ജയിൽ കാലത്ത് എഴുതിയ നോവലിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ റിപ്പര്‍ ജയാനന്ദന് രണ്ടുദിവസത്തെ പരോള്‍

Last Updated:

''അമ്മയെപ്പോലെ തന്നെ, പിതാവും ഓരോ കുഞ്ഞിന്റെയും ഉള്ളിൽ ഹീറോയാണ്''. മകളുടെ നിയമപോരാട്ടത്തിന് കോടതിയുടെ അഭിനന്ദനം

കൊച്ചി: കേരളത്തെ നടുക്കിയ കൊലപാതക പരമ്പര നടത്തിയ റിപ്പർ ജയാനന്ദന് വീണ്ടും പരോൾ അനുവദിച്ച് ഹൈക്കോടതി. തടവിൽ കഴിയുന്ന സമയത്ത് ജയാനന്ദൻ എഴുതിയ ‘പുലരി വിരിയും മുൻപേ’ എന്ന നോവലിന്റെ പ്രകാശനത്തിനാണ് ഇത്തവണ പരോൾ. ഈ മാസം 22, 23 തീയതികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പരോൾ. ഡിസംബര്‍ 23ന് രാവിലെ 10.30ന് കൊച്ചിയിലാണ് പുസ്തക പ്രകാശന ചടങ്ങ്. ഡോ. സുനില്‍ പി ഇളയിടമാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പാലക്കാട് വിളയൂര്‍ ലോഗോസ് പബ്ലിക്കേഷന്‍സ് ആണ് ജയാനന്ദൻ രചിച്ച പുസ്തകത്തിന്റെ പ്രസാധകര്‍. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ജയാനന്ദന് പരോൾ അനുവദിച്ചത്.
അഭിഭാഷകയായ മകൾ കീർത്തി ജയാനന്ദൻ വഴി ഭാര്യ ഇന്ദിരയാണ് ജയാനന്ദന് പരോൾ അനുവദിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിലെത്തിയത്. ഹർജി പരിഗണിച്ച ഹൈക്കോടതി, ജയാനന്ദന് സാധാരണ പരോളിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ ഭരണഘടനാ കോടതികൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്നു വ്യക്തമാക്കിയാണ് രണ്ടു ദിവസം പകൽ സമയത്ത് പരോൾ അനുവദിച്ചത്. 9ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണെന്നും 17 വർഷത്തെ നീണ്ട ജയിൽവാസം അനുഭവിച്ചതും പരോൾ അനുവദിക്കുന്നതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടി.
''പരോൾ ലഭിക്കുന്നതിനായി ഈ കോടതിക്കു മുന്നിൽ മകൾ നടത്തിയ നിയമപോരാട്ടം ഹർജിക്കാരിയുടെ ഭർത്താവ് മനസിലാക്കണം. എസ്കോർട്ട് പരോളിൽ പുറത്തുപോകുമ്പോൾ പരോൾ അനുവദിക്കപ്പെട്ട രണ്ടു ദിവസവും കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് അദ്ദേഹം ഉറപ്പുവരുത്തണം. പരോൾ ലഭിക്കുന്നതിനായി ഭാര്യയും മകളും നടത്തിയ നിയമ പോരാട്ടം പ്രതിയുടെ മനസ്സിലുണ്ടാകണം. അവർ രണ്ടു പേരുടെയും അധ്വാനത്തിന്റെ ഫലമാണ് ഈ വിധി. ഈ മകൾ പിതാവിനെ അകമഴിഞ്ഞു സ്നേഹിക്കുന്നു. പുസ്തക പ്രകാശന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കണമെന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു.
advertisement
നിയമവിധേയമായി ഈ നിയമ പോരാട്ടം ഇരുവർക്കും യഥോചിതം തുടരുന്നതിനു കോടതി നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അഞ്ച് കൊലപാതക കേസുകളിൽ ഉൾപ്പെടെ പ്രതിയാണെങ്കിലും ഈ ചടങ്ങിൽ പങ്കെടുക്കാൻ പിതാവിന് അവസരം ഉറപ്പാക്കുന്നതിനായി മകൾ നടത്തിയ നിയമപോരാട്ടം അഭിനന്ദനീയമാണ്. അമ്മയെപ്പോലെ തന്നെ, പിതാവും ഓരോ കുഞ്ഞിന്റെയും ഉള്ളിൽ ഹീറോയാണ്''- കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.
advertisement
17 വർഷമായി തടവിൽ കഴിയുന്ന ജയാനന്ദൻ നിലവിൽ വിയ്യൂർ അതീവ സുരക്ഷാ ജയിലിലാണുള്ളത്. മൂത്ത മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഈ വർഷം മാർച്ചിലും ജയാനന്ദന് ഹൈക്കോടതി പരോൾ അനുവദിച്ചിരുന്നു. അഭിഭാഷകയായ മകളുടെ അപക്ഷേ പരിഗണിച്ച് പൂർണ്ണ സമയവും പൊലീസ് അകമ്പടിയോടെയായിരുന്നു പരോൾ. നീണ്ട 17 വർഷത്തെ ജയിൽ വാസത്തിനിടെ ജയാനന്ദന് അനുവദിക്കപ്പെട്ട ആദ്യ പരോളായിരുന്നു അത്.
ഇരട്ടക്കൊലക്കേസ് ഉൾപ്പെടെ വിവിധ കൊലക്കേസുകളിൽ പ്രതിയാണു ജയാനന്ദൻ. പുത്തൻവേലിക്കരയിൽ ദേവകി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജയാനന്ദൻ, സുപ്രീംകോടതി ഇടപെടലിനെത്തുടർന്ന് ശിക്ഷ ഇളവ് ലഭിച്ചു ജീവപര്യന്തം തടവ് അനുഭവിക്കുകയാണിപ്പോൾ. കൂർത്ത ആയുധങ്ങളുപയോഗിച്ചു സ്‌ത്രീകളെ കൊലപ്പെടുത്തിയശേഷം ആഭരണ മോഷണമാണ് ഇയാളുടെ രീതി. ഏഴു കേസിൽ അഞ്ചെണ്ണത്തിൽ കുറ്റവിമുക്തനായി.
advertisement
ഇതിനിടെ രണ്ടു തവണ ജയിൽ ചാടിയും റിപ്പർ ജയാനന്ദൻ വാർത്തകളിൽ ഇടംപിടിച്ചു. 2013ൽ പൂജപ്പുര സെന്‍ട്രൽ ജയിലിൽനിന്നാണ് ആദ്യം ജയിൽ ചാടിയത്. രാത്രി സെല്ലിന്റെ പൂട്ട് ആക്‌സോ ബ്ലേഡ് കൊണ്ട് അറത്തുമാറ്റിയാണ് അന്ന് രക്ഷപ്പെട്ടത്. വിവരം പെട്ടെന്ന് അറിയാതിരിക്കാൻ സെല്ലിൽ തലയിണയും കിടക്കയും മനുഷ്യാകൃതിയിൽ വച്ചിരുന്നു. അറ്റകുറ്റപ്പണിക്കായി ജയിൽ വളപ്പിൽ സൂക്ഷിച്ചിരുന്ന മുളയും മറ്റു തടികളും തുണികൊണ്ടു കൂട്ടിക്കെട്ടി ഏണി ഉണ്ടാക്കിയാണു ജയിലിന്റെ മതിൽ ചാടിയത്.
പൂജപ്പുരയിൽനിന്നു ചാടുന്നതിനു 3 വർഷം മുൻപു കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും ജയാനന്ദൻ ചാടിയിട്ടുണ്ട്. അഴികൾക്കിടയിലൂടെ കടക്കാൻ പട്ടിണി കിടന്നു മെലിഞ്ഞാണ് അന്നു രക്ഷപ്പെട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Law/
ജയിൽ കാലത്ത് എഴുതിയ നോവലിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ റിപ്പര്‍ ജയാനന്ദന് രണ്ടുദിവസത്തെ പരോള്‍
Next Article
advertisement
Love Horoscope Oct 3 | പ്രണയപങ്കാളിയുമായുള്ള അടുപ്പം ആഴമേറിയതാകും; തെറ്റിദ്ധാരണകളുണ്ടാകാതെ സൂക്ഷിക്കുക
Love Horoscope Oct 3 | പ്രണയപങ്കാളിയുമായുള്ള അടുപ്പം ആഴമേറിയതാകും; തെറ്റിദ്ധാരണകളുണ്ടാകാതെ സൂക്ഷിക്കുക
  • 2025 ഒക്ടോബര്‍ 3-ന് വിവിധ രാശികളിലെ പ്രണയഫലം

  • മേടം, കര്‍ക്കടകം - ആകര്‍ഷണീയത

  • മിഥുനം, ധനു - വ്യക്തത; ഇടവം, ചിങ്ങം, മകരം, മീനം - വാത്സല്യം

View All
advertisement