ശരീരം തളര്‍ന്ന് കിടപ്പിലായ ഭര്‍ത്താവിന്റെ സ്വത്ത് കൈകാര്യം ചെയ്യാൻ ഭാര്യയ്ക്ക് ബോംബെ ഹൈക്കോടതി അനുമതി
- Published by:Vishnupriya S
- news18-malayalam
Last Updated:
ശരീരം തളര്‍ന്ന ഭര്‍ത്താവിന്റെ നിയമപരമായ രക്ഷാധികാരിയായി ഭാര്യയെ നിയമിച്ച് ബോംബെ ഹൈക്കോടതി
മുംബൈ: ശരീരം തളര്‍ന്ന ഭര്‍ത്താവിന്റെ നിയമപരമായ രക്ഷാധികാരിയായി ഭാര്യയെ നിയമിച്ച് ബോംബെ ഹൈക്കോടതി. ഭര്‍ത്താവിന്റെ നാഡീവ്യവസ്ഥയുടെ ആരോഗ്യം മോശമാണെന്നും കഴിഞ്ഞ ആറുവര്‍ഷമായി അതില്‍ മാറ്റമൊന്നും ഇല്ലെന്നും നിരീക്ഷിച്ച കോടതി ഭാര്യയെ രക്ഷാകര്‍തൃത്വം ഏല്‍പ്പിക്കുകയായിരുന്നു. സമീപഭാവിയില്‍ ഭര്‍ത്താവിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ കോടതിയില്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഭാര്യയെ രക്ഷകർത്താവായി നിയമിക്കുന്നതിന് ഭര്‍ത്താവിന്റെ വീട്ടുകാരും എതിര്‍പ്പ് രേഖപ്പെടുത്തിയില്ല.
ഭര്‍ത്താവിന്റെ രക്ഷാകര്‍ത്താവായി തന്നെ നിയമിക്കണമെന്നും അദ്ദേഹത്തിന്റെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് അനുമതി നല്‍കണമെന്നും കാട്ടി ഭാര്യ കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. 2017ല്‍ വീട്ടില്‍വെച്ചുണ്ടായ ഒരു അപകടത്തില്‍ ഭര്‍ത്താവിന്റെ മസ്തിഷ്‌കത്തിന് പരിക്കേല്‍ക്കുകയായിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതേതുടര്‍ന്ന് അദ്ദേഹം കിടപ്പിലാകുകയും ശരീരം തളര്‍ന്നുപോകുകയും ചെയ്തു. ഭര്‍ത്താവ് കിടപ്പിലായതോടെ ചികിത്സയ്ക്കുള്ള ചെലവ് താങ്ങാനാകാതെ വരികയും കുട്ടികളെ സ്‌കൂളില്‍ അയക്കുന്നതിന് ബുദ്ധിമുട്ട് നേരിടുകയും ചെയ്തു.
advertisement
തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവിന്റെ രക്ഷാകര്‍ത്താവായി ഭാര്യയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ വ്യവസ്ഥകളൊന്നുമില്ലെന്ന് അഭിഭാഷകന്‍ അശുതോഷ് കുല്‍ക്കര്‍ണി കോടതിയെ ബോധിപ്പിച്ചു. അതുകൊണ്ടാണ് ഇത്തരമൊരു ഹര്‍ജി സമര്‍പ്പിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. തളര്‍ന്നു കിടക്കുന്നയാളുടെ രക്ഷാകര്‍ത്താവായി ഒരാളെ നിയമിക്കുന്നതിന് നിയമപരമായ വ്യവസ്ഥകളില്ലാത്തതിനാല്‍ റിട്ട് അപേക്ഷ നല്‍കാമെന്ന 2020-ലെ കോടതി വിധിയുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ബിപി കൊളബവല്ല, എംഎം സതായെ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഈ കേസില്‍ ഭര്‍ത്താവിന്റെ ആരോഗ്യനില പരിശോധിക്കുന്നതിന് മൂന്നംഗ വിദഗ്ധ സമിതിയെ നിയമിക്കാന്‍ പൂനെയിലെ സിവില്‍ സര്‍ജനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമാണ് ഭാര്യയെ ഭര്‍ത്താവിന്റെ രക്ഷാകര്‍ത്താവായി കോടതി നിയമിച്ചത്. അതേസമയം, ഭാര്യ ഏതെങ്കിലും വിധത്തില്‍ ഈ ഉത്തരവ് ദുരുപയോഗപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് അതില്‍ മാറ്റം വരുത്താനും തിരുത്താനുമുള്ള അനുമതിയുണ്ടെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.
Location :
Mumbai,Maharashtra
First Published :
November 10, 2023 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
ശരീരം തളര്‍ന്ന് കിടപ്പിലായ ഭര്‍ത്താവിന്റെ സ്വത്ത് കൈകാര്യം ചെയ്യാൻ ഭാര്യയ്ക്ക് ബോംബെ ഹൈക്കോടതി അനുമതി