ആലുവക്കേസ് പ്രതി അസഫാക് ആലത്തിന്റെ വധശിക്ഷയിൽ ഒപ്പുവെച്ച ശേഷം ജഡ്ജി പേന മേശപ്പുറത്ത് കുത്തി ഒടിച്ചതെന്തു കൊണ്ട് ?
- Published by:Anuraj GR
- news18-malayalam
Last Updated:
ബ്രിട്ടീഷ് ഭരണകാലം മുതലുള്ള ജഡ്ജിമാരുടെ ഈ രീതിക്ക് ഏറെ അർത്ഥതലങ്ങളുണ്ട്
കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്ന പ്രതിയുടെ വധശിക്ഷാ വിധിയിൽ ഒപ്പുവെച്ച ശേഷം ജഡ്ജി പേന മേശപ്പുറത്തു കുത്തി ഒടിച്ചു. പ്രതി അസഫാക് ആലത്തിന് തൂക്കുകയ വിധിച്ച 197 പേജുള്ള വിധിന്യായത്തിൽ ഒപ്പുവെച്ച ശേഷമാണ് ജഡ്ജി സോമൻ പേന മേശപ്പുറത്ത് കുത്തി ഒടിച്ചത്. ഇതിനുശേഷം പേന ജീവനക്കാർക്ക് കൈമാറി.
വധശിക്ഷയിൽ ഒപ്പുവെക്കുന്ന പേന സാധാരണഗതിയിൽ ന്യായാധിപൻമാർ തുടർന്ന് ഉപയോഗിക്കാറില്ല. ഇത്തരം പേനകൾ കോടതി ജീവനക്കാർ നശിപ്പിച്ചുകളയുകയാണ് ചെയ്യാറുള്ളത്.
ബ്രിട്ടീഷ് ഭരണകാലം മുതലുള്ള ജഡ്ജിമാരുടെ ഈ രീതിക്ക് ഏറെ അർത്ഥതലങ്ങളുണ്ട്. പ്രതിക്ക് വധശിക്ഷ നൽകുന്നത് മൂലം ഉണ്ടായേക്കാവുന്ന കുറ്റബോധം അകറ്റാനാണ് ഇത്തരത്തിൽ പേനയുടെ നിബ് ഒടിച്ചുകളയുന്നത്. വധശിക്ഷ വിധിക്കുന്ന വിധിന്യായത്തിൽ ഒപ്പുവെക്കാൻ ഉപയോഗിക്കുന്ന പേന തുടർന്ന് ഉപയോഗിക്കുന്നത് വിശുദ്ധമല്ല എന്ന ചിന്താഗതിയും ബ്രിട്ടീഷ് കാലം മുതൽക്കേ നിലവിലുണ്ട്.
എറണാകുളം പോക്‌സോ കോടതി ചൊവ്വാഴ്ച രാവിലെയാണ് അസ്ഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചത്. പ്രതി ദയ അർഹിക്കുന്നില്ലെന്നു കോടതി നിരീക്ഷിച്ചു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, പീഡനം, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങി 13 കുറ്റങ്ങളും പ്രതിക്കെതിരെ കോടതി ശരിവച്ചു.
advertisement
കേസ് അപൂർവമായ ഒന്നായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ പ്രതിയുടെ പ്രായം കണക്കിലെടുത്ത് പശ്ചാത്തപിക്കാൻ അവസരം നൽകണമെന്ന് പ്രതിഭാഗം വാദിച്ചു. അസ്ഫാഖിന്റെ മാനസിക നിലയെക്കുറിച്ചും ജയിലിലെ പെരുമാറ്റത്തെക്കുറിച്ചും കോടതി നേരത്തെ റിപ്പോർട്ട് തേടിയിരുന്നു.
കാണാതായ കുട്ടിക്ക് വേണ്ടിയുള്ള വ്യാപക തെരച്ചിൽ നടക്കവേ, കഴിഞ്ഞ ജൂലൈ 28നാണ് ആലുവ മാർക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ജൂലായ് 28ന് ഉച്ചയോടെയാണ് ആലുവ ടൗണിന് സമീപം ചൂർണിക്കര പഞ്ചായത്തിലെ വാടക വീട്ടിൽ നിന്ന് കുട്ടിയെ കാണാതായത്. പ്രതിയായ ബിഹാർ സ്വദേശി അസഫഖ് ആലം (29) വൈകുന്നേരത്തോടെ പോലീസ് പിടിയിലായി.
Location :
Kochi,Ernakulam,Kerala
First Published :
November 15, 2023 11:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
ആലുവക്കേസ് പ്രതി അസഫാക് ആലത്തിന്റെ വധശിക്ഷയിൽ ഒപ്പുവെച്ച ശേഷം ജഡ്ജി പേന മേശപ്പുറത്ത് കുത്തി ഒടിച്ചതെന്തു കൊണ്ട് ?