ഇന്ത്യന്‍ നഗരങ്ങളിൽ വിവാഹമോചനനിരക്കിൽ 40 ശതമാനം വരെ വർധന; പ്രധാന കാരണങ്ങൾ ആറെണ്ണം
- Published by:Sarika N
- news18-malayalam
Last Updated:
രാജ്യത്ത് നടക്കുന്ന ഓരോ 1,000 വിവാഹങ്ങളിലും 13 എണ്ണം വിവാഹമോചനത്തിലെത്തുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു
കുടുംബ മൂല്യങ്ങള്‍ക്ക് വളരെയധികം വില കൽപ്പിക്കുന്ന ഇന്ത്യയില്‍ ഇപ്പോള്‍ വിവാഹമോചനങ്ങള്‍ അപൂര്‍വമല്ല. വിവാഹം പോലെ തന്നെ സാധാരണ സംഭവമായി വിവാഹമോചനവും മാറിക്കഴിഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രത്യേകിച്ച് ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ വിവാഹബന്ധം വേര്‍പെടുത്തുന്ന ദമ്പതികളുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിച്ചുവെന്ന് ദി ലീഗല്‍ ക്രൂസേഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ മൊത്തത്തിലുള്ള വിവാഹമോചന നിരക്ക് കുറവാണ്. ഏകദേശം ഒരു ശതമാനമൊക്കെയാണ് രാജ്യത്ത് ബന്ധം പിരിയുന്ന ദമ്പതികളുടെ കണക്കെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഈ സംഖ്യ പൂര്‍ണ്ണമായ ചിത്രം പ്രതിഫലിപ്പിക്കുന്നില്ല.
ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ ഇപ്പോഴും സാംസ്‌കാരികമായ അപമാനം ഭയന്ന് വിവാഹമോചനത്തിന് തയ്യാറാകുന്നില്ല. എന്നാല്‍, നഗരങ്ങളില്‍ സ്ഥിതി വ്യത്യസ്ഥമാണ്. പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍ പരസ്പരമുള്ള പൊരുത്തക്കേടുകള്‍ വേഗത്തിൽ വിവാഹമോചനത്തിലേക്ക് എത്തുന്നു. അസന്തുഷ്ടരായ ആളുകള്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കാതെ വേര്‍പിരിയാന്‍ പരസ്പരം തീരുമാനിക്കുന്നു. നഗരങ്ങളില്‍ ഇതൊരു സാധാരണ സംഭവമാണ്.
advertisement
വിവാഹമോചന നിരക്കും പ്രവണതയും
ഇന്ത്യയിലെ മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ വിവാഹമോചന നിരക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 30-40 ശതമാനം വര്‍ദ്ധിച്ചതായാണ് ദി ലീഗല്‍ ക്രൂസേഡറിന്റെ കണക്കുകള്‍ പറയുന്നത്. ഇന്ത്യയിലെ മൊത്തം എടുത്താല്‍ വിവാഹമോചന നിരക്ക് 1 ശതമാനത്തിനും 1.3 ശതമാനത്തിനും ഇടയിലാണ്. അതായത്, രാജ്യത്ത് നടക്കുന്ന ഓരോ 1,000 വിവാഹങ്ങളിലും 13 എണ്ണം വിവാഹമോചനത്തിലെത്തുന്നു.
എന്നാല്‍ നഗരപ്രദേശങ്ങളില്‍ വിവാഹമോചനം വളരെ കൂടുതലാണ്. പ്രതിദിനം ഏകദേശം 100 വിവാഹമോചന ഹര്‍ജികളാണ് ഫയല്‍ ചെയ്യപ്പെടുന്നത്. ഇപ്പോള്‍ നഗരപ്രദേശങ്ങളിലാണ് ഈ പ്രവണത കൂടിവരുന്നത്. ദ്രുതഗതിയിലുള്ള നഗരവത്കരണം, ജീവിതശൈലിയിലെ മാറ്റങ്ങള്‍, പരമ്പരാഗതമായ കുടുംബ ഘടനകളിലുണ്ടായ മാറ്റം എന്നിവയാണ് ഇതിനു പിന്നിലെ പ്രധാന കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
advertisement
നിങ്ങള്‍ മാറുമ്പോള്‍ മാറ്റം സംഭവിക്കും
ഒരു ഇന്‍സ്റ്റഗ്രാം ക്ലിപ്പാണ് വിവാഹമോചനം സംബന്ധിച്ച് വ്യത്യസ്ഥമായ ഒരു അഭ്രിപ്രായത്തിലേക്ക് ശ്രദ്ധതിരിക്കുന്നത്. പുനര്‍വിവാഹത്തെ കുറിച്ചാണ് അതില്‍ പറയുന്നത്. പുനര്‍വിവാഹമാണ് ദാമ്പത്യം പുനരാരംഭിക്കുന്നതിനുള്ള പരിഹാരമായി എല്ലാവരും പറയുന്നത്. എന്നാല്‍ അത് ഒരു പരിഹാരമല്ലെന്ന് ഇന്‍സ്റ്റഗ്രാം ക്ലിപ്പില്‍ പറയുന്നു. വിവാഹമോചനം താരതമ്യേന എളുപ്പമായിരിക്കും. എന്നാല്‍ പലരും തങ്ങളുടെ ബന്ധം പരാജയത്തിലെത്താനുള്ളതിന്റെ മൂലകാരണം അഭിസംബോധന ചെയ്യാതെ പുനര്‍വിവാഹം ചെയ്യാന്‍ വേഗത്തില്‍ ശ്രമിക്കുന്നു. ചിലര്‍ മുന്നോ നാലോ തവണ വിവാഹം കഴിക്കുന്നു. എന്നിട്ടും ദാമ്പത്യ വിജയം നേടാനാകുന്നില്ല.
advertisement
ഇത് നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. നിങ്ങള്‍ സ്വയം മാറാതെ ഒന്നും യഥാര്‍ത്ഥത്തില്‍ മാറുന്നില്ല. നിങ്ങള്‍ മാറുമ്പോള്‍ ജീവിതത്തിലും മാറ്റം സംഭവിക്കും. വിധി ഒരു പരിധിവരെ ഇതില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നുണ്ടാകാം. എങ്കിലും ഒരാളുടെ മാനസികാവസ്ഥ, അഹംഭാവം, ആക്രമണോത്സുകത, നിയന്ത്രണ പ്രവണതകള്‍ എന്നിവയില്‍ മാറ്റം വരുത്തുമ്പോഴാണ് യഥാര്‍ത്ഥ പരിവര്‍ത്തനം സംഭവിക്കുന്നത്. വ്യക്തികള്‍ ഈ പറഞ്ഞ സ്വഭാവ സവിശേഷതകള്‍ തുടരുകയാണെങ്കില്‍ എല്ലാ ബന്ധങ്ങളിലും തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്.
വിവാഹമോചനം വര്‍ദ്ധിക്കുന്നതിന്റെ പ്രധാന ഘടകങ്ങള്‍
സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായിട്ടുള്ള നിരവധി ഘടകങ്ങള്‍ ഇന്ത്യയില്‍ വിവാഹമോചന നിരക്ക് കൂടാന്‍ കാരണമായിട്ടുണ്ട്.
advertisement
* ലിംഗപരമായ ഉത്തരവാദിത്തങ്ങളിലെ മാറ്റം
സ്ത്രീകള്‍ കൂടുതലും ജോലിയിലേക്ക് കടന്നുവരാന്‍ തുടങ്ങിയതോടെ ദമ്പതികൾക്കിടയിൽ ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ പങ്കിടുന്നതിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ദാമ്പത്യ സംഘര്‍ഷത്തിന്റെ ഒരു പതിവ് കാരണമായി മാറിയിരിക്കുന്നു.
* നഗരവത്കരണവും ജീവിതശൈലിയിലെ മാറ്റങ്ങളും
കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബങ്ങളിലേക്കുള്ള മാറ്റവും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഒരു കാലത്ത് ദമ്പതികള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വിപുലമായ കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നു. ഇന്ന് പല ദമ്പതികള്‍ക്കും അങ്ങനെ ഒരു പിന്തുണയില്ല. സ്വയം കാര്യങ്ങള്‍ തീരുമാനിക്കുന്നു.
* സ്ത്രീ ശാക്തീകരണം
സ്ത്രീകള്‍ സമൂഹത്തില്‍ മുന്‍ നിരയിലേക്ക് വരാന്‍ തുടങ്ങിയതാണ് മറ്റൊരു കാരണമായി പറയുന്നത്. വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും സ്ത്രീകളെ അവരുടെ വൈകാരിക ക്ഷേമത്തിന് മുന്‍ഗണന നല്‍കാന്‍ പ്രാപ്തരാക്കി. പലരും അടിച്ചമര്‍ത്തുന്നതോ അസന്തുഷ്ടി നിറഞ്ഞതോ ആയ വിവാഹബന്ധങ്ങളില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. ഇത് ഒടുവിൽ വിവാഹമോചനത്തിലേക്ക് കൊണ്ടെത്തിക്കുന്നു.
advertisement
* അവകാശങ്ങളെ കുറിച്ചുള്ള അവബോധം
യുവതലമുറ നിയമപരമായ സംരക്ഷണങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാണ്. ഇത് ചൂഷണം, അവിശ്വസ്തത അല്ലെങ്കില്‍ ക്രൂരത എന്നിവയില്‍ വിവാഹമോചനം തേടാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നു. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്ന ക്യാമ്പെയിനുകളും ഈ മാറ്റത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
* സോഷ്യല്‍ മീഡിയയും സാങ്കേതികവിദ്യയും
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ആളുകളെ ബന്ധിപ്പിക്കുന്നതിനൊപ്പം ഓണ്‍ലൈന്‍ അവിശ്വസ്തത, അമിതമായ സ്‌ക്രീന്‍ സമയം, അനാരോഗ്യകരമായ താരതമ്യങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഇത് പലപ്പോഴും ദാമ്പത്യങ്ങളെ ബാധിക്കുന്നു.
* വിവാഹത്തെക്കുറിച്ചുള്ള മാറുന്ന ധാരണകള്‍
വിവാഹത്തെ ആജീവനാന്ത ബാധ്യതയേക്കാള്‍ ഒരു പങ്കാളിത്തമായിട്ടാണ് ഇന്ന് പല ദമ്പതികളും കാണുന്നത്. പ്രതീക്ഷകള്‍ നിറവേറ്റപ്പെടാത്തപ്പോള്‍ മുന്‍ തലമുറകളെ അപേക്ഷിച്ച് ഇന്നത്തെ തലമുറയില്‍ വ്യക്തികള്‍ അകന്നു പോകാന്‍ കൂടുതല്‍ തയ്യാറാണ്.
advertisement
വിവാഹമോചനം കൂടുന്നതിനൊപ്പം തന്നെ ഇന്ത്യയില്‍ പുനര്‍വിവാഹ പ്രവണതകളും വര്‍ദ്ധിക്കുന്നുണ്ട്. ആഴത്തിലുള്ള സാമൂഹിക പരിവര്‍ത്തനത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഇന്‍സ്റ്റാഗ്രാം സന്ദേശം എടുത്തുകാണിക്കുന്നതുപോലെ ബന്ധങ്ങളിലെ ശാശ്വതമായ മാറ്റത്തിന് ഒരു പുതിയ പങ്കാളിയെ കണ്ടെത്തുന്നതിനേക്കാള്‍ കൂടുതല്‍ ആവശ്യം നിങ്ങള്‍ക്കുള്ളില്‍ തന്നെയുള്ള മാറ്റമാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 26, 2025 7:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഇന്ത്യന്‍ നഗരങ്ങളിൽ വിവാഹമോചനനിരക്കിൽ 40 ശതമാനം വരെ വർധന; പ്രധാന കാരണങ്ങൾ ആറെണ്ണം