നാല് ഭാഷകളിൽ വാക്കുകളെ സ്വപ്നം കണ്ടയാൾ - ഇത് തലശ്ശേരിയിലെ ശ്രീധരേട്ടൻ
Last Updated:
ഹെർമൻ ഗുണ്ടർട്ടിന്‍റെ മലയാളം ഡിക്ഷണറിക്ക് ശേഷം ആദ്യമായാണ് തലശ്ശേരിയിൽ നിന്ന് വീണ്ടുമൊരു ഡിക്ഷണറി പിറക്കുന്നത്. അതുകൊണ്ടു കൂടിയാണ് ശ്രീധരേട്ടൻ തലശ്ശേരിക്കാർക്ക് രണ്ടാം ഗുണ്ടർട്ട് ആയി മാറുന്നതും.
'തേനും വയമ്പും നാവിൽ തൂവും വാനമ്പാടി' തേൻ എന്ന വാക്കിന്‍റെ അർത്ഥം ഏതു ഭാഷയിൽ ലഭിക്കാനാണെങ്കിലും എളുപ്പമാണ്. എന്നാൽ, വയമ്പ് എന്ന വാക്കിന്‍റെ അർത്ഥമോ? തലശ്ശേരിയിലെ ഞാറ്റ്യേല ശ്രീധരൻ എന്ന ശ്രീധരേട്ടൻ വയമ്പ് എന്ന വാക്കിന്‍റെ തെലുങ്ക് അർത്ഥം തേടി കണ്ടെത്തിയത് ആറു വർഷത്തെ ശ്രമത്തിനൊടുവിലാണ്. അങ്ങനെ കാൽ നൂറ്റാണ്ടിനു മേൽ കാലമാണ് 16,000 ത്തിനു മുകളിൽ മലയാളം വാക്കുകളുടെ തമിഴ്, കന്നഡ, തെലുങ്ക് അർത്ഥങ്ങൾ തേടി വാക്കുകളെ സ്വപ്നം കണ്ട് അദ്ദേഹം നടന്നത്. അതുകൊണ്ട് കൂടിയാണ് തലശ്ശേരിക്കാർക്ക് 81 വയസുകാരനായ ശ്രീധരേട്ടൻ രണ്ടാം ഗുണ്ടർട്ട് ആകുന്നതും.
- ശ്രീധരേട്ടന്‍റെ പ്രയത്നം ഡോക്യുമെന്‍ററി ആയപ്പോൾ
മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ചലച്ചിത്ര പ്രവർത്തകൻ നന്ദൻ ആണ് ചതുർഭാഷാ നിഘണ്ടു തയ്യാറാക്കാൻ ശ്രീധരട്ടേൻ നടന്നു തീർത്ത വഴികളെ ഡോക്യുമെന്‍ററിയാക്കിയത്. ചതുർഭാഷാ നിഘണ്ടു എന്ന ആശയത്തിലേക്ക് ശ്രീധരേട്ടൻ എത്തിച്ചേർന്നതും വാക്കുകളെ ഹൃദയത്തിൽ പേറി അർത്ഥതലങ്ങൾ തേടി നടത്തിയ യാത്രകളും അതിന് താങ്ങായി നിന്ന് പരിപോഷിപ്പിച്ചവരും എല്ലാം ഡോക്യുമെന്‍ററിയിൽ കടന്നുവരുന്നു.
അക്കാദമിക വിദ്യാഭ്യാസത്തിന്‍റെ കണക്കെടുത്താൽ നാലാം ക്ലാസ് ആണ് ശ്രിധരേട്ടന്‍റെ ഹൈ ക്ലാസ്. പിന്നെ എപ്പോഴോ തുല്യതാപരീക്ഷ പാസായി. പക്ഷേ, വായിച്ച പുസ്തകങ്ങളുടെയും പഠിച്ചെടുത്ത ഭാഷകളുടെയും 16,000ത്തിനു മുകളിൽ മലയാളം വാക്കുകളുടെ അർത്ഥങ്ങൾ കണ്ടു പിടിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളുടെയും കണക്കെടുത്താൽ പി എച്ച് ഡിക്കാരും ഒന്ന് മാറി കൊടുക്കേണ്ടി വരും. കാരണം, മലയാളഭാഷയ്ക്ക് ശ്രീധരേട്ടൻ നൽകിയ ചതുർഭാഷാ നിഘണ്ടു അക്കാദമിക് അളവുകോൽ വെച്ച് തുലാഭാരം നടത്തിയാലും നിഘണ്ടു ഇരിക്കുന്ന തട്ട് താണ് തന്നെയിരിക്കും. കാരണം, രാവും പകലുമില്ലാതെ ഒരു മനുഷ്യൻ നടത്തിയ ആത്മസമർപ്പണത്തിന്‍റെ ഫലമാണ് ദ്രാവിഡഭാഷകൾക്ക് ലഭിച്ചിരിക്കുന്ന ഈ അത്യപൂർവനിധി.
advertisement

ചതുർഭാഷാ നിഘണ്ടു രചയിതാവ് ഞാറ്റ്യേല ശ്രീധരൻ
- പഠിപ്പ് നിർത്തി ആദ്യം ബീഡി തൊഴിലാളിയായി
തലശ്ശേരിയിൽ വയലളം എന്ന സ്ഥലത്താണ് ശ്രീധരേട്ടന്‍റെ വീട്. 1938ലാണ് ജനിച്ചത്. നാലാം ക്ലാസ് വരെ പഠിക്കാൻ മാത്രമേ അക്കാലത്ത് അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. പിന്നീട് സ്കൂളിൽ പോകാതെ സ്വയം പഠിച്ചാണ് ഇ എസ് എൽ സി പാസായത്. ബീഡി തൊഴിലാളിയായി പാലക്കാട് ജോലി ചെയ്യുന്ന കാലത്ത് തമിഴ് പഠിച്ചു. ബീഡിക്കമ്പനിയിൽ വായിക്കാൻ ലഭിച്ച തമിഴ് പത്രം തമിഴ് പദസമ്പത്തിന് മുതൽക്കൂട്ടായി. ഈ കാലഘട്ടത്തിൽ ഭാഷാപഠനവും സജീവമായിരുന്നു. എ ആർ രാജരാജ വർമയുടെയും ശേഷഗിരി പ്രഭുവിന്‍റെയും കാഡ് വെല്ലിന്‍റെയും ഗ്രന്ഥങ്ങൾ വ്യത്യസ്ത ലിപികൾ, ലിപി വിന്യാസം, വ്യാകരണം, പ്രാദേശിക പദപ്രയോഗങ്ങൾ എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചു.
advertisement
- ഭാഷകൾ പഠിക്കാൻ കർണാടകയിലേക്കും ആന്ധ്രയിലെ നെല്ലൂരിലേക്കും
1970ൽ ജലസേചനവകുപ്പിൽ നിയമനം ലഭിച്ചതോടെ ഭാഷാപഠനം കൂടുതൽ ശക്തമായി. ആ കാലത്താണ് കൂത്തുപറമ്പ് നിർമലഗിരി കോളേജിലെ അധ്യാപകൻ ഡോ ടി പി സുകുമാരനെ പരിചയപ്പെടുന്നത്. അദ്ദേഹം മലയാളത്തിലെ പ്രാദേശികവാക്കുകൾ ഉൾപ്പെടുത്തി ഒരു ഡിക്ഷണറി ഉണ്ടാക്കാം എന്ന ആശയം ശ്രീധരന് നൽകി. എന്നാൽ, ഈ ആശയം ശ്രീധരേട്ടന്‍റെ മനസിലേക്ക് എത്തിയപ്പോൾ അത് ചതുർഭാഷാ നിഘണ്ടു എന്നായി മാറി. അങ്ങനെ, മലയാളവും തമിഴും വഴങ്ങുന്ന സ്ഥിതിക്ക് മറ്റ് രണ്ട് ദ്രാവിഡ ഭാഷകൾ കൂടി പഠിച്ച് ചതുർഭാഷാ നിഘണ്ടു നിർമിക്കാനുള്ള ആലോചനയിലായി ശ്രീധരേട്ടൻ.
advertisement
കന്നഡ പഠനമായിരുന്നു അടുത്ത ലക്ഷ്യം. ജലസേചന വകുപ്പിൽ ഉണ്ടായിരുന്ന സുള്ള്യ സ്വദേശി ഗോവിന്ദ നായ്ക്കിൽ നിന്ന് കന്നഡയിലെ ബാലപാഠങ്ങൾ പഠിച്ചു. പ്രശസ്ത എഴുത്തുകാരൻ സി രാഘവൻ മാസ്റ്റർ ആയിരുന്നു മറ്റൊരു അധ്യാപകൻ. കന്നഡയിൽ കൂടുതൽ അറിവ് നേടാൻ കർണാടകയിൽ പോയി താമസിച്ചു. നിങ്ങൾ ഒരു കാര്യം മനസിൽ വിചാരിച്ചാൽ പ്രപഞ്ചം മുഴുവൻ നിങ്ങളെ സഹായിക്കാനായി എത്തുമെന്ന് ആൽക്കെമിസ്റ്റിൽ പൌലോ കൊയിലോ പറഞ്ഞത് വെറുതെയല്ല. കരിമ്പം കൃഷിഫാമിലെ ആന്ധ്ര സ്വദേശിയായ ഈശ്വരപ്രസാദും ഭാര്യ സീതമ്മയും തെലുങ്ക് പഠിപ്പിച്ചു. കൂടാതെ, ആന്ധ്രയിലെ നെല്ലൂരിൽ പോയി തെലുങ്ക് പഠിച്ച് ആ ഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടുകയും ചെയ്തു.1994ൽ സർവീസിൽ നിന്ന് വിരമിച്ചതിനു ശേഷം മുഴുവൻ സമയവും ഭാഷാ നിഘണ്ടുവിനായി മാറ്റി വെക്കുകയായിരുന്നു ശ്രീധരേട്ടൻ.
advertisement
നാല് ഭാഷയും പഠിച്ചു കഴിഞ്ഞതിനു ശേഷമാണ് ഡിക്ഷണറിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അതായത്, മലയാളത്തിലെ ഒരു വാക്കെടുത്താൽ അതിന്‍റെ അർത്ഥം വരുന്ന വാക്ക് തമിഴിലും കന്നഡയിലും തെലുങ്കിലും. ഉദാഹരണത്തിന് അകം എന്ന് വാക്കെടുത്താൽ അതിന് തമിഴിലും തെലുങ്കിലും കന്നഡയിലും എന്ത് പറയുമെന്നത് ഈ ഡിക്ഷണറിയിൽ നിന്ന് ലഭിക്കും. അകം എന്ന വാക്കോടെയാണ് ഡിക്ഷണറി തുടങ്ങുന്നതും. ശബ്ദതാരാവലിയിലെ വാക്കുകൾ എഴുതി അതിനുശേഷം അതിന്‍റെ അർത്ഥം വരുന്ന വാക്കുകൾ കണ്ടെത്തുന്ന രീതിയായിരുന്നു ഡിക്ഷണറി നിർമാണത്തിൽ ശ്രീധരേട്ടൻ പിന്തുടർന്നത്. വായനയിലൂടെയാണ് വാക്കുകളുടെ അർത്ഥങ്ങൾ കണ്ടെത്തിയത്.
advertisement

ഞാറ്റ്യേല ശ്രീധരന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്‍ററി - 'വാക്കുകളെ സ്വപ്നം കാണുമ്പോൾ' - പ്രദർശിപ്പിക്കുന്നതിനു മുമ്പായി ഡോക്യുമെന്‍ററി പോസ്റ്റർ റിലീസ് ചെയ്യുന്നു
- അർത്ഥം കണ്ടെത്താൻ ബന്ധുക്കളും സുഹൃത്തുക്കളും യാത്രകളും
തമിഴിലെ ചില വാക്കുകൾ കിട്ടുന്നില്ലെങ്കിൽ നേരെ തിരുനെൽവേലിയിലേക്ക് പോകും. അവിടെ ഭാര്യയുടെ അനിയൻ പ്രകാശനും അദ്ദേഹത്തിന്‍റെ ഭാര്യ ഉഷ ടീച്ചറുമുണ്ട്. തമിഴിലെ വാക്കുകൾ കണ്ടെത്താൻ അവർ സഹായിക്കും. കന്നഡയിലെ വാക്കുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കാസർഗോഡ് പോയി അവിടെയുള്ള സീതാറാം മാസ്റ്ററോടും രാഘവൻ മാസ്റ്ററോടും അന്വേഷിക്കും. തെലുങ്കിലുള്ള വാക്കുകൾ കണ്ടെത്താൻ സഹായിച്ചത് വിജയലക്ഷ്മി എന്ന സുഹൃത്തും ആന്ധ്രയിൽ ബിസിനസ് ഉണ്ടായിരുന്ന കോയേരി കുഞ്ഞിരാമൻ എന്നയാളുമായിരുന്നു. ഇത്തരത്തിൽ 25 വർഷങ്ങളായി നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിലാണ് ഡിക്ഷണറി പൂർത്തിയാക്കാൻ ശ്രീധരേട്ടന് കഴിഞ്ഞത്. ഒന്നേകാൽ ലക്ഷത്തിനു മുകളിൽ വാക്കുകളാണ് ശ്രീധരേട്ടന്‍റെ ചതുർഭാഷാ നിഘണ്ടുവിൽ ഉള്ളത്.
advertisement
- നാല് ഭാഷകളിലെ ഡിക്ഷണറി വ്യത്യസ്തമാകുന്നത് ഇവിടെയാണ്
മലയാളത്തിനൊപ്പം കന്നഡയും തമിഴും തെലുങ്കും അറിയാവുന്നതിനാൽ ഈ നാല് ഭാഷകളും ഉൾക്കൊള്ളുന്ന ഡിക്ഷണറി അന്വേഷിച്ച് ഒരുപാട് നടന്നിട്ടുണ്ടെന്ന് ഡോക്യുമെന്‍ററിയുടെ സംവിധായകനായ നന്ദൻ പറഞ്ഞു. എന്നാൽ, കുറേ കാലം അന്വേഷിച്ചിട്ടും അത്തരത്തിലൊരു ഡിക്ഷണറി കണ്ടെത്താൻ കഴിഞ്ഞില്ല. ആ കാലത്താണ് ഒരു പത്രത്തിൽ ശ്രീധരേട്ടന്‍റെ ചതുർഭാഷാ നിഘണ്ടുവിനെക്കുറിച്ച് വാർത്ത കാണുന്നത്. തുടർന്ന് ശ്രീധരേട്ടനെ പോയി കാണുകയും ഡിക്ഷണറിക്കായി ശ്രീധരേട്ടൻ നടന്നു തീർത്ത വഴികളെ ഡോക്യുമെന്‍ററിയാക്കാൻ തീരുമാനിക്കുകയുമായിരുന്നു. റീജിയണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഇംഗ്ലീഷിന്‍റെ ചതുർഭാഷാ നിഘണ്ടു ഇപ്പോൾ വന്നിട്ടുണ്ടെങ്കിലും അതിൽ വളരെ ചുരുക്കം വാക്കുകൾ മാത്രമേയുള്ളൂ എന്നതാണ് അതിന്‍റെ പോരായ്മയെന്നും നന്ദൻ പറഞ്ഞു. നാല് ദ്രാവിഡഭാഷകളിൽ വാക്കുകളുടെ അർത്ഥം കണ്ടെത്താൻ പറ്റുന്ന ഡിക്ഷണറി വേറെയില്ല. അതുകൊണ്ട് തന്നെയാണ് ഒറ്റയ്ക്കുള്ള ശ്രമത്തിലൂടെ വാക്കുകളുടെ അർത്ഥം കണ്ടെത്തിയത് ശ്രീധരേട്ടനെ വ്യത്യസ്തനാക്കുന്നതും.
- തേനും വയമ്പിലെ വയമ്പിന്‍റെ അർത്ഥം തേടി ആറു വർഷം
ആറു വർഷം അന്വേഷിച്ചതിനു ശേഷമാണ് തേനും വയമ്പിലെ വയമ്പിന്‍റെ തെലുങ്ക് അർത്ഥം ലഭിച്ചത്. ഒരു ഭാഷയിലെ അർത്ഥം ഇല്ലാതെ ആ വാക്ക് ഡിക്ഷണറിയിൽ ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ, അതിന് മറ്റൊരു എളുപ്പവഴിയുണ്ട്. ആ വാക്ക് തന്നെ ഡിക്ഷണറിയിൽ നിന്ന് എടുത്തു കളഞ്ഞാൽ മതി. സാങ്കേതികമായി അപ്പോൾ ഡിക്ഷണറി ശരിയാകും. എന്നാൽ, ശ്രീധരേട്ടൻ അത് ചെയ്തില്ല. കാരണം, തേനും വയമ്പുമെന്നുള്ള പാട്ട് അദ്ദേഹത്തിന് അത്ര ഇഷ്ടമായിരുന്നു. ഡോക്യുമെന്‍ററിയിലും അക്കാര്യം പറയുന്നുണ്ട്. വയമ്പിന് കന്നഡയിൽ ബജെ എന്നും തമിഴിൽ വസമ്പു എന്നും തെലുങ്കിൽ വസ എന്നുമാണ് അർത്ഥങ്ങൾ.

'വാക്കുകളെ സ്വപ്നം കാണുമ്പോൾ' ഡോക്യുമെന്‍ററിയുടെ പോസ്റ്റർ
- ഡിക്ഷണറിയുടെ പ്രസിദ്ധീകരണം
ഡിക്ഷണറി ഉണ്ടാക്കിയെടുക്കാൻ ശ്രീധരേട്ടൻ 25 വർഷത്തിലേറെ നടത്തിയ അന്വേഷണവും കണ്ടെത്തലുകളുമാണ് ഡോക്യുമെന്‍ററിയുടെ ഒന്നാംഭാഗം. എന്നാൽ, ആ ഡിക്ഷണറി പ്രസിദ്ധീകരിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളും നേരിട്ട പ്രതിസന്ധികളുമാണ് രണ്ടാം ഭാഗം. അതിനാൽ തന്നെ ഡിക്ഷണറി ഉണ്ടാക്കിയതിനു ശേഷം അതിനെന്തു സംഭവിച്ചു എന്നുകൂടി അറിയണം. ഒന്നാമത്, ഈ ഡിക്ഷണറി വളരെ വലുതാണ്. അതുകൊണ്ട് സ്വകാര്യ പ്രസാധകർ ഇത് പ്രസിദ്ധീകരിക്കാൻ തയ്യാറാകില്ല. അതുകൊണ്ട് സർക്കാരിനു മാത്രമേ ഇത് പ്രസിദ്ധീകരിക്കാൻ കഴിയൂ.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിക്ഷണറി കൊണ്ടുപോയി കൊടുത്തെങ്കിലും ഡിക്ഷണറി തയ്യാറാക്കിയ വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യത അവിടെ ഒരു പ്രശ്നമായി. വിദ്യാഭ്യാസയോഗ്യത ഒരു പ്രശ്നമായതിനാൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിക്ഷണറി കൊടുത്തിട്ടും പ്രത്യേകിച്ച് നടപടികൾ ഒന്നും ഉണ്ടായില്ല. നാല് ഭാഷകളിൽ അർത്ഥം ഉള്ളതിനാൽ ഡിക്ഷണറി വിശദമായി പരിശോധിക്കാൻ കുറേകാലം എടുക്കുമെന്നതും ഒരു തടസമായി. എന്നാൽ, ഇതിനിടയിൽ മലയാളം - തമിഴ് വാക്കുകളുടെ ഡിക്ഷണറി ഭാഷാ ഇൻസ്റ്റിറ്റ്യൂട് പ്രസിദ്ധീകരിച്ചു. അതു തന്നെ പൂർണമായും പരിശോധിച്ച് പ്രസിദ്ധീകരിക്കാൻ ഒരു വർഷമെടുത്തു. ഇതിനിടയിൽ ഡിക്ഷണറി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കാണാതായി. പിന്നീട് വക്കീൽ നോട്ടീസ് അയച്ചാണ് ഡിക്ഷണറിയുടെ ഒരേയൊരു കൈയെഴുത്തു പ്രതി തിരികെ നേടിയത്. ഇപ്പോൾ കേരള സീനിയർ സിറ്റിസൺസ് ഫോറം മുൻകൈയെടുത്ത് ഡിക്ഷണറി പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്.
- ഭാഷയോടുള്ള പാഷൻ
ഇന്ത്യയിൽ അംഗീകാരം ലഭിച്ച ഭാഷകൾ 25ൽ അധികമുണ്ട്. ഇത്രയധികം ഭാഷകൾ സംസാരിക്കുന്ന ഇന്ത്യയിൽ ഒരു ഭാഷ എവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നു എന്ന് പറയാനും കഴിയില്ല. കാരണം, ഒന്ന് മറ്റൊന്നിൽ ലയിച്ചു ചേർന്ന് പതിയെ പതിയെ ആ ഭാഷ വിട്ട് മറ്റൊരു ഭാഷയായി പരിണമിക്കുകയാണ്. എങ്കിലും അയൽ സംസ്ഥാനങ്ങളിലെ ഭാഷകൾ പോലും നമുക്ക് അറിയില്ല. പല പ്രാദേശികഭാഷകളും മരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ദ്രാവിഡഭാഷാ നിഘണ്ടു 81 വയസുള്ള ഒരു മനുഷ്യൻ നമുക്ക് സമ്മാനിക്കുന്നത്.

തലശ്ശേരിയിൽ ഡോക്യുമെന്‍ററിയുടെ ആദ്യപ്രദർശനം നടന്നപ്പോൾ
- മലയാളത്തിലെ ആദ്യത്തെ ഡിക്ഷണറിയും തലശ്ശേരിയിൽ
ജർമൻ സ്വദേശിയായ ഹെർമൻ ഗുണ്ടർട്ട് തലശ്ശേരിയിൽ താമസിക്കുന്ന കാലത്താണ് മലയാളം പഠിച്ച് മലയാളത്തിൽ ഡിക്ഷണറി ഉണ്ടാക്കിയത്. ഹെർമൻ ഗുണ്ടർട്ടിന്‍റെ മലയാളം ഡിക്ഷണറിക്ക് ശേഷം ആദ്യമായാണ് തലശ്ശേരിയിൽ നിന്ന് വീണ്ടുമൊരു ഡിക്ഷണറി പിറക്കുന്നത്. അതുകൊണ്ടു കൂടിയാണ് ശ്രീധരേട്ടൻ തലശ്ശേരിക്കാർക്ക് രണ്ടാം ഗുണ്ടർട്ട് ആയി മാറുന്നതും. ആദ്യം മലയാളം, പിന്നെ കന്നഡ, തമിഴ്, തെലുങ്ക് എന്നിങ്ങനെയാണ് വാക്കുകൾക്ക് അർത്ഥം നൽകിയിരിക്കുന്നത്.
- വാക്കുകളെ സ്വപ്നം കാണുമ്പോൾ
കാൽനൂറ്റാണ്ടിലേറെ കാലം വാക്കുകൾക്ക് പിന്നാലെ നടന്ന ശ്രീധരേട്ടന്‍റെ ജീവിതം പറയുന്ന ഡോക്യുമെന്‍ററിക്ക് ഇതിനേക്കാൾ നല്ലൊരു പേര് നൽകാനില്ല. കാരണം, വാക്കുകളെ സ്വപ്നം കണ്ടയാളാണ് അദ്ദേഹം എന്നതു തന്നെ. പദഗളന്നു കനസു കണ്ടാഗ (കന്നട), വാർത്തൈകളൈ കനവ് കാണുമ്പോത് (തമിഴ്), പദാലനു കല കണ്ണപ്പുടു (തെലുങ്ക്) എന്നാണ് വാക്കുകളെ സ്വപ്നം കാണുമ്പോൾ എന്ന് വ്യത്യസ്ത ഭാഷകളിൽ പറയുന്നത്. ഡോക്യുമെന്‍ററി തുടങ്ങുന്നതും ഇതെല്ലാം അതാത് ഭാഷകളിൽ എഴുതി കാണിച്ചാണ്.
ശ്രീധരേട്ടനെ കൂടാതെ ഡോ. പി.കെ പോക്കർ (മുൻ ഡയറക്ടർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്, മലയാളം - തമിഴ് ഡിക്ഷണറി പ്രസിദ്ധീകരിക്കാൻ മുൻകൈയെടുത്തത് ഇദ്ദേഹം ആയിരുന്നു), ഡോ കെ.പി മോഹനൻ (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), കെ കെ രമേഷ് ( എഴുത്തുകാരൻ,അഡ്വക്കേറ്റ്), അർത്ഥം കണ്ടെത്താൻ സഹായിച്ച സീതാറാം മാസ്റ്റർ, ഉഷ ടീച്ചർ എന്നിവരും ഡോക്യുമെന്‍ററിയിൽ കടന്നു വരുന്നു. ഒരു മണിക്കൂറാണ് ദൈർഘ്യം. ഡോക്യുമെന്‍ററിയുടെ നിർമാണവും സംവിധാനവും നന്ദനാണ്. ഛായാഗ്രഹണം - സുർജിത്ത് എസ് പൈ, എഡിറ്റിംഗ് - ശ്രീവത്സൻ ആർ എസ്, സംഗീതം - അരുൺ എളാട്ട്, സൗണ്ട് ഡിസൈൻ - അക്ഷയ് വൈദ്യഎന്നിവരാണ് അണിയറയിൽ.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 04, 2020 12:07 PM IST