ഈ മരണത്തെക്കുറിച്ച് നാം നിശബ്ദരാകുന്നത് എന്തുകൊണ്ട്?
Last Updated:
പത്തനംതിട്ട ജില്ലയുടെ കിഴക്കേയറ്റത്തുള്ള ശബരിമലയേക്കുറിച്ച് രാജ്യ വ്യാപകമായി ചർച്ച ചെയ്യുമ്പോഴാണ് പടിഞ്ഞാറേയറ്റത്തുള്ള പെരിങ്ങരയിലെ രണ്ടു മരണങ്ങളോ അവയുടെ കാരണങ്ങളോ ശ്രദ്ധയാകർഷിക്കാതെ പോകുന്നത്. നാട്ടിൽ 90 ശതമാനം പേരും ' അരിയാഹാരം ' കഴിക്കുന്നവരായിട്ടും നെല്ലിന് മരുന്നടിച്ച് രണ്ടു പേർ മരിച്ചത് എങ്ങനെയെന്ന് ആരും ചോദിച്ചില്ല. മാധ്യമങ്ങൾ കണ്ണടയ്ക്കുമ്പോൾ മൂന്നാം കണ്ണാകുന്ന സാമൂഹ്യ മാധ്യമങ്ങളും കണ്ണടച്ചിരുപ്പാണ്. മലയാളത്തിലും സംസ്‌കൃതത്തിലും 'കണ്ടം വഴി ഓടാൻ' ആഹ്വാനം ചെയ്യുന്ന സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും 'കണ്ടത്തിൽ' രണ്ടു മരണം ഉണ്ടായിട്ട് നിശബ്ദരാണ്.
വർഗീയതയും പൊടിപ്പുംതൊങ്ങലും ചേർത്തുള്ള ഗോസിപ്പുകളുമൊക്കെയായി ലൈക്കും ഷെയറും വാങ്ങിക്കൂട്ടാനാണ് സമൂഹമാധ്യമങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്നവരുടെ വ്യഗ്രത. മാധ്യമങ്ങൾ അവഗണിക്കുന്ന വിഷയങ്ങൾ ഏറ്റെടുക്കാൻ കണ്ണുംകാതും കൂർപ്പിച്ചിരിക്കുന്ന സോഷ്യൽമീഡിയക്കാർ കീടനാശിനി തളിക്കുന്നതിനിടെ രണ്ടു പേർ മരിച്ച സംഭവം കണ്ടില്ലെന്ന് നടിച്ചു. ലൈക്കും ഷെയറും ലഭിക്കില്ലെന്നതുകൊണ്ടാകാം ഇത്തരം സംഭവങ്ങൾ അവഗണിക്കപ്പെടുന്നത്. പത്തനംതിട്ട ജില്ലയിലെ പടിഞ്ഞാറൻ പ്രദേശത്തെ പെരിങ്ങരയിലെ ഇരുകര പാടശേഖരത്താണ് കീടനാശിനി തളിക്കുന്നതിനിടെ രണ്ടുപേർ മരിച്ചത്. സുനിൽകുമാർ(42), മത്തായി ഈശോ(67) എന്നിവരാണ് മരണപ്പെട്ടത്. കവിതാ മോഷണത്തെക്കുറിച്ചും ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ചുമൊക്കെ സോഷ്യൽ മീഡിയയിൽ ആഴത്തിൽ ചർച്ച ചെയ്യുന്ന മലയാളിക്ക് പക്ഷേ ഇതൊരു വിഷയമേ ആയില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
അടിയന്തര ശ്രദ്ധ പതിക്കേണ്ട വിഷയങ്ങൾ കീഴ്മേൽ മറിച്ച് ഒരു നിർഗുണ ജനാധിപത്യവും നിരുത്തരവാദ പൌരത്വത്തിന്‍റെ നിർമിതിയിലുമാണ് പൊതുസമൂഹമെന്നത് തെല്ലൊന്നുമല്ല വേദനിപ്പിക്കുന്നതെന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ചീഫ് സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോൺ പറയുന്നു. കീടനാശിനി പ്രയോഗത്തെ തുടർന്ന് രണ്ടുപേർ മരിച്ചെന്ന വാർത്ത കണ്ടപ്പോൾ മൂന്നു ചോദ്യങ്ങളാണ് മനസിലേക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞു. 'നമ്മൾ കഴിക്കുന്ന അരി എത്ര കണ്ട് വിഷമുക്തമാണെന്നതായിരുന്നു ആദ്യത്തെ ചോദ്യം. നമുക്ക് കഴിക്കാനുള്ള പച്ചക്കറിയും അരിയുമൊക്കെ ഉണ്ടാക്കുന്ന തൊഴിലാളികൾ എത്രമാത്രം സുരക്ഷിതരാണെന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. രണ്ടുപേരുടെ മരണത്തിനിടയാക്കിയ കീടനാശിനി പ്രയോഗം നടന്ന പ്രദേശത്തെ പൊതുആരോഗ്യത്തിന്‍റെ അവസ്ഥയെന്തായിരിക്കുമെന്ന് എൻഡോസൾഫാൻ പശ്ചാത്തലത്തിൽ ഉയർന്നുവന്നതാണ് മൂന്നാമത്തെ ചോദ്യം. ഈ മൂന്നു ചോദ്യവും പൊതുസമൂഹം ചോദിക്കുന്നില്ലല്ലോയെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യമെന്ന് ഡോ. സി.ജെ. ജോൺ പറഞ്ഞു.
advertisement
ലൈക്കും ഷെയറും ലഭിക്കുന്ന സെൻസേഷണൽ വിവാദങ്ങൾക്കു പിന്നാലെയാണ് ഭൂരിഭാഗം മലയാളികളുടെ മനസുമെന്നതാണ് വേദനിപ്പിക്കുന്ന കാര്യമെന്ന് ഡോ. സി.ജെ. ജോൺ പറയുന്നു. മനുഷ്യനെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങൾ അപ്രധാനമായ കാര്യമാക്കി മാറ്റിനിർത്തുപ്പെടുന്ന ഒരു ശൈലി രൂപപ്പെട്ടുവരുന്നത് ഒരു കുഴപ്പമാണ്. സ്വയം സംരക്ഷിക്കാൻ ശേഷിയുള്ള ഈശ്വരനെ രക്ഷിക്കാനും സ്ഥായിയായിട്ടുള്ള നിലപാടുകളിൽ മാറ്റമുണ്ടാക്കാനാകാത്ത പ്രകടനപരമായ മതിൽ തീർക്കലും ആർത്തവമേളകൾക്കുമൊക്കെ പിറകേയാണ് ഭൂരിഭാഗം ആളുകളും. കാണേണ്ട ജനകീയ പ്രശ്നങ്ങൾ കാണാതാരിക്കുകയും കണ്ടാലും അതിനോട് ആരോഗ്യകരമായി പ്രതികരിക്കാതിരിക്കാനുമുള്ള വിഷപ്രയോഗമാണ് ഈ പുതിയകാലത്തെ നവോഥാന കൃഷിയിലെങ്കിൽ നമ്മൾ പേടിക്കണം. അതിന്‍റെ സൂചനയായിട്ടാണ് ഇത്തരം വാർത്തകളോടുള്ള നിസംഗത നമ്മെ ഓർമപ്പെടുത്തുന്നതെന്ന് ഡോ. സി.ജെ ജോൺ പറഞ്ഞു.
advertisement
ശബരിമല, മതിൽ തീർക്കൽ, കവിതാ മോഷണം, മീശ വിവാദം എന്നിവയുൾപ്പെടുന്ന വിഷയങ്ങളാണ് പ്രധാനപ്പെട്ട കാര്യങ്ങളെന്നും അവയാണ് ചർച്ച ചെയ്യേണ്ടതെന്നുമുള്ള പൊതുധാരണ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ രൂപപ്പെടുത്തിയിരിക്കുന്നു. പൊതുജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു മാനസികവൈകല്യമായി മലയാളി സമൂഹത്തിൽ ഇത് മാറിക്കൊണ്ടിരിക്കുന്നവെന്ന് പറയാമെന്ന് ഡോ. സി.ജെ. ജോൺ പറയുന്നു. സോഷ്യൽ മീഡിയയിലെ അനാവശ്യ ചർച്ചകൾകൊണ്ട് പൊതുജീവിതത്തിന് എന്ത് ഗുണമാണുള്ളത്? നമ്മളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളിൽ പ്രതികരണമോ രോഷമോ ഉണ്ടാകാതിരുന്നാൽ അത് പരിഹരിക്കപ്പെടാതെ പോകും. നമ്മുടെ നിസംഗതയ്ക്ക് വലിയ വില നൽകേണ്ടിവരുമെന്നും ഡോ. സി.ജെ. ജോൺ പറഞ്ഞു.
advertisement
ലോകത്തെ മറ്റേതൊരു പരിഷ്കൃത രാജ്യത്താണെങ്കിലും ഇത്തരമൊരു സംഭവം ഈ രീതിയിലായിരിക്കില്ല കൈകാര്യം ചെയ്യപ്പെടുകയെന്ന് ഡോ. സി.ജെ. ജോൺ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലും മറ്റുമൊക്കെ ഇത്തരം സംഭവമുണ്ടായാൽ വളരെപെട്ടെ അന്വേഷണം നടക്കുകയും ഉത്തരവാദികളായവർക്കെതിരെ നടപടിയുണ്ടാകുകയും ചെയ്യും. കീടനാശിനിയുടെ വിൽപന തുടങ്ങി അതിന്‍റെ പ്രയോഗം വരെയുള്ള കാര്യങ്ങൾ കൃത്യമായി പരിശോധിക്കപ്പെടുകയും ചെയ്യും. ഇത് ഉപയോഗിക്കുന്നതിനെക്കുറിച്ച് കൃത്യമായ അവബോധം നൽകാനുള്ള നടപടിക്രമങ്ങൾ അവിടെയുണ്ടാകും. എന്നാൽ ഇവിടെ അതൊന്നും ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
പാവപ്പെട്ട കർഷകത്തൊഴിലാളികൾ കീടങ്ങളെപ്പോലെ മരിച്ചുപോയിട്ട് അതിൽ ഒരു പ്രതികരണവും നടപടിയുമൊന്നുമുണ്ടാകാത്തത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്ന് ഡോ. സി.ജെ. ജോൺ പറയുന്നു. തുല്യതയ്ക്കുവേണ്ടി മുറവിളികൂട്ടുന്ന ഇക്കാലത്ത് ഈ സംഭവത്തിൽ ഒരു തുല്യതയില്ലായ്മയുണ്ട്. രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് തുല്യത പറഞ്ഞിറങ്ങുകയും ഇതുപോലെയുള്ള കാര്യങ്ങൾ കാണാതിരിക്കുകയും ചെയ്യുന്നത് ശരിയല്ല. തിരുവല്ലയിലെ സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കണം. ജുഡീഷ്യൽ അന്വേഷണമാണ് ഇതിൽ വേണ്ടത്. വെറുതെ കീടനാശിനി വിറ്റ കട സീൽ ചെയ്തുകൊണ്ട് ഇതിലെ നടപടിക്രമം അവസാനിപ്പിക്കരുത്. ഇവർ എങ്ങനെ മരിച്ചുവെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തണം. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളാനും അധികൃതർ തയ്യാറാകണം- ഡോ. സി.ജെ ജോൺ പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 21, 2019 3:38 PM IST