മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി വാഴ്ത്തുപാട്ട്; 'ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ’
- Published by:Rajesh V
- news18-malayalam
Last Updated:
ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ പൂവത്തൂർ ചിത്രസേനൻ ആണ് ഗാനം രചിച്ചത്. 'കാവലാൾ' എന്ന തലക്കെട്ടിലാണ് വാഴ്ത്തുപാട്ട് എഴുതിയിരിക്കുന്നത്
മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി വാഴ്ത്തുപാട്ട്. സെക്രട്ടേറിയറ്റിന് പിന്നിലെ സെൻട്രൽ സ്റ്റേഡിയത്തിൽ സിപിഎം അനകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയെ വാഴ്ത്തി ഗായക സംഘം പാട്ടുപാടിയത്. ഫീനിക്സ് പക്ഷിയായും പടനായകനായും പിണറായി വിജയനെ വിശേഷിപ്പിക്കുന്ന വാഴ്ത്തുപാട്ട് തുടങ്ങുമ്പോൾ മുഖ്യമന്ത്രി വേദിയിലുണ്ടായിരുന്നില്ല. പാട്ട് പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി വേദിയിലേക്ക് എത്തിയത്.
ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ പൂവത്തൂർ ചിത്രസേനൻ ആണ് ഗാനം രചിച്ചത്. 'കാവലാൾ' എന്ന തലക്കെട്ടിലാണ് വാഴ്ത്തുപാട്ട് എഴുതിയിരിക്കുന്നത്. 100 വനിതാ ജീവനക്കാരാണ് ഗാനം ആലപിച്ചത്.
ചെമ്പടയ്ക്ക് കാവലാൾ ചെങ്കനൽ കണക്കൊരാൾ
ചെങ്കൊടി കരത്തിലേന്തി കേരള നയിക്കയായ്
തൊഴിലിനായ് പൊരുതിയും ജയിലറകൾ നേടിയും
ശക്തമായ മർദ്ദനങ്ങളേറ്റ ധീര സാരഥി– എന്നിങ്ങനെയാണ് വരികൾ.
‘സമരധീര സാരഥി പിണറായി വിജയൻ, പടയുടെ നടുവിൽ പടനായകൻ’ എന്ന വരികളോടെയാണു പാട്ടു തുടങ്ങുന്നത്. ‘ഫീനിക്സ് പക്ഷിയായി മാറുവാൻ ശക്തമായ ത്യാഗപൂർണ ജീവിതം വരിച്ചയാളാ’ണു പിണറായിയെന്നു പാട്ടിൽ പറയുന്നു.
advertisement
‘പാടവും പറമ്പും കേരമൊക്കെയും പടക്കളം
ജന്മിവാഴ്ചയെ തകർത്തു തൊഴിലിടങ്ങളാക്കിയോൻ
പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ
തഴുകിയ കരങ്ങളിൽ ഭരണചക്രമായിതാ...
കൊറോണ നിപ്പയൊക്കവേ തകർത്തെറിഞ്ഞ നാടിതേ
കാലവർഷക്കെടുതിയും ഉരുൾപൊട്ടലൊക്കവേ
ദുരിതപൂർണ ജീവിതം ഇരുളിലായ കാലവും
കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാൾ
ജീവനുള്ള നാൾ വരെ സുരക്ഷിതത്വമേകിടാൻ
പദ്ധതികളൊക്കെയും ജനതതിക്കു നൽകിയോൻ’ - എന്നിങ്ങനെ പോകുന്നു വരികൾ.
കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വാഴ്ത്തുപാട്ടിനെ കുറിച്ചുള്ള ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. 'വാർത്ത വന്നതല്ലേ, വാർത്തയിൽ വന്നാൽ പിന്നെ ശ്രദ്ധയിൽ പെടൂല്ലേ? ഞാനാ പാട്ട് എന്താണെന്ന് കേട്ടിട്ടില്ല. വല്ലാതെ അധിക്ഷേപിച്ചു കൊണ്ടിരിക്കുമ്പം ലേശം പുകഴ്ത്തൽ വന്നാൽ അതിൽ വല്ലാത്ത അസ്വാസ്ഥ്യം ഉണ്ടാകും എന്നത് ഉറപ്പാണ്. അതിൽ എനിക്ക് സംശയമില്ല. ഇങ്ങനെ ഒരു കാര്യം വരുമ്പോൾ തന്നെ, സകലമാന കുറ്റങ്ങളും എന്റെ തലയിൽ ചാർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു കൂട്ടർ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ. അങ്ങനെയുള്ള ആളുകൾക്ക് വല്ലാത്ത വിഷമം സ്വാഭാവികമായിട്ടുണ്ടാകും. അത് അങ്ങനെയേ കാണേണ്ടതായുള്ളൂ'- മുഖ്യമന്ത്രി പറഞ്ഞു.
advertisement
മൂന്നുവർഷം മുമ്പ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശാലയിൽ പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. അഞ്ഞൂറോളം വനിതകൾ പാറശാലയിൽ അവതരിപ്പിച്ച മെഗാതിരുവാതിരയിൽ ‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ, എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീരസഖാവാണ്’ എന്നിങ്ങനെയായിരുന്നു പാട്ട്.
പിണറായിയെ സ്തുതിച്ചു ‘കേരള സിഎം’ എന്ന പേരിൽ യൂട്യൂബിൽ കഴിഞ്ഞവർഷം ഒരു വിഡിയോ ഗാനവുമിറങ്ങിയിരുന്നു. ‘പിണറായി വിജയൻ നാടിന്റെ അജയൻ’ എന്നു തുടങ്ങുന്ന പാട്ടിൽ ‘തീയിൽ കുരുത്തൊരു കുതിര’, ‘കൊടുങ്കാറ്റിൽ പറക്കും കഴുകൻ’ എന്നെല്ലാമായിരുന്നു വിശേഷണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
January 16, 2025 12:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി വാഴ്ത്തുപാട്ട്; 'ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ’