ആലുവയിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്
- Published by:Sarika KP
- news18-malayalam
Last Updated:
വധശിക്ഷ വരെ ലഭിക്കാവുന്ന അഞ്ചു കുറ്റങ്ങള്‍ അടക്കം ഗൗരവസ്വഭാവമുള്ള 16 കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.
കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. പ്രതിക്കെതിരേ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇതിനു പിന്നാലെ വിധി പ്രഖ്യാപനം ശിശു ദിനമായ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് കോടതി വിധി പറയും. ജഡ്ജി കെ സോമനാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുക.
ജൂലൈ 28ന് വൈകിട്ട് 3നാണ് ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍ നിന്ന് അഞ്ചുവയസുകാരിയെ അസ്ഫാക് കൂട്ടിക്കൊണ്ടു പോയത്. ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പുഴയുടെ തീരത്തെ ചതുപ്പില്‍ താഴ്ത്തി. കല്ല് കൊണ്ട് ഇടിച്ചാണ് മുഖം ചെളിയിലേക്ക് അമര്‍ത്തിയത്. താടിയെല്ല് തകര്‍ന്ന് മുഖം വികൃതമായി. പിറ്റേന്ന് ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.
advertisement
കുട്ടിയെ കാണാതായ ദിവസം രാത്രി തന്നെ അസ്ഫാക്കിനെ പൊലീസ് പിടികൂടിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് കുട്ടിയെ മറവ് ചെയ്ത സ്ഥലം പ്രതി ചൂണ്ടിക്കാട്ടിയത്. കൃത്യം നടന്ന് 35ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. രണ്ട് മാസത്തിനു ശേഷം ഒക്ടോബര്‍ 4ന് വിചാരണ ആരംഭിച്ചു. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി. 30ാം ദിവസമാണ് വിധി പ്രസ്താവിക്കുന്നത്. വധശിക്ഷ വരെ ലഭിക്കാവുന്ന അഞ്ചു കുറ്റങ്ങള്‍ അടക്കം ഗൗരവസ്വഭാവമുള്ള 16 കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.
Location :
Aluva,Ernakulam,Kerala
First Published :
November 14, 2023 8:14 AM IST