സർവീസ് ബുക്ക് തിരുത്തി പെൻഷൻ നേടാൻ ശ്രമം; കെ ടി ജലീലിനെതിരെ ഗവർണർക്ക് യൂത്ത് ലീഗിന്റെ പരാതി
- Published by:Rajesh V
- news18-malayalam
Last Updated:
എന്നാൽ ചട്ടവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല എന്നാണ് കെ ടി ജലീലിന്റെ മറുപടി
മലപ്പുറം: ഡോ. കെ ടി ജലീല്‍ എംഎല്‍എ സർവീസ് ബുക്ക് തിരുത്തി പെൻഷൻ തരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി മുസ്ലിം യൂത്ത് ലീഗ്. ഭരണസ്വാധീനം ഉപയോഗിച്ച് അനർഹമായി പെൻഷൻ തരപ്പെടുത്താൻ ശ്രമിച്ചത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും തവനൂർ എംഎൽഎയും മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ ജലീലിനെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് യു എ റസാഖ് ഗവര്‍ണർക്ക് പരാതി നൽകി. സർവീസ് ബുക്ക് തിരുത്താനുള്ള നടപടി തടയണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്കും പരാതി നല്‍കിയിട്ടുണ്ട്.
തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ സര്‍വീസ് കാലയളവിലെ സർവീസ് ബുക്കിലാണ് തിരുത്തലിന് ശ്രമിക്കുന്നത് എന്നാണ് യൂത്ത് ലീഗ് ആരോപണം. എന്നാൽ ചട്ടവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല എന്നാണ് കെ ടി ജലീലിന്റെ മറുപടി.
സർവീസ് ചട്ടത്തിനെതിരായ കാര്യങ്ങള്‍ ഭരണ സ്വാധീനമുപയോഗിച്ച് ചെയ്യാനാണ് കെ ടി ജലീലിൻ്റെ ശ്രമം എന്നാണ് യൂത്ത് ലീഗ് ആക്ഷേപം. കെ ടി ജലീല്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സർവീസ് ബുക്ക് തിരുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ അധ്യാപകനായിരുന്ന മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍ 2021 മാര്‍ച്ച് 13ന് രാജിവെച്ചിരുന്നു. 2024 ഓഗസ്റ്റ് 13ന് പി എഫിലെ ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും വാങ്ങി അക്കൗണ്ട് ക്ലോസ് ചെയ്യുകയും ചെയ്തു. അന്ന് രാജി വെച്ചു എന്നത് മാറ്റി വിടുതലാക്കി പെന്‍ഷന്‍ ലഭിക്കുന്ന രൂപത്തില്‍ സർവീസ് ബുക്ക് തിരുത്താനാണ് ജലീല്‍ ശ്രമിക്കുന്നതെന്ന് യു എ റസാഖ് ആരോപിക്കുന്നത്.
advertisement
രാജി സര്‍വീസ് ബുക്കില്‍ നിന്നും തിരുത്തി വിടുതലാക്കിത്തരണമെന്നും പെന്‍ഷന്‍ ലഭിക്കുന്നതിന് സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് കോളേജ് അധികൃതര്‍ക്ക് ജലീല്‍ 2024 നവംബര്‍ 14 ന് കത്ത് നല്‍കി എന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകളും യൂത്ത് ലീഗ് പുറത്ത് വിട്ടു.
എന്നാൽ ഇക്കാര്യത്തിൽ കെ.ടി. ജലീലിൻ്റെ വിശദീകരണം ഇപ്രകാരം ആണ്. 2021 മെയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നോമിനേഷൻ കൊടുക്കുന്നതിൻ്റെ ഒരാഴ്ച മുമ്പാണ് എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ജോലി രാജിവെക്കണമെന്ന ഒരു വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. വോളണ്ടറി റിട്ടയർമെൻ്റിന് മൂന്ന് മാസം മുൻപ് അപേക്ഷിക്കണമെന്നിരിക്കെ അതും സാധ്യമായിരുന്നില്ല.
advertisement
നോമിനേഷൻ സ്വീകരിക്കണമെങ്കിൽ ജോലി രാജിവെക്കണമെന്ന ഉപദേശത്തിൻ്റെ അടിസ്ഥാനത്തിൽ രാജിക്കത്ത് മാനേജർക്ക് കൈമാറി. നോമിനേഷൻ സമർപ്പിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോൾ സുപ്രീം കോടതി, ഹൈക്കോടതി വിധി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധി വന്നില്ലായിരുന്നെങ്കിൽ രണ്ടു വർഷവും കൂടി ലീവിൽ തുടരാമായിരുന്നു. നോമിനേഷൻ നൽകാൻ രാജി വെക്കേണ്ടിയും വരുമായിരുന്നില്ല.
ഹൈക്കോടതി വിധി, സുപ്രീം കോടതി സ്റ്റേ ചെയ്ത പശ്ചാതലത്തിൽ രാജി ടെക്നിക്കൽ രാജിയായി പരിഗണിക്കണമെന്നും തിരൂരങ്ങാടി കോളേജിൽ ജോലി ചെയ്ത പന്ത്രണ്ടര വർഷത്തെ പെൻഷനും മറ്റു ആനുകൂല്യങ്ങളും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മാനേജർക്ക് അപേക്ഷ നൽകുകയായിരുന്നു.
advertisement
ടെക്നിക്കൽ രാജിയായി പരിഗണിക്കാവുന്നതാണെന്ന അനുകൂല കവറിംഗ് ലെറ്ററോടെ രണ്ടാമത്തെ അപേക്ഷ മാനേജർ സർക്കാരിലേക്ക് അയച്ചു. സർക്കാരിന് അനുകൂല നിയമോപദേശം കിട്ടിയതിനെ തുടർന്ന് നടപടികൾ തുടരുകയാണ്. അനർഹമായ ഒന്നും നേടാൻ ശ്രമിക്കുന്നില്ലെന്നും ജലീൽ പറയുന്നു.
Summary: The Muslim Youth League has raised an allegation that MLA Dr. K. T. Jaleel is attempting to secure a pension by tampering with his service book.
advertisement
U. A. Razak, the Muslim Youth League President of the Tirurangadi Mandalam, has filed a complaint with the Governor, asserting that Jaleel’s attempt to obtain an unwarranted pension using his political influence constitutes a violation of his oath of office and demanding that the Thavanur MLA and former Higher Education Minister be disqualified.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
October 09, 2025 7:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർവീസ് ബുക്ക് തിരുത്തി പെൻഷൻ നേടാൻ ശ്രമം; കെ ടി ജലീലിനെതിരെ ഗവർണർക്ക് യൂത്ത് ലീഗിന്റെ പരാതി