• HOME
 • »
 • NEWS
 • »
 • life
 • »
 • Monkeypox | കുരങ്ങുപനി: 12ലധികം രാജ്യങ്ങളിലായി 100ഓളം കേസുകൾ; ലക്ഷണങ്ങൾ മുതൽ വാക്സിൻ വരെ; അറിയേണ്ടതെല്ലാം

Monkeypox | കുരങ്ങുപനി: 12ലധികം രാജ്യങ്ങളിലായി 100ഓളം കേസുകൾ; ലക്ഷണങ്ങൾ മുതൽ വാക്സിൻ വരെ; അറിയേണ്ടതെല്ലാം

ഇന്ത്യയില്‍ ഇതുവരെ ഒരു കുരങ്ങുപനി കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

കുരങ്ങുപനി ബാധിച്ച കുട്ടി ചികിത്സ സ്വീകരിക്കുന്നു (AFP)

കുരങ്ങുപനി ബാധിച്ച കുട്ടി ചികിത്സ സ്വീകരിക്കുന്നു (AFP)

 • Share this:
  ലോകം കോവിഡ് 19 മഹാമാരിയുമായി പൊരുതുന്നതിനിടയില്‍ കുരങ്ങുപനി (Monkeypox) പുതിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. 12-ലധികം രാജ്യങ്ങളിലായി 100-ഓളം കുരങ്ങുപനി കേസുകളാണ് ഇതിനകം സ്ഥിരീകരിച്ചിട്ടുള്ളത്. മെയ് 21 വരെ, 92 കുരങ്ങുപനി കേസുകളും 28 സംശയാസ്പദമായ കേസുകളും ലോകാരോഗ്യ സംഘടനയുടെ (World Health Organisation) 12 അംഗരാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും (Monkeypox death) റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓസ്ട്രേലിയ, ബെല്‍ജിയം, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, സ്വീഡന്‍, യുകെ, യുഎസ്എ എന്നിവിടങ്ങളില്‍ നിന്നാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മങ്കിപോക്‌സ് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ ആദ്യ രാജ്യമായി ബെല്‍ജിയം മാറി.

  ലക്ഷണങ്ങള്‍

  പനിയാണ് കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണം. ശരീരത്തില്‍ തടിപ്പ്, തിണര്‍പ്പ് എന്നിവ രൂപപ്പെടുന്നതും മറ്റ് ലക്ഷണങ്ങളാണ്. കുരങ്ങുപനി വസൂരിയുമായി സാമ്യമുള്ളതാണെങ്കിലും പെട്ടെന്ന് പകരില്ലെന്നും, എന്നാല്‍ ഗുരുതരമായ അസുഖം ഉണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

  പടിഞ്ഞാറന്‍, മധ്യ ആഫ്രിക്കയില്‍ മാത്രം കണ്ട് വന്നിരുന്ന ഈ രോഗം പുറത്തേക്ക് വ്യാപിച്ചത് വളരെ ഗൗരവമായി കണക്കിലെടുക്കേണ്ട വിഷയമാണെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. വളരെ അപൂര്‍വമായി മാത്രമാണ് ഈ രോഗം ആഫ്രിക്കയ്ക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ (India) ഇതുവരെ കുരങ്ങുപനി കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

  Also read- Monkeypox |യു.എ.ഇയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം

  വസൂരി വാക്‌സിനേഷനില്‍ നിന്നുള്ള പ്രതിരോധശേഷി കുറയുന്നതാണ് കുരങ്ങുപനി വൈറസിന്റെ തിരിച്ചുവരവിന് പിന്നിലെ ഒരു കാരണം എന്ന് ഒരു പഠനം വ്യക്തമാക്കുന്നു. ആഗോളതലത്തില്‍, 40-50 വര്‍ഷത്തിലേറെയായി വസൂരി വാക്‌സിനേഷനുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

  ''നിലവിൽ ലഭ്യമായ തെളിവുകള്‍ സൂചിപ്പിക്കുന്നത് കുരങ്ങുപനി ബാധിച്ച ഒരാളുമായി അടുത്ത ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്,'' ലോകാരോഗ്യ സംഘടന മെയ് 21 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ പകര്‍ച്ചവ്യാധിയെ കൈകാര്യം ചെയ്യുന്നതിനുള്ള കൂടുതല്‍ സാങ്കേതിക ശുപാര്‍ശകള്‍ യുഎന്‍ ആരോഗ്യ ഏജന്‍സി നല്‍കും.

  എന്താണ് കുരങ്ങുപനി?

  ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ കുരങ്ങുപനി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്. മൃഗങ്ങളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. വസൂരിക്ക് സമാനമായ ലക്ഷണങ്ങളാണ് ഇതിന് ഉള്ളത്. 1958ല്‍ ഒരു ഡാനിഷ് ലബോറട്ടറിയിലെ പരിശോധനയിലാണ് ആദ്യമായി കുരങ്ങുപനി കണ്ടെത്തിയത്. കുരങ്ങുകളിലാണ് രോഗം കണ്ടെത്തിയത്. അങ്ങനെയാണ് കുരങ്ങുപനി എന്ന പേര് വന്നത്. 1970-ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഒരു കുട്ടിയിലാണ് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്. 1980ല്‍ ലോകത്ത് നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്തിട്ടുള്ള രോഗമാണ് കുരങ്ങുപനി.

  Also read- കുരങ്ങുപനി ലൈംഗിക ബന്ധത്തിലൂടെ പകരുമോ? അറിയേണ്ടതെല്ലാം

  മുറിവുകള്‍, ശരീരത്തിലെ സ്രവങ്ങള്‍, ചുമ, തുമ്മല്‍, എന്നിവയിലൂടെയുള്ള അടുത്ത സമ്പര്‍ക്കം വഴിയാണ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. സാധാരണയായി 6 മുതല്‍ 13 ദിവസം വരെയാണ് കുരങ്ങുപനിയുടെ ഇന്‍കുബേഷന്‍ കാലാവധി, എന്നാല്‍ 5 മുതല്‍ 21 ദിവസം വരെയാകാമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

  ഇന്ത്യയിലെ സാഹചര്യം

  ഇന്ത്യയില്‍ ഇതുവരെ കുരങ്ങുപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ''ലോകം മഹാമാരിയുടെ മൂന്നാം വര്‍ഷത്തിലാണ്, കുരങ്ങുപനിയുടെ രൂപത്തില്‍ മറ്റൊരു വൈറസ് പൊട്ടിപ്പുറപ്പെടുമെന്ന് ലോകാരോഗ്യ സംഘടന മുമ്പ് പ്രവചിച്ചിരുന്നു. ഇന്ത്യയില്‍ ഇതുവരെ ഒരു കുരങ്ങുപനി കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് നല്ല വാര്‍ത്തയാണ്, ''പാരസ് ജെകെ ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ ഡയറക്ടറും ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുമായ ഡോ സന്ദീപ് ഭട്നാഗര്‍ പറയുന്നു.

  'മറ്റ് രാജ്യങ്ങളിലെ വൈറസ് ബാധിതരുടെ എണ്ണത്തെക്കുറിച്ചും വ്യാപനത്തെ കുറിച്ചും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല, കാരണം അണുബാധയെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ ലോകാരോഗ്യ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. അതുവരെ, നമ്മുടെ ശുചിത്വം, പ്രതിരോധശേഷി, ഉറക്കം, ശരീരത്തിലെ ജലാംശം നിലനിര്‍ത്തല്‍ എന്നീ കാര്യങ്ങള്‍ നാം നിരീക്ഷിക്കേണ്ടതുണ്ട്. കൂടാതെ, സാമൂഹിക അകലം പാലിക്കല്‍, കൈ കഴുകല്‍, മാസ്‌ക് ധരിക്കല്‍ എന്നിങ്ങനെയുള്ള എല്ലാ കോവിഡ് മുന്‍കരുതലുകളും നമ്മള്‍ പാലിക്കേണ്ടതുണ്ട്.'', അദ്ദേഹം പറഞ്ഞു.

  Also read- വാനര വസൂരി അഥവാ കുരങ്ങുപനി ഇതുവരെ സ്ഥിരീകരിച്ചത് 14 രാജ്യങ്ങളിൽ; ഏതൊക്കെയെന്നറിയാം

  കുരങ്ങുപനി അണുബാധയെ തുടര്‍ന്ന് ഇന്ത്യ എല്ലാ വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. കുരങ്ങുപനി ബാധിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരുടെ 21 ദിവസത്തെ യാത്രാ വിവരങ്ങള്‍ ശേഖരിക്കാനും അവരുടെ നിലവിലെ ആരോഗ്യനില പരിശോധിക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) എന്നിവയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശം നല്‍കി.

  വസൂരി വാക്‌സിനുകള്‍ ഫലപ്രദമോ?

  വസൂരി പ്രതിരോധ വാക്‌സിനുകളും കുരങ്ങുപനിക്കെതിരെ സംരക്ഷണം നല്‍കും. ഡെന്മാര്‍ക്ക് ആസ്ഥാനമായുള്ള ബവേറിയന്‍ നോര്‍ഡിക് കമ്പനിയായ ബവേറിയന്‍ നോര്‍ഡിക് കുരങ്ങുപനി വൈറസിനും വസൂരിക്കുമുള്ള ജിന്നിയോസ് എന്ന വാക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്. 2015 ല്‍ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും (സിഡിസി) ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും (എഫ്ഡിഎ) അപൂര്‍വ വൈറസിനുള്ള വാക്‌സിന്‍ ആയി ജിന്നിയോസിന്റെ ഉപയോഗം അംഗീകരിച്ചിട്ടുണ്ട്.

  ലോക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വസൂരി വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായി ഒരു യൂറോപ്യന്‍ രാജ്യവുമായി കമ്പനി കരാര്‍ ഒപ്പു വച്ചിട്ടുണ്ട്. വസൂരിക്ക് കാരണമാകുന്ന വേരിയോള വൈറസുമായി കുരങ്ങുപനി വൈറസിന് അടുത്ത ബന്ധമുള്ളതു കൊണ്ട് വസൂരി വാക്‌സിനുകള്‍ക്ക് കുരങ്ങുപനിയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് അമേരിക്കയിലെ മികച്ച ആരോഗ്യസംരക്ഷണ ഏജന്‍സിയായ സിഡിസി പറയുന്നു. കൂടാതെ, വാക്‌സിനേഷനെക്കുറിച്ചുള്ള ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യാന്‍ വിദഗ്ധരുടെ യോഗം വിളിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

  കോവിഡ് നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയതിന് ശേഷം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള സഞ്ചാരം കൂടിയതോടെയാകാം രോഗം വ്യാപിച്ചതെന്നാണ് നിഗമനം. വസൂരി വിഭാഗത്തില്‍ പെടുന്നതാണ് കുരങ്ങുപനിയെന്നത് ആരോഗ്യരംഗത്തെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. കോവിഡ് പോലെ രാജ്യവ്യാപകമായി പടരാന്‍ സാധ്യതയില്ലാത്ത രോഗമാണ് കുരങ്ങുപനി. എങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യസംഘടനകളുടെ മുന്നറിയിപ്പ്.

  നിലവില്‍ രോഗം വന്നവരില്‍ ഭൂരിപക്ഷവും ഗേ, ബൈ സെക്ഷ്വല്‍, എന്നിവരിലാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കുന്നു. ഇത്തരം ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവരില്‍ രോഗം പകരുന്നതിന് ശാസ്ത്രീയമായി എന്തെങ്കിലും കാരണം ഉണ്ടോയെന്ന് മെഡിക്കല്‍ ലോകം പഠനം നടത്തുകയാണ്.
  Published by:Naveen
  First published: