വിനോദസഞ്ചാരത്തിനിടെ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
നിബിനെ പാറയിൽ ഇരുത്തിയശേഷം നിതിനെ മുകളിലേക്ക് കയറ്റുന്നതിനിടെ നിബിൽ കാൽ വഴുതി വീണ്ടും ഒഴുക്കിൽപ്പെട്ട് കുത്തുകയത്തിൽ പതിക്കുകയായിരുന്നു
ഇടുക്കി: വിനോദ യാത്രയ്ക്കെത്തി ഏലപ്പാറ കൊച്ചുകരിന്തരുവി പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദ്ദേഹം ഇന്ന് രാവിലെ കണ്ടത്തി. തിരുവനന്തപുരം കല്ലമ്പലം നിബിൻ മൻസിലിൽ ഫസിലിന്റെ മകൻ നിബിന്റെ മൃതദ്ദേഹമാണ് കണ്ടത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം ഉണ്ടായത്.
തിരുവനന്തപുരത്തു നിന്നും ഗവിയിൽ സന്ദർശനം നടത്തിയ സംഘം ഇന്നലെ അഞ്ചു മണിയോടെയാണ് കൊച്ചുകരിന്തരുവിയിൽ എത്തിയത്. താമസിക്കാനുള്ള റിസോർട്ട് തരപ്പെടുത്തിയ ശേഷം എല്ലാവരും ചേർന്ന് പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു.
അനുജൻ നിതിൻ ഒഴുക്കിൽ പെട്ടതു കണ്ട് രക്ഷപെടുത്താൻ ഇറങ്ങിയതാണ് നിബിൻ. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരനായ വെട്ടുകല്ലാംകുഴി ടോമി രണ്ടുപേരെയും രക്ഷപെടുത്തി. നിബിനെ പാറയിൽ ഇരുത്തിയശേഷം നിതിനെ മുകളിലേക്ക് കയറ്റുന്നതിനിടെ നിബിൽ കാൽ വഴുതി വീണ്ടും ഒഴുക്കിൽപ്പെട്ട് കുത്തുകയത്തിൽ പതിക്കുകയായിരുന്നു.
നാട്ടുകാർ ഏറെ നേരം ശ്രമിച്ചെങ്കിലും നിബിനെ കണ്ടു കിട്ടിയില്ല. അതിനിടെ പീരുമേട്ടിൽ നിന്ന് അഗ്നിശമന സേനയും, വാഗമൺ പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കയത്തിന് നല്ല ആഴവും പാറയിടുക്കുകളും ഉള്ളതിനാൽ തിരച്ചിൽ ദുഷ്ക്കരമായിരുന്നു. പാതാള കരണ്ടി ഉപയോഗിച്ച് അഗ്നിശമന സേന നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.
advertisement
രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും ഫലമില്ലാതെ വന്നതോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടുകൂടി തിരച്ചിൽ വീണ്ടും തുടങ്ങാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ ഇന്ന് വെളുപ്പിന് ഈരാറ്റുപേട്ട കേന്ദ്രമായി പ്രവർത്തിക്കുന്ന നൻമകൂട്ടം റാപ്പിഡ് റസ്ക്യൂ ടീം കൊച്ചുകരിന്തരുവിയിൽ എത്തി പുഴയിൽ നടത്തിയ തിരച്ചിലിന് ഒടുവിൽ 6 മണിയോടെ മൃതദേഹം കണ്ടത്തുകയായിരുന്നു. തുടർന്ന് മൃതദ്ദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ് മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
October 25, 2023 12:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിനോദസഞ്ചാരത്തിനിടെ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു


