കാമുകൻ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച് പ്രതികാരം വീട്ടി; യുവതിയ്ക്ക് 1.2 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതിവിധി
- Published by:Sarika KP
- news18-malayalam
Last Updated:
2016ൽ ഡേറ്റിംഗ് ആരംഭിച്ച ദമ്പതികൾ 2020ൽ വേർപിരിയുന്നത് വരെ ഒരുമിച്ചായിരുന്നു താമസം.
മുൻ കാമുകൻ തന്റെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെതിരെ നൽകിയ പരാതിയിൽ യുവതിയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധി. യുവതിയുടെ മുൻ കാമുകനായിരുന്ന മാർക്വെസ് ജമാൽ ജാക്‌സണെതിരെ തന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് യുഎസിലെ ടെക്‌സാസ് സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കോടതി വിധി പ്രസ്താവിച്ചത്. 1.2 ബില്യൺ ഡോളറാണ് യുവതിയ്ക്ക് കോടതി നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.
കാമുകിയോട് പ്രതികാരം വീട്ടാൻ ജാക്‌സൺ സോഷ്യൽ മീഡിയയിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഇവരുടെ സ്വകാര്യ ചിത്രങ്ങൾ പങ്കിടുകയും യുവതിയുടെ തൊഴിലുടമയെയും ജിമ്മിനെയും ടാഗ് ചെയ്യുകയും ചെയ്തിരുന്നുവെന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
2016ൽ ഡേറ്റിംഗ് ആരംഭിച്ച ദമ്പതികൾ 2020ൽ വേർപിരിയുന്നത് വരെ ഒരുമിച്ചായിരുന്നു താമസം. പിന്നീട് യുവതി ടെക്‌സാസിലെ അമ്മയുടെ വീട്ടിലേക്ക് താമസം മാറി. എന്നാൽ ജാക്‌സൺ അവരെ ശല്യപ്പെടുത്തുന്നത് തുടർന്നു കൊണ്ടിരുന്നു.
advertisement
2021 ഒക്ടോബറിൽ ഇരുവരും ബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ചെങ്കിലും യുവതിയുടെ പേരും വിലാസവും ചിത്രങ്ങളും ജാക്‌സൺ പ്രചരിപ്പിക്കാൻ തുടങ്ങി. ഇത്തരത്തിൽ സ്വകാര്യ ചിത്രങ്ങളും മറ്റും പങ്കിടുന്നതിനായി വ്യാജ സോഷ്യൽ മീഡിയ പേജുകളും ഇമെയിൽ അക്കൗണ്ടുകളും സൃഷ്ടിച്ചിരുന്നു.
ഇതിനെ തുടർന്ന് യുവതി തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഏപ്രിലിൽ പരാതി നൽകി. ജാക്‌സൺ യുവതിയുടെ സ്വകാര്യ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്യുകയും കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ മാർച്ചിൽ ജാക്‌സൺ അയച്ച ഒരു ഇമെയിലിൽ, “നിന്റെ ജീവിതകാലം മുഴുവൻ ഇന്റർനെറ്റിൽ നിന്ന് സ്വകാര്യ ചിത്രങ്ങൾ നീക്കം ചെയ്യാൻ ശ്രമിച്ചാലും പരാജയമായിരിക്കും ഫലമെന്ന്” യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.
advertisement
കേസിൽ വാദം കേട്ട ഹ്യൂസ്റ്റണിലെ ജൂറി, ടെക്‌സാസിലെ റിവഞ്ച് പോൺ നിയമം ലംഘിച്ചതിന് ജാക്‌സൺ കുറ്റക്കാരനാണെന്ന് കണ്ടെത്തി. യുവതിയ്ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയതിന് 200 മില്യൺ ഡോളർ നൽകാനും കേസിൽ കുറ്റക്കാരനണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 1 ബില്യൺ ഡോളർ നൽകാനും ഉത്തരവിട്ടു. മുഴുവൻ തുകയും ലഭിച്ചില്ലെങ്കിലും വിധി സമൂഹത്തിന് ശക്തമായ ഒരു സന്ദേശം ആയിരിക്കുമെന്ന് യുവതിയുടെ അഭിഭാഷകൻ ബ്രാഡ് ഗിൽഡ് പറഞ്ഞു.
ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനും സമാനമായ കേസുകളിൽ ശക്തമായ ശിക്ഷാ നടപടി ഏർപ്പെടുത്താൻ നിയമ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ വിധി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Location :
New Delhi,New Delhi,Delhi
First Published :
August 17, 2023 6:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
കാമുകൻ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച് പ്രതികാരം വീട്ടി; യുവതിയ്ക്ക് 1.2 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതിവിധി