കവിയും നോവലിസ്റ്റുമായ ടി പി രാജീവന്‍ അന്തരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കോഴിക്കോട്: കവിയും നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ ടി.പി.രാജീവന്‍ (63) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം. വൃക്ക കരൾ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി 11.30 ഓടെയാണ് അന്ത്യം. വ്യാഴാഴ്ച രാവിലെ 9 മുതൽ 11 വരെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനം. സംസ്കാരം വൈകീട്ട് മൂന്നിന് നരയംകുളത്തെ വീട്ടുവളപ്പിൽ.
കാലിക്കറ്റ് യൂണിവേഴ്സിറ്റി പബ്ലിക് റിലേഷൻസ് ഓഫിസറായിരുന്നു. വിദ്യാർത്ഥിയായിരുന്ന കാലം മുതൽ കവിതകളെഴുതി.ഡൽഹിയിലെ പാട്രിയറ്റ് പത്രത്തിൽ പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന കവികളിൽ പ്രമുഖനായിരുന്ന അദ്ദേഹം കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ (2011-16) കാലത്ത് സാംസ്കാരിക മന്ത്രി കെ.സി ജോസഫിന്റെ ഉപദേഷ്ടാവുമായിരുന്നു.
രണ്ടുനോവലുകൾ ചലച്ചിത്രങ്ങളായി. 'പാലേരി മാണിക്യം -ഒരു പാതിരാ കൊലപാതകത്തിൻറെ കഥ' അതേ പേരിലും 'കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും' എന്ന നോവൽ 'ഞാൻ' എന്ന പേരിലുമാണ് രഞ്ജിത്ത് സിനിമയാക്കിയത്. അൺഡൈയിങ്ങ് എക്കോസ് ഓഫ് സൈലന്‍സ് എന്ന അമേരിക്കയിൽ വെച്ച് എഴുതിയ ഇംഗ്ലീഷ് നോവൽ പ്രസിദ്ധീകരിച്ചട്ടുണ്ട്.
advertisement
ഇംഗ്ലീഷ് കവി എന്ന നിലയില്‍ വിദേശത്തടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. കവിതകള്‍, യാത്രാ വിവരണങ്ങള്‍, ലേഖന സമാഹാരം, നോവല്‍ എന്നിങ്ങനെ സാഹിത്യ മേഖലയില്‍ നിരവധി സംഭാവനകള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ് ടി പി രാജീവന്‍. 'കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും' എന്ന കൃതിക്ക് 2014ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിരുന്നു. ലെടിംഗ് ഹൗസ് ഫെലോഷിപ്പ്, യുഎസിലെ റോസ്ഫെല്ലോ ഫൗണ്ടേഷൻ ഫെലോഷിപ്പ് എന്നിവയും നേടി.
ഇംഗ്ലീഷിൽ മൂന്നും മലയാളത്തിൽ ആറും കവിതാ സമാഹാരങ്ങൾ. 'പുറപ്പെട്ടു പോയ വാക്ക്' എന്ന യയാത്രാ വിവരണവും 'അതേ ആകാശം' 'വാക്കും എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.
advertisement
റിട്ട.അധ്യാപകനായ തച്ചംപൊയില്‍ രാഘവന്‍ നായരുടേയും ദേവി അമ്മയുടേയും മകനായി 1959ൽ പാലേരിയിലാണ് ജനനം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ്, ഒറ്റപ്പാലം എൻഎസ്എസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. നടുവണ്ണൂരിനടുത്ത് കോട്ടൂർ നരയംകുളത്തെ യിരുന്നു താമസം.
ഭാര്യ: പി.ആർ.സാധന( റിട്ട. സെക്‌ഷൻ ഓഫിസർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). മക്കൾ: ശ്രീദേവി, പാർവതി (റേഡിയോ മിർച്ചി), മരുമകൻ: ഡോ. ശ്യാം സുധാകര്‍(അസിസ്റ്റന്റ് പ്രൊഫസർ, സെന്‌റ് തോമസ് കോളേജ് തൃശൂർ)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 03, 2022 6:11 AM IST