'എന്റെ വോട്ട് വേറെയാരോ ചെയ്തു': കൊച്ചിയിൽ പരാതിയുമായി യുവാവ്
- Published by:Sneha Reghu
- news18-malayalam
Last Updated:
27-ാം വാർഡിയെ ജെയ്സൺ എന്ന വോട്ടറായിരുന്നു പോളിങ് ബൂത്തിലെത്തിയപ്പോൾ തന്റെ വോട്ട് മറ്റോരോ ചെയ്തെന്ന് കണ്ടെത്തിയത്
എറണാകുളം: കൊച്ചി നഗരസഭയിലും കള്ളവോട്ട് നടന്നതായി ആരോപണം. നഗരസഭയിലെ 27-ാം ഡിവിഷനിൽ യുവാവ് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് മറ്റാരോ വോട്ട് ചെയ്തെന്ന് കണ്ടെത്തിയത്. ഇതോടെ യുവാവ് പരാതിപ്പെടുകയും ചെയ്തു. 27-ാം വാർഡിയെ ജെയ്സൺ എന്ന വോട്ടറായിരുന്നു പോളിങ് ബൂത്തിലെത്തിയപ്പോൾ തന്റെ വോട്ട് മറ്റോരോ ചെയ്തെന്ന് കണ്ടെത്തിയത്.
'തിരിച്ചറിയൽ രേഖ നൽകിയതിന് പിന്നാലെ വോട്ട് ചെയ്യല്ലേ എന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഞാൻ എത്തിയതിന്റെ പത്തോ-പതിനഞ്ചോ വോട്ടിന് മുന്‍പാണ് എന്റെ വോട്ട് ചെയ്തുപോയത്. വോട്ടര്‍സ്ലിപ്പിലും തിരിച്ചറിയല്‍ കാര്‍ഡിലും ഒരേ ഫോട്ടോ തന്നെയായിരുന്നു. എന്നാൽ, വോട്ട് ചെയ്ത ആള്‍ ഇട്ട ഒപ്പ് എന്റേതല്ല. പ്രായമുള്ള ഒരാൾ ചെയ്തുവെന്നാണ് അവർ പറയുന്നത്. ബൂത്തിലിരിക്കുന്ന ഏഴുപേര്‍ക്കും എങ്ങനെ തെറ്റുപറ്റി. അവസാനം പരാതിപ്പെട്ടതോടെ ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചു.'- ജെയ്സൺ പറഞ്ഞു.
തിരുവനന്തപുരത്തും കള്ളവോട്ട് നടന്നുവെന്ന ആരോപണമുണ്ട്. വഞ്ചിയൂരിലെ രണ്ടാം ബൂത്തിൽ മാത്രം സിപിഎം 200 കള്ളവോട്ട് ചെയ്‌തെന്നാണ് ബിജെപി നേതാക്കൾ ആരോപിച്ചത്. കള്ളവോട്ട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നൽകിയിട്ടുണ്ടെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സി.പി.എമ്മുമായി ഒത്തുകളിക്കുകയാണെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ ആരോപിച്ചത്. കള്ളവോട്ട് ആരോപണത്തെ തുടർന്ന് വഞ്ചിയൂരിൽ സിപിഎമ്മും ബിജെപിയും തമ്മിൽ സംഘർഷവും നടന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
December 09, 2025 7:43 PM IST











