#ആശ സുൾഫിക്കർ
പ്രളയം, നിപ, ശബരിമല കേരളത്തിന് സംഭവബഹുലമായിരുന്നു ഈ വർഷം. പ്രകൃതിയും വൈറസും സുപ്രീം കോടതി വിധിയുമെല്ലാം പലതരത്തിൽ കേരളത്തിന് പ്രഹരമായെത്തി. എന്നാൽ ഈ ദുരന്തങ്ങൾക്കും ദുരിതങ്ങൾക്കും പ്രതിഷേധങ്ങൾക്കും അപ്പുറം 2018 ൽ കേരളത്തെ വലച്ച മറ്റൊരു കാര്യം കൂടിയുണ്ട്. 'ഹർത്താൽ. വേണ്ടതിനും വേണ്ടാത്തതിനുമൊക്കെയായി പാർട്ടികളും സംഘടനകളും ഹർത്താൽ പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽ 2018ൽ ആകെ 97 ഹർത്താൽ. രണ്ട് മാസത്തെ വേനലവധിക്ക് പുറമെ കുട്ടികൾക്ക് പലപ്പോഴായി മൂന്ന് മാസത്തിലധികം ദിനങ്ങൾ അവധിയായി ലഭിച്ചുവെന്നും ചുരുക്കം.
നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)
ശരാശി 3.58 ദിവസത്തിൽ ഒന്ന് എന്ന നിലയ്ക്കാണ് കേരളത്തിൽ ഈ വർഷം ഹർത്താൽ ഇന്നിങ്സ് പുരോഗമിച്ചത്. രാഷ്ട്രീയ കക്ഷികളെ കൂടാതെ മത്സ്യസംരക്ഷണ സമിതി, പൗരസമിതി, ജലസംരക്ഷണസമിതി, ദളിത് സംഘടനകളുടെ ഐക്യവേദി, ഹിന്ദുഐക്യവേദി, യാക്കോബായ സഭ, അയ്യപ്പധർമ്മസമിതി തുടങ്ങി വിവിധ സംഘടനകളും പ്രാദേശികമായി നാട്ടുകാർ വരെ ഹർത്താലാഹ്വാനത്തിൽ പങ്ക് വഹിച്ചിട്ടുണ്ട്.
ടീം ബിജെപി
ദൈവത്തിന്റെ സ്വന്തം നാട് ഹർത്താലുകളുടെ കൂടെ നാടാണെന്ന് നിസംശയം പറയാവുന്ന വർഷമാണ് കടന്നു പോയത്. ഹർത്താൽ ഇന്നിങ്സിൽ മുൻപന്തിയിൽ നിൽക്കുന്ന പാർട്ടി ബിജെപി തന്നെയാണ്. 26 ഹർത്താലുകളാണ് ഇവർ നടത്തിയത്.
ടീം യുഡിഎഫ്
ഹർത്താലിൽ ബിജെപിയോട് മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയത് യുഡിഎഫാണ്. 23 ഹർത്താലുകളാണ് ഇവരുടെ ക്രെഡിറ്റിലുള്ളത്
ടീം എൽഡിഎഫ്
ഭരണപാർട്ടിയും ഹർത്താൽ കാര്യത്തിൽ ഒട്ടും പിന്നിലല്ല. 15 ഹർത്താലുകളാണ് ഇവർ നടത്തിയത്.
മറ്റു ടീമുകൾ
വ്യാപാരി വ്യവസായി സംഘടനകളുടെ നേതൃത്വത്തിൽ നടന്നത് 11 ഹർത്താലുകൾ.ആത്മഹത്യ, കൊലപാതകം, രാഷട്രീയ അതിക്രമങ്ങൾ, പൊലീസ് നടപടി എന്നിവയെല്ലാം ഹർത്താലിന് കാരണമായിട്ടുണ്ട്. ആത്മഹത്യയുടെ പേരിൽമാത്രം നടന്നത് അഞ്ച് ഹർത്താലുകൾ.
2018 ൽ ഏറ്റവും ശ്രദ്ധ നേടിയത് വാട്സ്ആപ്പ് ഹർത്താലും അതിന് ബദലായി നടന്ന ഹർത്താലുമാണ്. ഏപ്രിൽ 16 നാണ് കേരളത്തിൽ സോഷ്യൽ മീഡിയ വഴി ആഹ്വാനം ചെയ്ത ഹർത്താൽ നടക്കുന്നത്. വാട്സ്ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങൾ വഴി ആരോ ആഹ്വാനം ചെയ്ത ഹർത്താലിൽ അങ്ങിങ്ങ് അതിക്രമസംഭവങ്ങളും ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് 385 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ആയിരത്തിലധികം പേരെ കസ്റ്റഡിയിലെടുത്തു. വാട്സ്ആപ്പ് ഗ്രൂപ്പുകൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വരാനും ഇത് കാരണമായി.ഈ ഹർത്താലിൽ കടകൾ തകർത്തെന്ന് ആരോപിച്ചാണ് മലപ്പുറം ജില്ലയിലെ താനൂരിൽ വ്യാപാരി വ്യവസായികൾ തൊട്ടടുത്ത ദിവസം ബദൽ ഹർത്താൽ നടത്തിയത്.
ഹർത്താൽ സെഞ്ചുറി തികയ്ക്കുന്നതിന് മുൻപ് ഈ വർഷം കടന്നു പോയി. എങ്കിലും ഹർത്താലിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കിയിട്ട് കൂടിയാണ് വർഷം കടന്നു പോയത്. അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ കനത്ത നഷ്ടം വരുത്തി വയ്ക്കുന്ന സാഹചര്യത്തിൽ വ്യാപരികളും തിയറ്റർ ഉടമകളും ഇനി മുതൽ ഹർത്താലുമായി സഹകരിക്കില്ലെന്ന് ഉറച്ച തീരുമാനമെടുത്തിരിക്കുകയാണ്. ഒരു കാലത്ത് ഹർത്താലുകൾ അവധി ദിനങ്ങളായി ആഘോഷിച്ച് കൊണ്ടിരുന്ന ആളുകൾ തുടരെത്തുടരെയുള്ള ഹർത്താലുകളിൽ വലഞ്ഞ് ഇനിയും ഹർത്താലുകളെ പ്രോത്സാഹിപ്പിക്കുമോ എന്നും വരും വർഷത്തിലറിയാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.