എവിടെ ഹാദിയ? അച്ഛൻ അശോകന്റെ ഹർജിയിൽ കേരള പൊലീസിന് ഹൈക്കോടതി നോട്ടീസ്
- Published by:Rajesh V
- news18-malayalam
Last Updated:
മലപ്പുറത്ത് ഹെല്‍ത്ത് ക്ലിനിക് നടത്തുകയായിരുന്ന ഹാദിയയെ ഒരു മാസമായി കാണാനില്ലെന്നാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കെ എം അശോകന്റെ ആക്ഷേപം
കൊച്ചി: ഹാദിയയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ കെ എം അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ കേരള പൊലീസിന് ഹൈക്കോടതിയുടെ നോട്ടീസ്. അശോകന്‍ നല്‍കിയ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഐജി ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നിർദേശം. ജസ്റ്റിസുമാരായ അനു ശിവരാമന്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
കെ എം അശോകന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി ഡിസംബര്‍ 18ന് ഡിവിഷന്‍ ബെഞ്ച് വീണ്ടും പരിഗണിക്കും. മലപ്പുറത്ത് ഹെല്‍ത്ത് ക്ലിനിക് നടത്തുകയായിരുന്ന ഹാദിയയെ ഒരു മാസമായി കാണാനില്ലെന്നാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കെ എം അശോകന്റെ ആക്ഷേപം.
മലപ്പുറം സ്വദേശി എ എസ് സൈനബ ഉൾപ്പെടെയുള്ളവരുടെ നിയമവിരുദ്ധ കസ്റ്റഡിയിലാണ് മകളെന്നാണ് ഹർജിയിലെ ആരോപണം. മലപ്പുറത്ത് മകൾ ഹോമിയോ ക്ലിനിക് തുടങ്ങിയെന്നും ഒരുമാസമായി കാണാനില്ലെന്നും അശോകന്റെ ഹർജിയിൽ പറയുന്നു. താനും ഭാര്യയും മകളെ ഫോണിൽ വിളിക്കുകയും ഇടയ്ക്ക് ക്ലിനിക്കിലെത്തുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. പലപ്പോഴും ഫോൺ സ്വിച്ച് ഓഫായിരുന്നു. മൂന്നിന് ക്ലിനിക്കിൽ എത്തിയപ്പോൾ അടഞ്ഞുകിടക്കുകയായിരുന്നു. മകൾ എവിടെയാണെന്ന് അറിയില്ലെന്നാണു പരിസരത്തുള്ളവർ പറഞ്ഞതെന്നും അറിയിച്ചു.
advertisement
വിവാഹം ചെയ്ത ഷഫിൻ ജഹാനുമായി ദാമ്പത്യ ബന്ധമില്ലെന്നും ഷഫീന്റെ വിവരങ്ങൾ അറിയില്ലെന്നും ഇതിനിടെ, മകൾ പറഞ്ഞിരുന്നെന്നും ഹർജിയിൽ അറിയിച്ചു. ഇതിനിടെ ഷഫിനുമായി വിവാഹമോചിതയായെന്നും തന്റെ ഇഷ്ടപ്രകാരം മറ്റൊരാളെ വിവാഹം ചെയ്തെന്നും ഹാദിയ ഒരു വിഡിയോയിൽ വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
''വിവാഹിതയാകാനും അതിൽനിന്ന് പുറത്തുവരാനും ഇന്ത്യൻ ഭരണഘടന എല്ലാവർക്കും സ്വാതന്ത്ര്യം നൽകുന്നുണ്ട്. ഇത് സമൂഹത്തിൽ സാധാരണ നടക്കുന്നതാണ്. എന്റെ കാര്യത്തിൽ മാത്രം സമൂഹത്തിന് എന്താണ് ഇത്ര പ്രശ്നം എന്ന് മനസ്സിലാകുന്നില്ല. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തയായ ഒരു സ്ത്രീയാണ് ഞാൻ. എനിക്ക് വിവാഹബന്ധവുമായി മുന്നോട്ടു പോകാൻ കഴിയാതെ വന്നപ്പോൾ ഞാൻ അതിൽനിന്ന് പുറത്തുവന്നു. ഇപ്പോൾ എനിക്ക് ഇഷ്ടമുള്ള മറ്റൊരാളെ ഞാൻ വിവാഹം ചെയ്തു. ഒരു മുസ്‍ലിം ആയി ജീവിക്കുന്നതിൽ ഞാൻ സന്തോഷവതിയാണ്. എന്റെ മാതാപിതാക്കൾക്കും ഈ പുനർവിവാഹത്തെ കുറിച്ച് അറിയാം. ഞാൻ ഒളിവിലല്ല, എന്റെ ഫോൺ സ്വിച്ച് ഓഫുമല്ല. തുടക്കം മുതൽ എന്റെ പിതാവ് എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല. എന്റെ പിതാവ് എന്നും സംഘപരിവാറിന്റെ ഉപകരണമായി പ്രവർത്തിക്കുകയാണ്''- ഹാദിയ വിഡിയോയിൽ പറഞ്ഞു.
advertisement
തമിഴ്നാട്ടിൽ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന അഖില ഇസ്ലാം മതം സ്വീകരിക്കുകയും കൊല്ലം സ്വദേശി ഷഫിൻ ജഹാനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഏറെ നിയമ നടപടികളുണ്ടായി. അവസാനം വിവാഹം സുപ്രീം കോടതി ശരിവച്ചിരുന്നു
Location :
Kochi,Ernakulam,Kerala
First Published :
December 12, 2023 12:54 PM IST