്ണട വയ്ക്കാതെയുള്ള കാഴ്ച ശക്തിയുള്ളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം

  ദൂരക്കാഴ്ച – 6/6 സ്നെല്ലൻ (ഇടത്, വലത് കണ്ണുകൾ)

  സമീപക്കാഴ്ച – 0.5 സ്നെല്ലൻ (ഇടത്, വലത് കണ്ണുകൾ)

  കുറിപ്പ്:

  ഓരോ കണ്ണിനും പൂർണമായ കാഴ്ച ശക്തി ഉണ്ടായിരിക്കണം.
  വർണാന്ധത, ക്സിന്റ് അല്ലെങ്കിൽ കണ്ണിന്റെയോ കൺപോളകളുടെയോ മോർബിഡ് ആയിട്ടുള്ള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കും.

  മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കൈകാലുകൾ, കോമ്പല്ല് (മുൻ പല്ല്), ഉന്തിയ പല്ലുകൾ, കേള്‍വിയിലും സംസാരത്തിലമുള്ള കുറവുകള്‍ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകൾ അയോഗ്യതയായി കണക്കാക്കുന്നതായിരിക്കും.

  വനംവകുപ്പ് നിസഹായർ: മന്ത്രി ശശീന്ദ്രൻ

  പല്ല് ഉന്തിയതിന്റെ പേരിൽ ആദിവാസി യുവാവിന് പി.എസ്.സി ജോലി നിഷേധിച്ച സംഭവത്തിൽ വനം വകുപ്പ് നിസഹായരാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. പി.എസ്.സി മാനദണ്ഡപ്രകാരമാണ് നിയമനം നൽകുന്നത്. പി.എസ്.സി യാണ് മെഡിക്കൽ പരിശോധന ഉൾപ്പെടെ നടത്തിയത്. കുടുംബത്തോട് സഹതാപമുണ്ടെന്നും മന്ത്രി പറഞ്ഞു

  മുൻ പി.എസി.സി അംഗം അശോകൻ ചരുവിലിന്റെ കുറിപ്പ്

  കാരുണ്യം; അതത്ര ലളിതമായ സംഗതിയല്ല.

  മുൻവരിപ്പല്ലിന് തകരാറുള്ളതുകൊണ്ട് വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഉദ്യോഗം നഷ്ടപ്പെടുമെന്ന അവസ്ഥയിൽ എത്തിനിൽക്കുന്ന മുത്തു എന്ന യുവാവിൻ്റെ കദനകഥ ഇന്ന് സമൂഹമാധ്യമങ്ങളിൽ “വൈറൽ” ആണല്ലോ. സംസ്ഥാനസർക്കാരും പി.എസ്.സി.യും ആദിവാസി യുവാവിനോട് കാണിക്കുന്ന ക്രൂരത എന്ന നിലയിലാണ് സംഗതി ആദ്യം ഘോഷിക്കപ്പെട്ടത്. പിന്നീടാണ് രാജ്യമെങ്ങും യൂണിഫോം ഫോഴ്സുകളിലേക്ക് ഇത്തരം ശാരീരിക യോഗ്യതകൾ ഉണ്ട് എന്ന വസ്തുത പുറത്തുവന്നത്. പല്ലുപൊന്തിയിരിക്കുന്നു എന്നത് വനപാലനത്തിന് എന്തു തടസ്സമാണുണ്ടാക്കുക എന്ന് ഹൃദയാലുക്കളായ ചില സുഹൃത്തുക്കൾ ചോദിക്കുന്നുണ്ട്. കരുണകാണിച്ച് നിയമം മാറ്റിയെഴുതി മുത്തുവിന് ജോലി നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.
  അതിൻ്റെ സാധ്യതകളിലേക്ക് കടക്കാൻ ഞാൻ ഉദ്ദേശിക്കാനില്ല. കേരള പി.എസ്.സി.യിൽ മെമ്പറായിരുന്ന കാലത്തെ ഒരനുഭവം പങ്കുവെക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
  യൂണിഫോംഡ് തസ്തികകളിലേക്ക് നിയമിക്കുന്നതിന് നിശ്ചിത ഉയരം തൂക്കം നെഞ്ചളവ് എന്നിവ ആവശ്യമുണ്ട്. പോലീസ് സേനയിലേക്കുള്ള റിക്രൂട്ട്മെൻ്റിൽ ഈ അളക്കൽ ജോലി പോലീസിൻ്റെ സഹായത്തോടെ പി.എസ്.സി. ഉദ്യോഗസ്ഥന്മാരാണ് ചെയ്യുക. ഇതിൻ്റെ അപ്പീൽ ചുമതലയാണ് മെമ്പർക്ക് ഉള്ളത്. പലവട്ടം അപ്പീൽ പരിശോധന നടത്തിയിട്ടുണ്ട്. അളക്കാൻ വിദഗ്ദരായ ഉദ്യോഗസ്ഥർ സഹായത്തിനുണ്ടാവും. സ്വഭാവികമായും ഉദ്യോഗാർത്ഥികൾ കരഞ്ഞുകൊണ്ട് പരിദേവനങ്ങൾ നടത്തുക പതിവുണ്ട്. അതിനൊന്നും വഴങ്ങാറില്ല.
  ആ സമയത്ത് ചില ഉദ്യോഗാർത്ഥികൾ ചോദിക്കാറുണ്ട്: “ഉയരം രണ്ടിഞ്ചു കുറഞ്ഞു പോയാൽ പോലീസ് ജോലി ചെയ്യുന്നതിന് എന്ത് തടസ്സമാണുണ്ടാവുക സർ?”
  ഞാൻ എന്തെങ്കിലും പറഞ്ഞ് അവരെ സമാധാനിപ്പിക്കുകയേ പതിവുള്ളു. ഒരിക്കൽ എന്നെക്കുറിച്ച് കേട്ടറിവുള്ള ഒരു യുവാവ് വന്നു. അദ്ദേഹം പറഞ്ഞു: “സാർ എഴുതിയ കഥകൾ വായിച്ചിട്ടുണ്ട്. പട്ടികജാതിക്കാരനായ എന്നോട് സർ കരുണ കാണിക്കുമെന്ന് ഞാൻ കരുതി.”
  ഞാൻ പറഞ്ഞു: “അത് പ്രശ്നമല്ല. ഇത് പട്ടികജാതിക്കാരിൽ നിന്നും സേനയിലേക്കുള്ള സ്പെഷൽ റിക്രൂട്ട്മെൻ്റാണ്. നിങ്ങൾ പുറത്തായാൽ ലീസ്റ്റിലെ മറ്റൊരു പട്ടികജാതിക്കാരന് ഈ ജോലി കിട്ടും. അയാൾ ആരാണെന്ന് എനിക്കറിയില്ല. എൻ്റെ മുന്നിൽ എത്തിയിട്ടില്ല. പക്ഷേ അയാളോട് കരുണ കാണിക്കേണ്ടത് എൻ്റെ ഉത്തരവാദിത്തമാണ്.”
  അശോകൻ ചരുവിൽ

  Published by:Rajesh V
  First published: