• HOME
  • »
  • NEWS
  • »
  • life
  • »
  • Trekking | കുറ്റം പറയാൻ വരട്ടെ; ഈ ട്രെക്കിംഗ് അത്ര കുഴപ്പം പിടിച്ച പരിപാടിയാണോ?

Trekking | കുറ്റം പറയാൻ വരട്ടെ; ഈ ട്രെക്കിംഗ് അത്ര കുഴപ്പം പിടിച്ച പരിപാടിയാണോ?

ഈ ഘട്ടത്തിൽ ചിലത് പറയാനുണ്ട്. ബാബുവിനോടും സമാനമായ അപകടത്തിൽ പെടുന്നവരോടൊക്കെയും 'രണ്ടു പറയാനുണ്ട്' എന്നു പറയുന്നവരോടാണ്. നിങ്ങൾ പൊടുന്നനെ ചിന്തിക്കുന്നത്ര ലളിതമായിട്ടല്ല ഈ ലോകം നീങ്ങുന്നത്.

  • Last Updated :
  • Share this:
നാട് പ്രതീക്ഷാഭരിതമായി കാത്തുനിന്ന രക്ഷാദൗത്യം. ഇന്ത്യൻ സേനാ മികവ് ബാബുവിനെ സുരക്ഷിതനായി മടക്കി കൊണ്ടുവന്നു. ഈ ഘട്ടത്തിൽ ചിലത് പറയാനുണ്ട്. ബാബുവിനോടും സമാനമായ അപകടത്തിൽ പെടുന്നവരോടൊക്കെയും 'രണ്ടു പറയാനുണ്ട്' എന്നു പറയുന്നവരോടാണ്. നിങ്ങൾ പൊടുന്നനെ ചിന്തിക്കുന്നത്ര ലളിതമായിട്ടല്ല ഈ ലോകം നീങ്ങുന്നത്.

തിന്ന് എല്ലിനിടയിൽ കയറിയ ബാബുമാർ....

ട്രെക്കിംഗിന് ഇടയിൽ കാൽവഴുതി വീണ് ബാബു മലയിടുക്കിൽ പെട്ടു. ഏത് വിധേനയും ബാബുവിനെ ജീവൻ രക്ഷിക്കണം എന്നതിൽ ഒറ്റ മനസ്സായിരുന്നു മഹാഭൂരിപക്ഷം ജനങ്ങൾക്കും. ഇത് അളക്കാൻ പ്രത്യേകിച്ച് വഴി ഒന്നുമില്ലെങ്കിലും ഇത്ര കാലത്തെ അനുഭവം വച്ച് തോന്നുന്നതാണ്. പക്ഷേ പലരുടെയും പ്രതികരണം അതിഗംഭീരം എന്ന് പറയാതെ വയ്യ. പ്രത്യേകിച്ച് സമൂഹമാധ്യമ ഗ്രൂപ്പുകളിലും നാലാൾ കൂടുന്നിടത്തൊക്കെയും ആയിരുന്നു ഇത് തകർത്തടിച്ചത്.

"ഇവന് ഇത് എന്തിന്റെ ക#പ്പാണ് ? അഹങ്കാരമാണ് ? " , "തിന്ന് എല്ലിനിടയിൽ കയറിയതിന്റെയാണ് " , "ഈ ട്രെക്കിംഗ് എന്നുപറയുന്ന ഊള പരിപാടിയൊക്കെ നിരോധിക്കേണ്ട കാലം കഴിഞ്ഞു." തിരക്കേറിയ പൊതുനിരത്തിൽ ബൈക്ക് അഭ്യാസം നടത്തുന്ന പോലെ കുത്തി ക#പ്പാണ് ഈ ട്രക്കിങ് എന്ന മട്ടിലായിരുന്നു പല പ്രതികരണങ്ങളും.

ഇങ്ങനെ പ്രതികരിക്കുന്നവരെ ആകെ കുറ്റപ്പെടുത്താനാവില്ല. അത് നമ്മുടെ പൊതുബോധത്തിന്റെ ഭാഗമാണ്. ബാബുവിന്റെ തരക്കാരോടുള്ള എന്തെങ്കിലും വിരോധം വച്ചല്ല പലരും പറയുന്നത്. തങ്ങൾക്ക് ചെയ്യാൻ താൽപര്യമില്ലാത്ത പ്രവർത്തികൾ ചെയ്യുന്നവരോടുള്ള അവജ്ഞയോ, പുച്ഛമോ ഒക്കെ ആവാം. വഴിമാറി നടന്ന് അപകടത്തിൽപ്പെടുന്ന വരെ കുറിച്ച് പൊതുസമൂഹത്തിൽ വലിയൊരുവിഭാഗം ചിന്തിക്കുന്നത് ഇങ്ങനെയാണ്. അതിനി ലോകം അംഗീകരിച്ച അഭിലാഷ് ടോമിയെ കുറിച്ചായാലും ഇങ്ങനെയൊക്കെ തന്നെ പറയും.
ഇത് കേൾക്കുമ്പോൾ എനിക്ക് പ്രതികരിക്കാൻ തോന്നുന്നതിന് വ്യക്തിപരമായ കാരണം ഉണ്ട്. അതുകൂടി പറയാതിരിക്കാൻ ഇല്ല.2005 മുതൽ പതിവായി ഹിമാലയൻ ട്രെക്കിംഗ് നടത്തുന്നു. ആരോഗ്യം അനുവദിക്കുന്ന കാലത്തോളം അത് തുടരണം എന്നതാണ് മോഹവും. ഇന്ത്യയിൽ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, ലഡാക് ഭാഗങ്ങളിലൂടെ മാത്രമല്ല അരുണാചൽ- തവാങ് മേഖലയിലൂടെയും ട്രക്കിംഗ് നടത്തിയിട്ടുണ്ട്. നേപ്പാൾ വഴിയും ഭൂട്ടാൻ വഴിയും സഞ്ചരിച്ചിട്ടുണ്ട്. സഹ്യപർവ്വതത്തിലും എത്രയോ ഏറെ അപകട സാധ്യതയും സാഹചര്യവുമുള്ള മേഖലകൾ.

തിന്ന് എല്ലിനിടയിൽ കയറുമ്പോൾ ചെയ്യുന്ന ഒന്നല്ല ട്രെക്കിംഗ്. വ്യത്യസ്ത വഴികൾ തേടിയുള്ള മനുഷ്യന്റെ യാത്രയുടെ അനന്തരഫലമാണ് ഇന്ന് നാം ഈ കാണുന്ന ലോകം. എന്നും പോകുന്ന വഴികളിലൂടെ വീട്ടിൽ നിന്ന് തൊഴിലിടങ്ങളിൽ പോയി മടങ്ങിയവരല്ല ലോകം നിർമ്മിച്ചത്. മാറി ചിന്തിച്ചവരും മാറി നടന്നവരും ഒക്കെയാണ്. അത്രയൊന്നുമില്ലെങ്കിലും അവരും കൂടി ചേരുന്നതാണ് ഈ ലോകം എന്നെങ്കിലും അംഗീകരിക്കാൻ തയ്യാറാവണം. ട്രെക്കിംഗ് ഒന്നും കുഴപ്പമില്ല പക്ഷേ പൂർണമായും സുരക്ഷിതമായിരിക്കണം എന്നു പറയുന്നവരും ഉണ്ട്. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാം എന്നല്ലാതെ പൂർണ്ണ സുരക്ഷിതമായി ഒരു ട്രെക്കിംഗും സാധ്യമാകില്ല.പൂർണ സുരക്ഷിതമായി ലോകത്തൊരു വണ്ടിയും ഓടിക്കാൻ പറ്റില്ല, പിന്നല്ലേ ?. എന്തായാലും ഇന്ത്യൻ റോഡുകളിലൂടെ ഒരു ബൈക്കിൽ രാവിലെ മുതൽ വൈകിട്ട് വരെ സഞ്ചരിക്കുന്ന അത്ര അപകടസാധ്യതയൊന്നും ലോകത്തേറ്റവും അപകടം നിറഞ്ഞ ഹിമാലയൻ ട്രെക്കിംഗ് റൂട്ടുകളിൽ പോലും ഉണ്ടാകില്ല എന്നത് ഉറപ്പാണ്.

അതുപോലെ ട്രെക്കിംഗും (Trekking ), മൗണ്ടൻ ക്ലൈമ്പിങ്ങും ( Climbing) ഒന്നല്ല എന്നു കൂടി അറിയണം. ക്ലൈമ്പിങ്ങിന് വിദഗ്ധ പരിശീലനം ആവശ്യമാണ്. അതിനുള്ള സാമഗ്രികൾ ഉപയോഗിക്കാനും ശീലിക്കണം. ബാബുവിനെ രക്ഷിക്കാൻ വന്ന സൈനികർ ക്ലൈമ്പിങ് വിദഗ്ധരാണ്. അവർക്കേ ചെങ്കുത്തായ മലമടക്കുകളിൽ ഇത്തരത്തിൽ കയറിയിറങ്ങാനാവൂ.

ട്രെക്കിംഗിനെ അതിന്റെ ഒരു അനിയനായോ/ അനിയത്തിയായോ കൂട്ടിയാൽ മതി. ലളിതമായി പറഞ്ഞാൽ വാഹനങ്ങൾ കടന്നു പോകാത്ത ദുർഘടമായ ഭൂമിയിലൂടെ കാൽനടയായി ദീർഘദൂരം സഞ്ചരിക്കുക. അതാണ് ട്രെക്കിംഗ്.

ട്രെക്കിംഗ് എന്ന് പറയുമ്പോൾ പൊതുവേ മലകളിലൂടെയും കാട്ടിലൂടെയുമുള്ള യാത്രയാണ് എങ്കിലും മരുഭൂമിയിലൂടെയും പീഠഭൂമിയിലൂടെയും ഒക്കെ ട്രെക്ക് ചെയ്യുന്നവരുണ്ട്. നടന്നു നീങ്ങാനുള്ള മനസ്സും അത്യാവശ്യം ആരോഗ്യമുണ്ടെങ്കിൽ ആർക്കും ട്രെക്കിംഗിന് പോകാം. അത് വലിയൊരു അനുഭവമാകും. സാധാരണനിലയിൽ മൂന്നായിട്ടാണ് ട്രെക്കിംഗിനെ തിരിക്കുന്നത്.

1- Easy roots
2- Modarate roots
3- Difficult Roots

മോഡറേറ്റ്, ഡിഫിക്കൽറ്റ് റൂട്ടുകൾക്കിടയിൽ Strenuous എന്നൊരു സംഭവം കൂടിയുണ്ട് ചിലയിടങ്ങളിൽ.

1. ഈസി റൂട്ട്സ് - അത്യാവശ്യം നടക്കാനുള്ള മനസ്സും ആരോഗ്യവുമുള്ള ആർക്കും പോകാവുന്നതും സാധാരണഗതിയിൽ ഒന്നോ രണ്ടോ ദിവസത്തിൽ താഴെ സമയത്തിൽ പൂർത്തിയാക്കാൻ കഴിയുന്നതുമായ വഴികളാണിവ.

2. മോഡറേറ്റ്- അല്പംകൂടി പ്രയാസമേറിയതോ ദൈർഘ്യമേറിയതോ ആയ വഴികൾ ആവും. എത്ര ദൂരവും സഞ്ചരിക്കാനുള്ള മനസ്സു മാത്രം പോരാ അതിനുള്ള ആരോഗ്യവും ശാരീരിക തയ്യാറെടുപ്പുകളും ആവശ്യമാണ്. പ്രധാന ഹിമാലയൻ ട്രെക്കിംഗ് റൂട്ടുകളിൽ പലതും അതും മോഡറേറ്റ് വിഭാഗത്തിൽ പെടുന്നതാണ്.

3. ഡിഫിക്കൽറ്റ് - പൂർണമായും ഒറ്റപ്പെട്ടാ അപകട സാധ്യത കൂടുതലുള്ള ഉള്ള വഴികൾ. ഇടയിൽ ഭക്ഷണം കിട്ടാൻ വഴി തീരെ കാണില്ല. യാത്രക്കാവശ്യമായ ഭക്ഷണവും മറ്റു സംവിധാനങ്ങളും എല്ലാം സ്വയം ചുമന്നോ, പ്രദേശവാസികളുടെ സഹായമോ കോവർ കഴുത പുറത്തോ ഒക്കെ കൊണ്ടു പോകേണ്ടിവരും.ഓർക്കാൻ

ഈസി റൂട്ടുകൾ ഒഴികെയുള്ള ഏതുവഴിയിലും മുൻകരുതലുകൾ അനിവാര്യമാണ്. തിരക്കിനിടയിൽ വഴിതെറ്റി പോകാനും ഒറ്റപ്പെട്ട പോകാനും സാധ്യത ഏറെയാണ്. മുന്നിലേക്കുള്ള വഴിയിൽ ഇടത്തേക്ക് പോകാം, വലത്തേക്ക് പോകാം എന്ന മട്ടിൽ അറിയിപ്പ് ബോർഡുകൾ ഒന്നും എവിടെയും കാണില്ല. ചിലപ്പോൾ മണിക്കൂറുകളോളം ഒരാളെയും എതിർദിശയിലോ സ്വന്തം നിലയിലോ കാണണമെന്നില്ല. അത്യാവശ്യം മരുന്നും ഒന്നോ രണ്ടോ ദിവസം പിടിച്ചുനിൽക്കാനുള്ള ഡ്രൈഫ്രൂട്ട്സ് പോലെയുള്ള ഭക്ഷണസാധനങ്ങളും ചെറിയ ബാക്ക്പാക്കിൽ കരുതിയിരിക്കണം. എത്ര ജലസമൃദ്ധമായ വഴികളിലൂടെയാണ് യാത്രയെങ്കിലും ഒരു കുപ്പി വെള്ളം എപ്പോഴും കരുതൽ ഉണ്ടാവണം. ഒരു ചെറിയ ടോർച്ചും. യാത്ര പൂർത്തിയാക്കാൻ ആവശ്യമായ ദിവസങ്ങളിലേക്ക് ഏറ്റവും അനിവാര്യമായ സാമഗ്രികൾ കയ്യിൽ വേണം. വേണം എന്ന് പറയുമ്പോ ഏറ്റവും അനിവാര്യം എന്ന വാക്കിന് അടിവര വേണം.പോകും മുമ്പ് ഡോക്ടറെ കണ്ട് വണ്ടി കണ്ടീഷൻ ആണന്ന് ഉറപ്പാക്കണം. നമ്മൾ കരുതും പോലെ ആവണം എന്നില്ല നമ്മുടെ ശരീരം. കയറ്റത്തിനിടയിൽ ആരോഗ്യ പ്രശ്ന സാധ്യത ഏറെയാണ്. ഒരു മാസത്തോളം നീളുന്ന ഹിമാലയൻ റൂട്ടുകൾ ഉണ്ട്. യാത്രയ്ക്കിടയിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളും നേരിടാനുള്ള മാനസിക ബലവും മരുന്ന് അടക്കമുള്ള കരുതലും ഉണ്ടാവണം. സാധാരണ ഇത്തരം അത്യന്തം അപകടം ഏറിയ വഴികളിലൂടെയുള്ള യാത്രയിൽ ഈ പ്രദേശം നന്നായി അറിയുന്ന ഒന്നിലേറെ വേറെ ഗൈഡുകളും ഒപ്പം ഉണ്ടാവാറുണ്ട്.

ഇതു കൂടി...,  ട്രെക്കിംഗ് ചിലർക്ക് ആത്മീയ വഴിയാണ്. ചിലർക്കിത് സാഹസികതയും ഇനിയും ചിലർക്ക് പ്രകൃതിയിലേക്കുള്ള മടങ്ങിപ്പോക്കും. ചിലർക്ക് പഠന വഴിയും. ട്രെക്കിംഗിൽ ഉപജീവനം കണ്ടെത്തുന്നവരുമുണ്ട്.  ലോകത്തിന്റെ പതിവ് കാഴ്ചകൾ വിട്ട് ജീവിതം അനുഭവിച്ചറിഞ്ഞ് പ്രകൃതിയിലൂടെ നമ്മിലേക്ക് തന്നെയുള്ള വഴിയാണ് ഓരോ ട്രെക്കിംഗും. അതനുഭവിച്ചേ അറിയാനാകൂ.

Statutory Warning

ഹിമാലയ യാത്ര വായിച്ചും കണ്ടും കേട്ടും ആവേശഭരിതരായി ഞങ്ങൾക്ക് ഒപ്പം കൂടി ഒറ്റ യാത്ര കൊണ്ട് അവസാനിപ്പിച്ച ചിലരുണ്ട്. ആറ് ദിവസത്തെ നടത്തയ്ക്ക് ശേഷം മലമുകളിൽ വിശ്രമിക്കുമ്പോൾ അങ്ങനെ ഒരാൾ ഉന്നയിച്ച ചോദ്യം ഇപ്പോഴും മനസ്സിലുണ്ട്. സ്വസ്ഥമായും സുഖമായും യാത്ര ചെയ്യാൻ കഴിയുന്ന എത്രയോ സുന്ദരമായ ഇടങ്ങൾ വിട്ട് എന്തിനാണ് ഇത്രയേറെ പ്രയാസപ്പെട്ട് നിങ്ങൾ ഈ മല കയറുന്നത് ? ഇങ്ങനെ ഒരു ചോദ്യം നിങ്ങളുടെ മനസ്സിൽ ഉയരാൻ വിദൂര സാധ്യതയെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ ട്രെക്കിംഗിന് പോകരുത്. പ്രത്യേകിച്ച് കടുപ്പമേറിയ പാതകളിൽ.
Published by:Rajesh V
First published: