രണ്ട് ലക്ഷത്തോളം രൂപ ബാഗിൽ നിന്നും മോഷ്ടിച്ച സ്ത്രീകളെ സിനിമാ സ്റ്റൈലിൽ ഓടിച്ചിട്ട് പിടിച്ച് താരമായി വനിതാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
- Published by:Rajesh V
- news18-malayalam
Last Updated:
കെഎസ്ആർടിസി ബസിൽ യാത്രചെയ്യവെ തന്റെ ബാഗിൽനിന്നു പണം കവർന്ന സ്ത്രീകളെയാണ് നെടുവത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും എൻഎസ്എസ് താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റുമായ ജലജാ സുരേഷ് സാഹസികമായി പിടികൂടിയത്
കൊല്ലം: മോഷ്ടാക്കളായ രണ്ട് തമിഴ്നാട് സ്വദേശിനികളെ സിനിമാ സ്റ്റൈലിൽ ന്തുടർന്ന് ഓടിച്ചിട്ട് പിടികൂടിയ വനിതാ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാട്ടിലെ താരമായി. കെഎസ്ആർടിസി ബസിൽ യാത്രചെയ്യവെ തന്റെ ബാഗിൽനിന്നു പണം കവർന്ന സ്ത്രീകളെയാണ് നെടുവത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും എൻഎസ്എസ് താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റുമായ ജലജാ സുരേഷ് സാഹസികമായി പിടികൂടിയത്. 10 വർഷമായി പഞ്ചായത്ത് അംഗമാണ് ജലജ.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. പോസ്റ്റോഫീസ് ആർഡി ഏജന്റ് കൂടിയായ ജലജാ സുരേഷ് കുണ്ടറ പോസ്റ്റ് ഓഫീസിൽ പോയി ബസിൽ മടങ്ങുകയായിരുന്നു. കയ്യിൽ രണ്ട് ലക്ഷത്തോളം രൂപ ഉണ്ടായിരുന്നു.1.50ന് പള്ളിമുക്കിൽനിന്ന് പത്തനാപുരത്തേക്കുള്ള കെഎസ്ആർടിസി ബസിൽ കയറി. കൊട്ടാരക്കര മണികണ്ഠനാൽത്തറയിൽ ഇറങ്ങുന്നതിനായി എഴുന്നേറ്റപ്പോൾ, ഒപ്പം ഇറങ്ങാനെന്ന വ്യാജേനയെത്തിയ രണ്ട് സ്ത്രീകൾ പിന്നിൽനിന്ന് തള്ളുകയും 'ചന്തമുക്ക് ആയോ' എന്നു തിരക്കുകയും ചെയ്തു. ഇല്ലെന്ന് പറഞ്ഞതോടെ രണ്ടുപേരും സീറ്റിലേക്ക് മടങ്ങി.
ബസിൽ നിന്നിറങ്ങിയതോടെ സംശയം തോന്നി ബാഗ് നോക്കിയപ്പോഴാണ് ബാഗിന്റെ സിബ് തുറന്നുകിടക്കുന്നതും പണം നഷ്ടമായതും ജലജ മനസിലാക്കിയത്. സമയം കളയാതെ അടുത്തുകണ്ട ഓട്ടോറിക്ഷയിൽ കയറി ബസിനെ പിന്തുടർന്നു. ചന്തമുക്കിൽ വാഹനത്തിരക്കിൽ കുരുങ്ങിയതോടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനോട് ജലജ കാര്യം പറഞ്ഞു. ഇതോടെ ഓട്ടോ വേഗം കടത്തിവിട്ടു. ഈ സമയം ചന്തമുക്കിൽ ബസിറങ്ങിയ സ്ത്രീകൾ മറ്റൊരു ഓട്ടോയിൽ കയറിയിരുന്നു. തൊട്ടുപിന്നിൽ നിർത്തിയ ഓട്ടോയിൽനിന്ന് ചാടിയിറങ്ങിയ ജലജ, പോകാൻ തുടങ്ങിയ ഓട്ടോയുടെ ഹാൻഡിലിൽ പിടിച്ചുനിർത്തി രണ്ടു സ്ത്രീകളെയും പുറത്തിറക്കി.
advertisement
ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും സാരിയിൽ പിടിച്ചുനിർത്തുകയായിരുന്നു. ഇതിനിടെ സ്ത്രീകളുടെ ശരീരത്തിൽ ഒളിപ്പിച്ചിരുന്ന നോട്ടുകെട്ടുകൾ താഴെവീണു. തങ്ങളല്ല മോഷ്ടിച്ചതെന്നും പണം ജലജയുടെ ബാഗിൽനിന്ന് വീണതാണെന്നും പറഞ്ഞ് തടിയൂരാനും സ്ത്രീകൾ ശ്രമിച്ചു. പൊലീസെത്തുന്നതുവരെ ഇരുവരെയും ജലജ തടഞ്ഞുനിർത്തി. പിന്നാലെ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.
തമിഴ്‌നാട് ഗോപിച്ചെട്ടി സ്വദേശിനി ശെൽവി (45), മകൾ അഥിനി (27) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും പല പേരുകളിൽ കറങ്ങിനടന്ന് മോഷണം പതിവാക്കിയവരാണെന്ന് പൊലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
June 17, 2025 10:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ട് ലക്ഷത്തോളം രൂപ ബാഗിൽ നിന്നും മോഷ്ടിച്ച സ്ത്രീകളെ സിനിമാ സ്റ്റൈലിൽ ഓടിച്ചിട്ട് പിടിച്ച് താരമായി വനിതാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്