25 വർഷത്തിനുള്ളിൽ സ്ട്രോക്ക് ബാധിച്ച മരണങ്ങൾ പ്രതിവർഷം ഒരു കോടിയോളമാകുമെന്ന് പഠനം
- Published by:user_57
- news18-malayalam
Last Updated:
ലോകമെമ്പാടുമുള്ള ജനങ്ങളുടെ രണ്ടാമത്തെ പ്രധാന മരണകാരണമാണ് സ്ട്രോക്ക് എന്ന് കണ്ടെത്തിയിട്ടുണ്ട്. 55 വയസിന് താഴെയുള്ള ചെറുപ്പക്കാരിലും മധ്യവയസ്കരിലും സ്ട്രോക്ക് ഉണ്ടാകുന്നത് കൂടുന്നു എന്നും കമ്മീഷൻ പറയുന്നു
2050 ആകുമ്പോഴേക്കും ലോകത്ത് സ്ട്രോക്ക് (Stroke) ബാധിച്ച്, പ്രതിവർഷം ഒരു കോടിയോളം ആളുകൾ മരിക്കാനിടയുണ്ടെന്ന് പഠനം. ലാൻസെറ്റ് ന്യൂറോളജി കമ്മീഷൻ (Lancet Neurology Commission) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020-ൽ ഈ കണക്ക് 6.6 ദശലക്ഷം ആയിരുന്നു. എന്നാൽ 2050-ഓടെ മരണനിരക്ക് 9.7 ദശലക്ഷമായി ഉയരുമെന്നും താഴ്ന്ന വരുമാനം ഉള്ളതും, ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളെയായിരിക്കും ഇത് കൂടുതൽ ബാധിക്കുകയെന്നും കമ്മീഷൻ പറഞ്ഞു. വേൾഡ് സ്‌ട്രോക്ക് ഓർഗനൈസേഷന്റെയും ലാൻസെറ്റ് ന്യൂറോളജി കമ്മീഷന്റെയും സഹകരണത്തോടെ നാല് പഠനങ്ങളാണ് ഇതു സംബന്ധിച്ച് നടത്തിയത്.
“2050 ആകുമ്പോഴേക്കും സ്ട്രോക്ക് ബാധിച്ചുള്ള മരണനിരക്ക് 50 ശതമാനം വർദ്ധിക്കുമെന്നാണ് ഞങ്ങളുടെ പഠനത്തിൽ നിന്നും വ്യക്തമാകുന്നത്. ഈ നിരക്ക് 2020-ൽ 66 ലക്ഷമായിരുന്നെങ്കിൽ 2050-ൽ 97 ലക്ഷമായി ഉയരാനാണ് സാധ്യത”, ഒക്ടോബർ 9ന് ദി ലാൻസെറ്റ് ന്യൂറോളജി കമ്മീഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
ലോകമെമ്പാടുമുള്ള ജനങ്ങളുടെ രണ്ടാമത്തെ പ്രധാന മരണകാരണമാണ് സ്ട്രോക്ക് എന്ന് കണ്ടെത്തിയിട്ടുണ്ട്. 55 വയസിന് താഴെയുള്ള ചെറുപ്പക്കാരിലും മധ്യവയസ്കരിലും സ്ട്രോക്ക് ഉണ്ടാകുന്നത് കൂടുന്നു എന്നും കമ്മീഷൻ പറയുന്നു. കണ്ടെത്താനാകാത്തതും അനിയന്ത്രിതവുമായ രക്തസമ്മർദ്ദം, വായു മലിനീകരണം, അനാരോഗ്യകരമായ ജീവിതശൈലി (മോശം ഭക്ഷണക്രമം, പുകവലി, ഉദാസീനമായ ജീവിതശൈലി, പൊണ്ണത്തടി), സാംക്രമിക രോഗങ്ങൾ എന്നിവയെല്ലാമാണ് ഇതിനുള്ള കാരണങ്ങൾ. താഴ്ന്ന വരുമാനം ഉള്ളതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിൽ സ്ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണം കൂടുതലാണെന്നും കമ്മീഷൻ പറയുന്നു.
advertisement
കണക്കുകൾ ഇങ്ങനെയൊക്കെ ആണെങ്കിലും 2020 മുതൽ 2050 വരെയുള്ള സ്ട്രോക്ക് വർധനവിലെ നിരക്ക് 1990 മുതൽ 2019 വരെയുള്ള നിരക്കിനെ അപേക്ഷിച്ച് കുറവാണ്.
നേരിടാനൊരുങ്ങി ഇന്ത്യ
ലോകത്തെ മരണനിരക്കില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഒരു രോഗമാണ് സ്‌ട്രോക്ക് എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏകദേശം 13 മില്യണ്‍ പേരാണ് ഈ രോഗം ബാധിച്ച് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. ഏകദേശം 5.5 മില്യണ്‍ പേര്‍ ഈ രോഗം ബാധിച്ച് വര്‍ഷം തോറും മരിക്കുന്നുമുണ്ട്. ഇന്ത്യയില്‍ സ്ഥിതി കുറച്ചുകൂടി ഗുരുതരമാണ്. ഇന്ത്യയില്‍ ഓരോ 40 സെക്കന്റിലും ഒരാള്‍ക്ക് വീതം സ്‌ട്രോക്ക് ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
advertisement
സ്ട്രോക്ക് മൂലം ഉണ്ടാകുന്ന വൈകല്യങ്ങൾ ലഘൂകരിക്കുന്നതിനും സ്ട്രോക്ക് ഉണ്ടാകുന്നത് തടയുന്നതിനും എവിഡൻസ് ബേസ്ഡ് സ്ട്രോക്ക് കെയർ (evidence-based stroke care) നടപ്പിലാക്കേണ്ടതുണ്ടെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ രാജീവ് ബഹൽ പറയുന്നു.
“എവിഡൻസ് ബേസ്ഡ് സ്ട്രോക്ക് കെയർ അടിസ്ഥാനമാക്കി നയങ്ങൾ രൂപീകരിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും നാഷണൽ പ്രോഗ്രാം ഫോർ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് നോൺ-കമ്മ്യൂണിക്കബിൾ ഡിസീസ് (NP-NCD) വഴി കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ട്,” ഇന്ത്യയുടെ ഹൈപ്പർടെൻഷൻ കൺട്രോൾ ഇനീഷ്യേറ്റീവ് വിജയമാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 10, 2023 2:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
25 വർഷത്തിനുള്ളിൽ സ്ട്രോക്ക് ബാധിച്ച മരണങ്ങൾ പ്രതിവർഷം ഒരു കോടിയോളമാകുമെന്ന് പഠനം