• HOME
 • »
 • NEWS
 • »
 • life
 • »
 • Monkeypox | കുരങ്ങുപനി ലൈംഗിക ബന്ധത്തിലൂടെ പകരുമോ? അറിയേണ്ടതെല്ലാം

Monkeypox | കുരങ്ങുപനി ലൈംഗിക ബന്ധത്തിലൂടെ പകരുമോ? അറിയേണ്ടതെല്ലാം

ആഫ്രിക്കയിലേക്ക് യാത്ര ചെയ്യാത്ത ആളുകൾക്കിടയിൽ ഇതാദ്യമായി രോ​ഗ വ്യാപനം കണ്ടെത്തിയതോടെ കടുത്ത ജാ​ഗ്രതയിലാണ് പല രാജ്യങ്ങളും.

 • Share this:
  ആഫ്രിക്കയ്ക്ക് (Africa) പുറത്തും കുരങ്ങുപനി (Monkeypox) പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. സമീപ ദിവസങ്ങളിൽ യൂറോപ്പിലും (European) അമേരിക്കയിലും (America) നിരവധി പേരിൽ കുരങ്ങു പനി കണ്ടെത്തിയിരുന്നു, കൂടതലും ചെറുപ്പക്കാരിലാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആഫ്രിക്കയ്ക്ക് പുറത്ത് അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒരു രോഗത്തിന്റെ വളരെ വിചിത്രമായ വ്യാപനമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ആഫ്രിക്കയിലേക്ക് യാത്ര ചെയ്യാത്ത ആളുകൾക്കിടയിൽ ഇതാദ്യമായി രോ​ഗ വ്യാപനം കണ്ടെത്തിയതോടെ കടുത്ത ജാ​ഗ്രതയിലാണ് പല രാജ്യങ്ങളും. ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ സ്ഥിതി​ഗതികൾ നിരീക്ഷിച്ചു വരികയാണ്. എന്നാൽ പൊതുജനങ്ങളിലേക്ക് രോ​​ഗം പടരാനുള്ള സാധ്യത കുറവാണെന്ന് അവർ ഊന്നിപ്പറയുന്നു.

  എന്താണ് കുരങ്ങു പനി (MONKEYPOX)?
  കുരങ്ങ്, എലി, അണ്ണാൻ പോലുള്ള ജീവികളിൽ നിന്നാണ് കുരങ്ങു പനിക്ക് കാരണമാകുന്ന വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് കുരങ്ങു പനി കൂടുതലായും കാണപ്പെടുന്നത്. ഇവിടുത്തെ ജനങ്ങളിൽ പ്രാദേശികമായി പടർന്നു പിടിക്കുന്ന ഒരു രോ​ഗമാണിത്. 1958ൽ ​കുരങ്ങളിലാണ് ആദ്യമായി ഈ രോ​ഗം ശാസ്ത്രജ്ഞർ കണ്ടെത്തുന്നത്. ​ഗവേഷണം നടത്തിയ കുരങ്ങുകളിൽ രണ്ട് തവണ വസൂരി പോലുള്ള രോ​ഗം സ്ഥീരീകരിച്ചു. അങ്ങനെയാണ് മങ്കി പോക്സ് അഥവ കുരങ്ങുപനി എന്ന് പേര് വന്നത്. 1970ൽ കോംഗോയിൽ 9 വയസ്സുള്ള ഒരു ആൺകുട്ടിയിലാണ് മനുഷ്യരിലെ കുരങ്ങുപനി ആദ്യമായി കണ്ടെത്തിയത്.

  രോ​ഗലക്ഷണങ്ങളും ചികിത്സയും
  വസൂരി വൈറസിന്റെ അതേ കുടുംബത്തിൽ പെട്ടതാണ് കുരങ്ങുപനിക്ക് കാരണമാകുന്ന വൈറസും. എങ്കിലും രോ​ഗ ലക്ഷണങ്ങൾ പലപ്പോഴും അത്ര തീവ്രമായിരിക്കില്ല. മിക്ക രോഗികൾക്കും പനി, ശരീരവേദന, വിറയൽ, ക്ഷീണം എന്നിവ മാത്രമേ അനുഭവപ്പെടൂ. കൂടുതൽ ഗുരുതരമായ രോഗങ്ങളുള്ള ആളുകളുടെ മുഖത്തും കൈകളിലും കുരുക്കളും മുറിവുകളും ഉണ്ടായേക്കാം ഇത് ചിലപ്പോൾ
  ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിച്ചേക്കാം.
  സാധാരണയായി രോ​ഗത്തിന്റെ ഇൻകുബേഷൻ കാലയളവ് ഏകദേശം അഞ്ച് ദിവസം മുതൽ മൂന്ന് ആഴ്ച വരെയാണ്. രോ​ഗബാധിതരിൽ മിക്കവരും ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ തന്നെ രണ്ടോ നാലോ ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കാറുണ്ട്. രോഗം ബാധിക്കുന്ന എല്ലാവരുടെയും അവസ്ഥ ​ഗുരുതരമാകാറില്ല‍. കുരങ്ങുപനി ബാധിക്കുന്ന 10 പേരിൽ ഒരാൾക്ക് ഇങ്ങനെ സംഭവിച്ചേക്കാം. കുട്ടികളിലാണ് ഇത് ഗുരുതരമാകുന്നതായി കൂടുതൽ കാണപ്പെടുന്നത്. വൈറസ് ബാധിതരായ ആളുകൾക്ക് പലപ്പോഴും വസൂരി വാക്‌സിനുകളിൽ ഒന്ന് നൽകാറുണ്ട്. അവ കുരങ്ങുപനിക്കെതിരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആൻറി വൈറൽ മരുന്നുകളും വികസിപ്പിക്കുന്നുണ്ട്. വൈറസ് ബാധ ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കുന്ന എല്ലാവരെയും മാറ്റി പാർപ്പിക്കാനും അപകടസാധ്യത കൂടുതലുള്ളവർക്ക് വസൂരി വാക്സിൻ നൽകാനും ആണ് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരിക്കുന്നത്.

  സാധാരണയായി കുരങ്ങുപനി എത്രപേരെ ബാധിക്കാറുണ്ട്?

  ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വർഷവും വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലായി ആയിരക്കണക്കിന് പേർക്ക് കുരങ്ങുപനി ബാധിക്കാറുണ്ട്. പ്രതിവർഷം 6,000 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കോംഗോയും പ്രതിവർഷം 3,000 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന നൈജീരിയയുമാണ് ഇതിൽ മുന്നിൽ. രോ​ഗ ബാധിതരുടെ കൃത്യമായ കണക്കുകൾ ചിലപ്പോൾ ഇതിലും കൂടുതലായിരിക്കും.

  ആഫ്രിക്കയ്ക്ക് പുറത്ത് യുഎസിലും ബ്രിട്ടനിലും മറ്റും കുരങ്ങുപനി ഇടയ്ക്കിടെ കാണപ്പെടാറുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്രചെയ്തവരിലോ അല്ലെങ്കിൽ രോ​ഗ ബാധിത പ്രദേശങ്ങളിൽ നിന്നുള്ള മൃ​ഗങ്ങളുമായി സമ്പർക്കം പുലർത്തിയവരിലോ ആണ് അണുബാധ സ്ഥിരീകരിച്ചിരുന്നത്. 2003ൽ, ആറ് യു എസ് സംസ്ഥാനങ്ങളിലായി 47 പേരിൽ അണുബാധ കണ്ടെത്തിയിരുന്നു. ഘാനയിൽ നിന്ന് ഇറക്കുമതി ചെയ്ത വളർത്തു നായ്ക്കളിൽ നിന്നാണ് ഇവർക്ക് വൈറസ് ബാധ ഉണ്ടായത്.

  ഇപ്പോഴത്തെ കേസുകളിലെ വ്യത്യാസം എന്ത് ?
  ആഫ്രിക്കയിലേക്ക് യാത്ര ചെയ്യാത്ത ആളുകൾക്കിടയിൽ ഇതാദ്യമായാണ് കുരങ്ങുപനി വ്യാപിക്കുന്നതായി കാണപ്പെടുന്നത്. പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട പുരുഷന്മാരിലാണ് അണുബാധ കൂടുതലായും സ്ഥിരീകരിച്ചിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടൻ, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ, സ്വീഡൻ എന്നിവിടങ്ങളിൽ അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
  എല്ലാ കേസുകളുടെയും ഉറവിടം വ്യക്തമായിട്ടില്ലെന്നും ഒന്നിലധികം ശൃംഖലകളിലൂടെ വ്യാപനം നടന്നതിന്റെ സൂചനയാണിത് നൽകുന്നതെന്നും ബ്രിട്ടന്റെ ആരോഗ്യ സുരക്ഷാ ഏജൻസി പറഞ്ഞു. പോർച്ചുഗലിൽ അണുബാധ കണ്ടെത്തിയത് ലൈംഗിക ആരോഗ്യ കേന്ദ്രത്തിലാണ്. ഇവിടെ ജനനേന്ദ്രിയത്തിലെ മുറിവുകൾക്ക് പ്രതിവിധി തേടിയെത്തിയ പുരുഷൻമാരിലാണ് രോ​ഗം സ്ഥിരീകരിച്ചത്.

  അടുത്തിടെ കാനഡയിലേക്ക് പോയ ഒരാൾക്ക് കുരങ്ങുപനി ബാധിച്ചതായി യുഎസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് കേസുകൾ കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസിയും സ്ഥിരീകരിച്ചിട്ടുണ്ട്. മോൺട്രിയൽ മേഖലയിൽ 17 പേർക്ക് അണുബാധ ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കുന്നതായി ക്യൂബെക്കിലെ ആരോഗ്യ വിദഗ്ധർ നേരത്തെ പറഞ്ഞിരുന്നു.

  കുരങ്ങു പനി ലൈംഗികബന്ധത്തിലൂടെ പകരുമോ?

  ഇത് സാധ്യമാണ്, എന്നാൽ ഇപ്പോൾ ഇക്കാര്യത്തെക്കുറിച്ച് വ്യക്തിമായി പറയാൻ സമയമായിട്ടില്ല. കുരങ്ങുപനി ലൈംഗിക ബന്ധത്തിലൂടെ പകരുന്നതായി മുമ്പ് എവിടെയും രേഖപ്പെടുത്തിയിട്ടില്ല, എന്നാൽ രോഗബാധിതരായ ആളുകളുമായുള്ള സമ്പർക്കത്തിലൂടെയും അവരുടെ ശരീരസ്രവങ്ങൾ, വസ്ത്രങ്ങൾ അല്ലെങ്കിൽ ബെഡ്ഷീറ്റുകൾ എന്നിവയിലൂടെയും രോഗം പകരാം.
  യുകെയിലെ പുരുഷന്മാർക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ വൈറോളജിസ്റ്റായ മൈക്കൽ സ്കിന്നർ പറഞ്ഞു. " ഒരു വ്യക്തിയുടെ ലൈംഗിക ആഭിമുഖ്യം എന്തുതന്നെയായാലും സാധാരണ രീതിയിൽ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ നേരിട്ടുള്ള സമ്പർക്കം ആവശ്യമാണ് അതിനാൽ രോ​ഗം പകരാനുള്ള സാധ്യത കൂടുതലായിരിക്കും" സ്കിന്നർ പറഞ്ഞു. രോഗം പകരാൻ കാരണമാകുന്ന അടുത്ത സമ്പർക്കം ഉണ്ടാകുന്നതിനാൽ ലൈംഗികബന്ധത്തിലൂടെ കുരങ്ങു പനി പടരാൻ സാധ്യത ഉണ്ടെന്ന് ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ഫ്രാങ്കോയിസ് ബലൂക്‌സും പറഞ്ഞു.

  യൂറോപ്പിന് പിന്നാലെ അമേരിക്കയിലും കുരങ്ങു പനിസ്ഥിരീകരിച്ചിരിച്ച സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേൽ, സ്വിറ്റ്സർലന്റ് തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. അതിവേഗതിയിലാണ് രോഗവ്യാപനം നടക്കുന്നത് എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. ഇതുവരെ പതിനാല് രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇസ്രായേലിൽ നിലവിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന മറ്റൊരാൾ നിരീക്ഷണത്തിലാണ്. സ്വിറ്റ്സർലന്റിലെ കാന്റണിലാണ് ആദ്യ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തത്. വിദേശത്തു നിന്ന് മടങ്ങിയെത്തിയ ആൾക്കാണ് രോഗം ബാധിച്ചത്.
  Published by:Jayashankar Av
  First published: