സുനില്‍ കനുഗോലു; ബെല്ലാരിയിൽ നിന്നുള്ള തന്ത്രങ്ങളുടെ രാജയിലൂടെ കേരളത്തിൽ 100 കടക്കുമോ കോൺഗ്രസ് ?

Last Updated:

കഴിഞ്ഞ തവണത്തെ അനുഭവത്തിൽ മുതിർന്ന രാഷ്ട്രീയ നേതാക്കളേക്കാൾ കനുഗോലുവിന്റെ അഭിപ്രായങ്ങൾക്കാണ് ഇക്കുറി ഹൈക്കമാൻഡ് വില നൽകുന്നത്

സുനിൽ കനുഗോലു
സുനിൽ കനുഗോലു
അഞ്ചാണ്ട് കൂടുമ്പോള്‍ ഭരണം മാറുമെന്ന നടപ്പ് രീതിക്ക് പകരം പ്രതിപക്ഷത്തെ പ്രധാന പാർട്ടിയുടെ നേതാവിനെ മാറ്റുകയാണ് 2021 ൽ കേരളം ചെയ്തത്. ആ തോൽവിയുടെ ഞെട്ടലിൽ നിന്ന് മാറാൻ ഏറെ സമയം എടുത്ത കോൺഗ്രസിന് ഇക്കുറി കേരളത്തില്‍ ജയിക്കുക നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ് നേതൃത്വം സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തിയ 'ലക്ഷ്യ 2026' ക്യാംപില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 85 മണ്ഡലങ്ങളില്‍ വിജയം ഉറപ്പെന്ന് വിലയിരുത്തി. ഇത് 100 സീറ്റുകളാക്കി തിളക്കം കൂട്ടാൻ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായി പ്രശസ്ത തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ സാന്നിധ്യവും ദ്വിദിന ക്യാംപിലുണ്ടായിരുന്നു.
കഴിഞ്ഞ തവണത്തെ അനുഭവത്തിൽ മുതിർന്ന രാഷ്ട്രീയ നേതാക്കളേക്കാൾ കനുഗോലുവിന്റെ അഭിപ്രായങ്ങൾക്കാണ് ഇക്കുറി ഹൈക്കമാൻഡ് വില നൽകുന്നത്. സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിക്കരുതെന്നും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ പാർട്ടി നേതൃത്വത്തിന് എഴുതി നൽകണമെന്നും മുതിർന്ന നേതാവ് കെ.സി വേണുഗോപാൽ താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്. പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ഇത് നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ലക്ഷ്യം വെക്കുന്ന രണ്ടു മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ടുള്ളതാണ് എന്ന് വ്യക്തമാണ്. പാർലമെന്ററി പാർട്ടിയിലെ ആളെണ്ണത്തിന്റെ ബലത്തിൽ മുഖ്യമന്ത്രിക്കസേര സ്വപ്നം കാണേണ്ട എന്നതാണ് താക്കീതിന്റെ അർത്ഥം.
advertisement
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മധ്യകേരളത്തിലും മലബാറിലും യു.ഡി.എഫിന് വൻ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് 'ലക്ഷ്യ 2026' വിലയിരുത്തൽ. എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ആധിപത്യം പുലർത്താൻ കഴിയും. മലബാറിൽ മലപ്പുറത്ത് സമ്പൂർണവിജയമാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ നിലംപരിശായ കോഴിക്കോട്, പത്തനംതിട്ട, കൊല്ലം,പാലക്കാട്, തൃശൂര്‍, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നിന്ന് മികച്ച മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
20 വര്‍ഷമായി കോണ്‍ഗ്രസിന് എംഎല്‍എ ഇല്ലാത്ത കോഴിക്കോട് ഇക്കുറി 8 സീറ്റുകള്‍ യുഡിഎഫിന് ഉറപ്പാണെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. 2019 ൽ കോന്നി കൈവിട്ടതിന് ശേഷം നിലവിൽ പത്തനംതിട്ടയിലും സീറ്റ് ഇല്ല.
advertisement
ഭരണമാറ്റം എന്ന പതിവ് രീതിക്ക് ഒരു തവണ മാറ്റം വന്നു എങ്കിലും ഇക്കുറി അത് തീർച്ചയെന്ന് പറയുന്ന യുഡിഎഫ് ഉറപ്പിക്കുന്ന സീറ്റുകള്‍
ഉത്തരകേരളം ആകെ (34/ 48 )
കാസര്‍കോട് - 3 , കണ്ണൂര്‍ - 4, കോഴിക്കോട് - 8, വയനാട് - 3, മലപ്പുറം - 16,
മധ്യ കേരളം ആകെ (23/ 39)
പാലക്കാട് - 5, തൃശ്ശൂര്‍ - 6, എറണാകുളം - 12
advertisement
ദക്ഷിണ കേരളം (ആകെ 28/53)
ഇടുക്കി - 4, കോട്ടയം - 5, ആലപ്പുഴ - 4, പത്തനംതിട്ട - 5, കൊല്ലം - 6, തിരുവനന്തപുരം - 4.
യുഡിഎഫ് സ്വീകരിക്കേണ്ട പ്രചാരണ തന്ത്രങ്ങള്‍ സുനില്‍ കനുഗോലു ക്യാംപില്‍ വിശദീകരിച്ചു.
5 വടക്കൻ ജില്ലകളിലും മുസ്ലീം വോട്ടുകളും മധ്യ കേരളത്തിലും മധ്യ തിരുവിതാംകൂറിലുമായി 5 ജില്ലകളിലും ക്രൈസ്തവമത മേലധ്യക്ഷൻ മാരുടെ ഉറച്ച പിന്തുണയിൽ ക്രൈസ്തവ വോട്ടുകളും യുഡിഎഫിന് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
advertisement
140 മണ്ഡലങ്ങളില്‍ വിജയ സാധ്യതയുള്ള യുഡിഎഫ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച സര്‍വേ കനുഗോലുവിന്റെ സംഘം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സുനില്‍ കനുഗോലു ലക്ഷ്യ ക്യാംപില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ആരാവണം, ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റുകളില്‍ എത്രത്തോളം ജയസാധ്യതയുണ്ട് എന്നതടക്കം അദ്ദേഹം വിശദീകരിച്ചു. ഇത് മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍. എന്തെല്ലാം പ്രചാരണ തന്ത്രങ്ങളാണ് സ്വീകരിക്കേണ്ടതെന്നും കനുഗോലു വിശദീകരിച്ചിട്ടുണ്ട്.
സുനിൽ കനുഗോലു ഉൾപ്പെടെയുള്ള നാല് ഏജൻസികൾ കോൺഗ്രസിനായി കേരളത്തിൽ സർവേ നടത്തിയിരുന്നു. 90 സീറ്റ് നേടാൻ കഴിയുമെന്നാണ് കനുഗോലു റിപ്പോർട്ട് നൽകിയത്. നൂറിലധികം സീറ്റ് നേടുമെന്നാണ് വി.ഡി സതീശൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
advertisement
ആരാണ് കനുഗോലു?
ദക്ഷിണേന്ത്യയിലെ ഉരുക്കുനഗരം  എന്നറിയപ്പെടുന്ന, കർണാടകയിലെ ബെല്ലാരി സ്വദേശി. തെലുഗു സംസാരിക്കുന്ന പ്രമുഖ കുടുംബത്തിലെ അംഗം. മിഡിൽ സ്കൂൾ വരെ ബെല്ലാരിയിൽ പഠിച്ച ശേഷം ചെന്നൈയിൽ വിദ്യാഭ്യാസം. പിന്നീട് യുഎസില്‍ നിന്ന് ഉപരിപഠനം പൂർത്തിയാക്കി ആഗോള മാനേജ്മെന്റ് കൺസൾട്ടിംഗ് സ്ഥാപനമായ മക്കിൻസിയിൽ ജോലി. ഇന്ത്യയിലേക്ക് മടങ്ങിവന്ന സുനിൽ ഗുജറാത്തിലെ രാഷ്ട്രീയ തന്ത്രങ്ങളുമായി എബിഎമ്മിന് (അസോസിയേഷൻ ഓഫ് ബില്ല്യണ്‍ മൈൻഡ്) നേതൃത്വം നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ എത്തിയ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന് ഒപ്പം ബിജെപിയുടെ പ്രധാന രാഷ്ട്രീയ തന്ത്രജ്ഞരിൽ ഒരാളായിരുന്നു അദ്ദേഹം. 2017ന്റെ തുടക്കത്തിൽ നടന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിലും സുനിൽ ഒപ്പമായിരുന്നു. ബിജെപിയുടെ പ്രചാരണം മികച്ച രീതിയിൽ കൈകാര്യം ചെയ്തു.
advertisement
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എം കെ സ്റ്റാലിനുമായി ബന്ധപ്പെട്ടുനിന്ന സുനില്‍ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകി. ആ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം ആകെയുള്ള 39 പാർലമെന്റ് സീറ്റുകളിൽ 38 എണ്ണവും നേടി. തന്റെ പഴയസഹപ്രവർത്തകൻ പ്രശാന്ത് കിഷോർ ഡിഎംകെ ക്യാമ്പിൽ ചേർന്ന് തന്ത്രങ്ങൾ മെനയാൻ തുടങ്ങിയതോടെ സുനിൽ സ്റ്റാലിൻ ക്യാമ്പ് വിട്ട് ബെംഗളൂരുവിലേക്ക് മാറി.
ഹിന്ദി ഹൃദയഭൂമി കൈവിട്ടപ്പോഴും കോൺഗ്രസിന് ആശ്വാസമായത് തെലങ്കാനയിലെ തിളക്കമാര്‍ന്ന വിജയം. അതിന് സഹായിച്ചതാകട്ടെ സുനിൽ കനുഗോലുവിന്റെ കൗശലവും. കോൺഗ്രസിന് ചരിത്ര വിജയം സമ്മാനിച്ച കനുഗോലുവിനെ കൈവിട്ടതിന് കെ ചന്ദ്രശേഖരറാവുവിന് വലിയ വില കൊടുക്കേണ്ടിവന്നു.
തമിഴ്നാട് തിരഞ്ഞെടുപ്പിൽ ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം വിശ്രമിക്കുകയായിരുന്ന കനുഗോലു കെസിആർ തന്റെ ഫാം ഹൗസിൽ ദിവസങ്ങളോളം ചർച്ച ചെയ്‌തെങ്കിലും ഒടുവിൽ കെസിആറിന്റെ ടീമിൽ ചേരാതെ കനുഗോലു മടങ്ങി. ഇതുകഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം എഐസിസിയുടെ തിരഞ്ഞെടുപ്പ് തന്ത്രരൂപീകരണ സമിതിയുടെ ചുമതലക്കാരനായി സുനിൽ കനുഗോലു നിയമിക്കപ്പെട്ട വാർത്തയെത്തി.
ത്രികോണ പോരാട്ടത്തിനൊടുവിൽ കർണാടകയിൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചതുവഴി, താൻ ചില്ലറക്കാരനല്ലെന്ന് കനുഗോലു തെളിയിച്ചു.ഒപ്പം തന്നെ തെലങ്കാനയിലും കോൺഗ്രസിന് വേണ്ടി അദ്ദേഹം പ്രവർത്തിച്ചുതുടങ്ങിയിരുന്നു. താഴേത്തട്ടിൽ പ്രതീക്ഷകളെല്ലാം അസ്തമിച്ച് പരുങ്ങലിലായി നിന്ന കോൺഗ്രസിനെ ഉയർത്തിക്കൊണ്ടുവരുക എന്ന വലിയ വെല്ലുവിളി ഏറ്റെടുത്ത സുനിൽ കനുഗോലു കെസിആറിനെ പുറത്താക്കി കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാമെന്ന് ഹൈക്കമാൻഡിന് ഉറപ്പുനൽകി.
കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തിനായി അരയും തലയും മുറുക്കി ബിജെപി കളത്തിലിറങ്ങിയ സമയമായിരുന്നു അത്. പോരാട്ടഭൂമിയിലെവിടെയും കോൺഗ്രസ് ഇല്ലാത്ത അവസ്ഥ. എന്നാൽ നിശബ്ദമായി പ്രവർത്തിച്ച സുനിൽ ആദ്യം പാർട്ടിയില്‍ അടുക്കും ചിട്ടയും കൊണ്ടുവന്നു. പിന്നെ കർണാടകയിലേതുപോലെ കെസിആറിനെ പിന്നോട്ടടിക്കുന്ന തന്ത്രങ്ങൾക്ക് രൂപം നൽകി. ഇതറിഞ്ഞ കെസിആർ തീർത്തും വ്യക്തിപരമായാണ് സുനിലിനെ നേരിട്ടത്. പൊലീസിന് ഉപയോഗിച്ച് ഹൈദരാബാദിലെ ഓഫീസ് റെയ്ഡ് ചെയ്ത് കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു. പൊലീസ് ക്യാമ്പിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ ഇതിലൊന്നും തളരാതെ പുതിയ ഓഫീസ് സജ്ജമാക്കി കനുഗോലു തന്റെ ജോലി തുടർന്നു.
മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ ഏറെക്കുറെ ഏകാന്തനായി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തെരഞ്ഞെടുപ്പ് കാര്യങ്ങളിൽ നേരിട്ട് ഉപദേശിക്കുന്ന കോൺഗ്രസ് പാർട്ടിയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി സുനിൽ വളർന്നു.
കനുഗോലുവിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം തെലങ്കാനയിലേതാണെന്ന് നിസംശയം പറയാം. കർണാടകയിലെ പോരാട്ടം കടുത്തതായിരുന്നു. എന്നാൽ തെലങ്കാന അതിസങ്കീർണ്ണമായിരുന്നു. സംസ്ഥാനത്ത് ബിജെപിക്ക് കൂടുതൽ വോട്ട് വിഹിതം കിട്ടുന്നത് അധികാരത്തിൽ തുടരാൻ കെസിആറിനെ സഹായിക്കുമെന്ന് മനസ്സിലാക്കിയ സുനിൽ, സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം കുറയ്ക്കാൻ ആദ്യം മുതലേ ശ്രമിച്ചു. ബിജെപിയെ അപ്രസക്തമാക്കി കോൺഗ്രസും കെസിആറുമായി നേരിട്ടുള്ള പോരാട്ടമാക്കിമാറ്റി.
കന്യാകുമാരി മുതൽ കാശ്മീർ വരെ കഴിഞ്ഞ വർഷം രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ തന്ത്രങ്ങൾക്ക് പിന്നിലും സുനിലായിരുന്നു. കെസിആറിനെ പിടിച്ചുകെട്ടാൻ ആഴ്ചയിൽ ഏഴുദിവസം പണിയെടുത്തു. തെലങ്കാന പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ, കാത്തുനിന്ന മാധ്യമസംഘത്തിനുമുന്നിലൂടെ സുനിൽ ആരുമറിയാതെ നടന്നുനീങ്ങി! ചോദ്യം ചെയ്യലിന് ശേഷം, തങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് താടിയും കണ്ണടയും ചുരുട്ടിയ ജീൻസും ധരിച്ച് നടന്നുപോകുന്ന മനുഷ്യൻ സുനിൽ ആണെന്ന് മാധ്യമങ്ങൾ മനസ്സിലാക്കിയത് ഏറെ നേരം കഴിഞ്ഞാണ് .
“ഇത് എപ്പോഴും എന്നെ സഹായിച്ചിട്ടുണ്ട്. എന്റെ ശൈലി ലളിതമാണ്. നമുക്ക് ജയിക്കണം. എനിക്ക് പബ്ലിസിറ്റിയും ബഹുമതികളും ആവശ്യമില്ല. എന്നെ ബന്ധപ്പെട്ടവർക്ക് ഞാൻ ആരാണെന്ന് അറിയാം. മറ്റുള്ളവരെ കുറിച്ച് എനിക്ക് ആശങ്കയില്ല," അദ്ദേഹം പറഞ്ഞു.
തെലങ്കാന വിജയത്തോടെ കോൺഗ്രസിന്റെ ഉന്നത നേതാക്കളുടെ നിരയിലേക്കാണ് സുനിൽ കനുഗോലു നടന്നുകയറിയത്.
അന്തർമുഖനായ കനുഗോലു കുറച്ച് സംസാരിക്കുകയും കൂടുതൽ കേൾക്കുകയും ചെയ്യുന്നയാളാണ്. കൃത്യതയുള്ള ആസൂത്രകൻ.ഒപ്പം അത് വിജയിപ്പിക്കുന്നതിൽ കർക്കശക്കാരനുമാണ്. ജോലിയുടെ കാര്യത്തിൽ പബ്ലിസിറ്റിയും പ്രശംസകളും ഇഷ്ടപ്പെടുന്ന തന്റെ പഴയ സഹപ്രവർത്തകൻ പ്രശാന്ത് കിഷോറിന് നേരെ വിപരീതമാണ് സുനിൽ.
വാർത്തകളിലോ ക്യാമറകൾക്ക് മുന്നിലോ വരാതെ സ്വകാര്യത സൂക്ഷിക്കാനും കനുഗോലു ശ്രദ്ധിക്കുന്നു..  കഴിഞ്ഞ വർഷം ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം പോലും സുനിലിന്റെ ചിത്രമെന്ന നിലയിൽ നൽകിയത് അദ്ദേഹത്തിന്റെ സഹോദരന്റെ ചിത്രമാണ്.
രാഷ്ട്രീയ അഴിമതികളിൽ നിന്നും ലോബിങ്ങിൽ നിന്നും അകന്നുനിൽക്കാൻ ആഗ്രഹിക്കുന്ന, അനുഭവസമ്പത്തും അറിവും വൈദഗ്ധ്യവുമുള്ള സുനിൽ കനുഗോലു പത്തുവർഷത്തിനുള്ളിൽ സ്വന്തമാക്കിയത് അത്ഭുതപ്പെടുത്തുന്ന വളർച്ചയാണ്.
ആ അനുഭവസമ്പത്ത് ഇക്കുറി കേരളത്തിൽ കോൺഗ്രസിന്റെ വിജയത്തിനും അങ്ങനെ തങ്ങളുടെ മനസിലുള്ള നേതാവിന് തന്നെ മുഖ്യമന്ത്രി ആകാനും വഴിയൊരുക്കും എന്നാണ് ഹൈക്കമാൻഡിന്റെ പ്രതീക്ഷ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുനില്‍ കനുഗോലു; ബെല്ലാരിയിൽ നിന്നുള്ള തന്ത്രങ്ങളുടെ രാജയിലൂടെ കേരളത്തിൽ 100 കടക്കുമോ കോൺഗ്രസ് ?
Next Article
advertisement
സുനില്‍ കനുഗോലു; ബെല്ലാരിയിൽ നിന്നുള്ള തന്ത്രങ്ങളുടെ രാജയിലൂടെ കേരളത്തിൽ 100 കടക്കുമോ കോൺഗ്രസ് ?
സുനില്‍ കനുഗോലു; ബെല്ലാരിയിൽ നിന്നുള്ള തന്ത്രങ്ങളുടെ രാജയിലൂടെ കേരളത്തിൽ 100 കടക്കുമോ കോൺഗ്രസ് ?
  • സുനിൽ കനുഗോലുവിന്റെ തന്ത്രങ്ങൾക്കാണ് ഇത്തവണ കേരളത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് കൂടുതൽ ആശ്രയിക്കുന്നത്

  • ലക്ഷ്യ 2026 ക്യാമ്പിൽ 100 സീറ്റുകൾ നേടാൻ കനുഗോലുവിന്റെ നേതൃത്വത്തിൽ സർവേയും റിപ്പോർട്ടും നടന്നു.

  • തെലങ്കാന, കർണാടക വിജയങ്ങൾക്ക് പിന്നിലെ തന്ത്രങ്ങൾ കേരളത്തിൽ വിജയ പ്രതീക്ഷ ഉയർത്തി.

View All
advertisement