രാഹുല്‍ മാങ്കൂട്ടത്തിലിനും പിന്തുണച്ച രമേഷ് പിഷാരടിക്കുമെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്

Last Updated:

'രാഹുൽ മാങ്കൂട്ടം ഈ ആരോപണങ്ങൾ ഒന്ന് നിഷേധിച്ചിരുന്നുവെങ്കിൽ ഞങ്ങൾക്ക് തല ഉയർത്തി നടക്കാമായിരുന്നു. ഇപ്പോൾ ആത്മാഭിമാനമുള്ള ഒരു വനിതാ യൂത്ത് കോൺഗ്രസ്‌ നേതാക്കൾക്കും പൊതുസമൂഹത്തിന് മുന്നിൽ തല ഉയർത്താൻ കഴിയുന്നില്ല എന്നതാണ് അവസ്ഥ. അഭിനയം രാഷ്ട്രീയം ആക്കുന്നവർക്ക് ഇത് പ്രശ്നമല്ല'

രാഹുൽ മാങ്കൂട്ടത്തിൽ, രമേഷ് പിഷാരടി
രാഹുൽ മാങ്കൂട്ടത്തിൽ, രമേഷ് പിഷാരടി
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎക്കും അദ്ദേഹത്തെ പിന്തുണച്ച സിനിമാ താരം രമേഷ് പിഷാരടിക്കുമെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ. പാർട്ടിക്ക് വ്യക്തമായ ബോധ്യമുള്ളതിനാലാവണം നേതൃത്വം രാഹുലിനെതിരെ അച്ചടക്ക നടപടിയിലേക്ക് കടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നുവെങ്കിൽ യൂത്ത് കോൺഗ്രസിലെ വനിതകൾക്ക് തല ഉയർത്തി നടക്കാമായിരുന്നുവെന്നും ഇപ്പോൾ ആത്മാഭിമാനമുള്ള ഒരു വനിതാ യൂത്ത് കോൺഗ്രസ്‌ നേതാക്കൾക്കും പൊതുസമൂഹത്തിന് മുന്നിൽ തല ഉയർത്താൻ കഴിയുന്നില്ല എന്നതാണ് അവസ്ഥയെന്നും നീതു വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
മുൻപ് സ്വന്തം സഹപ്രവർത്തകയായ ഒരു അതിജീവിതയുടെ പ്രമാദമായ കേസിൽ എന്തുകൊണ്ട് താങ്കൾ മൗനം പാലിച്ചത് എന്തിന് വേണ്ടിയായിരുന്നു‌വെന്നും രമേഷ് പിഷാരടിയോട് നീതു വിജയൻ ചോദിച്ചു. രാഹുലിനെതിരെ ഇതുവരെ പരാതികളൊന്നും വന്നിട്ടില്ലെന്നും ആരോപണങ്ങൾ മാത്രമാണ് ഇപ്പോൾ മുന്നിലുള്ളതെന്നും രമേഷ് പിഷാരടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. വിധി വരട്ടെയെന്ന് പറയാൻ രാഹുലിനെതിരെ ഒരു പരാതി പോലും ഇല്ലെന്ന കാര്യം ശ്രദ്ധിക്കണം. ആരോപണങ്ങൾ മാത്രമായതിനാൽ അതു തെളിയിക്കപ്പെടും വരെ നിലവിലുള്ള സ്ഥാനം രാജിവയ്ക്കേണ്ടതില്ല. എന്നാൽ എംഎൽഎ എന്ന നിലയിൽ രാഹുൽ കുറെക്കൂടി ശ്രദ്ധപുലർത്തേണ്ടിയിരുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞിരുന്നു.
advertisement
നീതു വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്
രമേശ് പിഷാരടി,
താങ്കൾ ഒരു സുപ്രസിദ്ധനായ താരം എന്നതിലുപരി കോൺഗ്രസുകാരനായ താരം എന്നതിൽ ഏറെ അഭിമാനിച്ചവരാണ് ഞാനടക്കമുള്ള കോൺഗ്രസുകാർ. പക്ഷേ, താങ്കളുടെ ഇന്നത്തെ പരാമർശം ഒരു കോൺഗ്രസ്‌ അനുഭാവിയുടേതല്ലാത്തതായി മാറി. പാർട്ടി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ക്കെതിരെ നടപടി എടുത്ത കാര്യങ്ങൾ എല്ലാം താങ്കൾക്കും അറിവുള്ളതാണല്ലോ?... പാർട്ടിയുടെ അച്ചടക്ക നടപടി എന്ന് പറയുന്നത് കേവലം പോലീസ് സ്റ്റേഷനിൽ വീഴുന്ന ഒരു FIR ന്റെ അടിസ്ഥാനത്തിലോ, കോടതിയിൽ ശിക്ഷിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തിലോ, മാധ്യമ വിചാരണയിലോ അല്ല. മറിച്ചു, പാർട്ടിക്ക് ലഭിക്കുന്ന പരാതികളുടെയും നേതാക്കളുടെ ബോധ്യപ്പെടലുകളുടെയും അടിസ്ഥാനത്തിൽ ആണ്. ഈ വിഷയത്തിൽ അദ്ദേഹത്തിനെതിരെ പാർട്ടിക്ക് വ്യക്തമായ ബോധ്യമുള്ളതിനാലാവണം നേതൃത്വം ഇത്തരം അച്ചടക്ക നടപടിയിലേക്ക് കടന്നത് എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്.
advertisement
ഒരു യൂത്ത് കോൺഗ്രസ്‌ വനിത നേതാവ് എന്ന നിലയിൽ ഞങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ താങ്കൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല. പൊതുസമൂഹത്തിൽ ഏറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് ഞങ്ങൾ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. ഞങ്ങളുടെ പ്രസ്ഥാനത്തിൽ ഉള്ള ഓരോരുത്തർക്കും നേരെ ഉയരുന്ന ആരോപണങ്ങൾ ഞങ്ങളെയും ബാധിക്കുന്നതാണ് എന്ന് നിങ്ങൾ ഓർക്കണം. രാഹുൽ മാങ്കൂട്ടം ഈ ആരോപണങ്ങൾ ഒന്ന് നിഷേധിച്ചിരുന്നുവെങ്കിൽ ഞങ്ങൾക്ക് തല ഉയർത്തി നടക്കാമായിരുന്നു. ഇപ്പോൾ ആത്മാഭിമാനമുള്ള ഒരു വനിതാ യൂത്ത് കോൺഗ്രസ്‌ നേതാക്കൾക്കും പൊതുസമൂഹത്തിന് മുന്നിൽ തല ഉയർത്താൻ കഴിയുന്നില്ല എന്നതാണ് അവസ്ഥ.അഭിനയം രാഷ്ട്രീയം ആക്കുന്നവർക്ക് ഇത് പ്രശ്നമല്ല. പക്ഷെ രാഷ്ട്രീയം സാമൂഹ്യസേവനം ആക്കുന്നവർക്ക് സമൂഹത്തെ അഭിമുഖീ കരിക്കേണ്ടിവരും.
advertisement
സിനിമ മേഖലയിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ നിങ്ങൾ എല്ലാവരെയും ബാധിക്കുന്നത് പോലെ തന്നെയാണ് പൊതുപ്രവർത്തന രംഗത്തും.
ഈ വിഷയത്തിൽ അഭിപ്രായം പറയാൻ കാണിച്ച താല്പര്യം വർഷങ്ങൾക്ക് മുൻപ് സ്വന്തം സഹപ്രവർത്തകയായ ഒരു അതിജീവിതയുടെ പ്രമാദമായ കേസിൽ എന്തുകൊണ്ട് താങ്കൾ കാണിച്ചില്ല. താങ്കൾ അടക്കമുള്ളവർ മൗനം പാലിച്ചത് എന്തിന് വേണ്ടിയായിരുന്നു. ഇത് കോൺഗ്രസ്‌ പാർട്ടി എടുത്ത തീരുമാനമാണ്. ഈ ആരോപണങ്ങൾ തെറ്റാണെന്ന് സധൈര്യം വിളിച്ചു പറയാൻ യൂത്ത് കോൺഗ്രസ്‌ മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ക്ക് എന്തുകൊണ്ട് ഇപ്പോഴും സാധിക്കുന്നില്ല എന്ന് വളരെ ആശങ്കയോടെ നോക്കിക്കാണുന്ന ഒരു സഹപ്രവർത്തകയാണ് ഞാൻ.
advertisement
വ്യക്തികേന്ദ്രീകൃതമായി സംസാരിക്കാതെ പാർട്ടിയുടെ തീരുമാനങ്ങൾക്ക് വില കല്പിക്കണം. എന്തായാലും താങ്കളെ പോലുള്ളവർ കോൺഗ്രസ്‌ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണം.സഹപ്രവർത്തക സ്നേഹയ്ക്കും ഉമാ തോമസ് MLA യ്ക്കും എന്തിനേറെ പ്രിയപ്പെട്ട കോൺഗ്രസ്‌ നേതാവ് കെ സി വേണുഗോപാൽ MP യുടെ പത്നിയ്ക്ക് നേരെ പോലും ഉണ്ടായ സൈബർ അറ്റാക്കുകൾ കണ്ട് ഭയന്നു തന്നെയാണ് ഇത്രയും നാൾ വനിതകൾ മൗനിയായത്.ഇനിയും നിശബ്ദത പാലിച്ചാൽ പല കഴുകന്മാരുടെയും കണ്ണുകൾ പുതിയ നിരയിലെ പെൺകൊടികൾക്ക് നേരെ തിരിയും എന്ന ബോധ്യം കൊണ്ട് തന്നെയാണ് ഇതെഴുതുന്നത്. സ്ത്രീപക്ഷത്ത് തന്നെയാണ് എന്റെ കോൺഗ്രസ്സും നേതാക്കളും.
advertisement
എന്ന്
നീതു വിജയൻ
സംസ്ഥാന ജനറൽ സെക്രട്ടറി
യൂത്ത് കോൺഗ്രസ്‌
കേരളം
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുല്‍ മാങ്കൂട്ടത്തിലിനും പിന്തുണച്ച രമേഷ് പിഷാരടിക്കുമെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്
Next Article
advertisement
രാഹുല്‍ മാങ്കൂട്ടത്തിലിനും പിന്തുണച്ച രമേഷ് പിഷാരടിക്കുമെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്
രാഹുല്‍ മാങ്കൂട്ടത്തിലിനും പിന്തുണച്ച രമേഷ് പിഷാരടിക്കുമെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്
  • രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കും രമേഷ് പിഷാരടിക്കുമെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രൂക്ഷവിമർശനം നടത്തി.

  • രാഹുലിനെതിരെ ആരോപണങ്ങൾ നിഷേധിച്ചിരുന്നുവെങ്കിൽ വനിതാ നേതാക്കൾക്ക് തല ഉയർത്തി നടക്കാമായിരുന്നു.

  • പാർട്ടി രാഹുലിനെതിരെ അച്ചടക്ക നടപടിയെടുത്തത് വ്യക്തമായ ബോധ്യമുണ്ടായതിനാലാണെന്ന് നീതു വിജയൻ പറഞ്ഞു.

View All
advertisement