ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ വന്ധ്യതയ്ക്ക് കാരണമാകുമോ?
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇന്ത്യയിൽ എസ്ടിഡിയുടെ വർദ്ധനവിന് കാരണമായ ഘടകങ്ങൾ എന്തൊക്കെ?
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുള്ളവരുടെ (എസ്ടിഡി-sexually transmitted diseases ) എണ്ണം രാജ്യത്ത് വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് വിദഗ്ധർ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഏകദേശം പത്ത് ലക്ഷം ആളുകളെ എസ്ടിഡി ബാധിക്കുന്നുണ്ട്. ഇന്ത്യയിൽ പ്രായപൂർത്തിയായവരുടെ എണ്ണത്തിന്റെ 6% പേർ ഓരോ വർഷവും എസ്ടിഡി ബാധിതരാകുന്നതായാണ് വിവരം. എസ്ടിഡി രോഗികളുടെ എണ്ണത്തിലുള്ള വർധന വന്ധ്യതയ്ക്കും കാരണമാകുന്നുവെന്നാണ് വിദഗ്ധർ ഇപ്പോൾ അഭിപ്രായപ്പെടുന്നത്.
നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ്റെ (എൻഎസിഒ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ക്ലമീഡിയ (Chlamydia), ഗൊണോറിയ (Gonorrhea), സിഫിലിസ് (syphilis), എച്ച്ഐവി/എയ്ഡ്സ് എന്നിവയാണ് പൊതുവെ ഇന്ത്യയിൽ കണ്ട് വരുന്ന എസ്ടിഡി. ലൈംഗികമായി പകരുന്ന അണുബാധകളിൽ (എസ്ടിഐ) നിന്നുമാണ് എസ്ടിഡികൾ ഉടലെടുക്കുന്നത്. പ്രധാനമായും ലൈംഗിക ബന്ധത്തിലൂടെയാണ് രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. വൈറസുകൾ, ബാക്ടീരിയകൾ, പാരസൈറ്റുകൾ എന്നിവയാണ് എസ്ടിഐയുടെ പ്രധാന വാഹകർ.
ഇവ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ രക്തം, ബീജം, യോനി എന്നിവയിലൂടെ ശരീരം മുഴുവൻ വ്യാപിക്കുന്നു. എൻഎസിഒയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ പ്രതിവർഷം ദശലക്ഷക്കണക്കിന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എസ്ടിഡികൾ സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുത്പാദന ശേഷിയെ ഒരുപോലെ ബാധിക്കുകയും വന്ധ്യതയ്ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. സ്ത്രീകളിൽ ഗർഭധാരണത്തിനും എസ്ടിഡി വെല്ലുവിളിയാകുന്നു.
advertisement
എസ്ടിഡി സ്ക്രീനിംഗ് വഴി എസ്ടിഡി നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നത് പ്രത്യുൽപാദന ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായകമാകും. ക്ലമീഡിയ, ഗൊണോറിയ തുടങ്ങിയവ സ്ത്രീകളിൽ പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് (പിഐഡി) ഉണ്ടാകുന്നതിന് കാരണമാകുന്നു. സ്ത്രീകളിലെ ഗർഭപാത്രം, ഫാലോപ്യൻ ട്യൂബുകൾ, അണ്ഡാശയം എന്നിവയുൾപ്പെടെയുള്ള സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളെ ബാധിക്കുന്ന ഗുരുതരമായ അണുബാധയാണ് പിഐഡി.
ഇത് ഫാലോപ്യൻ ട്യൂബുകളിൽ അണ്ഡങ്ങളുടെ സഞ്ചാരത്തിന് തടസ്സമാവുകയും ബീജ സങ്കലനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഒപ്പം എസ്ടിഡി പുരുഷന്മാരിൽ എപ്പിഡിഡൈമൈറ്റിസിന് (Epididymitis) കാരണമാകുന്നു. ഇത് ബീജത്തിൻ്റെ ഗുണനിലവാരത്തെ ബാധിക്കുകയും പ്രത്യുൽപാദനശേഷി കുറയുന്നതിന് കാരണമാകുകയും ചെയ്യുന്നു. എസ്ടിഡി പ്രോസ്റ്റേറ്റിനും വൃഷണങ്ങൾക്കും വീക്കം ഉണ്ടാക്കുകയും ബീജ ഉൽപാദനത്തെയും പ്രവർത്തനത്തെയും ബാധിക്കുകയും ചെയ്യും.
advertisement
ഇന്ത്യയിൽ എസ്ടിഡിയുടെ വർദ്ധനവിന് കാരണമായ ഘടകങ്ങൾ
- ശരിയായ അറിവില്ലായ്മ: എസ്ടിഡികളെക്കുറിച്ചും അവ എങ്ങനെ പടരുന്നുവെന്നും എങ്ങനെ മനുഷ്യനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചുമുള്ള അറിവില്ലായ്മ ഒരു പ്രധാന പ്രശ്നമാണ്. ഓരോ പ്രദേശങ്ങളിലും നിലനിൽക്കുന്ന സംസ്കാരവും മറ്റും പലപ്പോഴും ലൈംഗിക ആരോഗ്യത്തെക്കുറിച്ചുള്ള തുറന്ന സംഭാഷണങ്ങൾക്കും വിദ്യാഭ്യാസത്തിനും തടസ്സമാകുന്നുണ്ട്.
- മതിയായ ലൈംഗിക ആരോഗ്യ സേവനങ്ങളിലെ കുറവ്: ലൈംഗിക ആരോഗ്യവുമായി ബന്ധപ്പെട്ട സേവനങ്ങളിലെ കുറവ് പലപ്പോഴും എസ്ടിഡി നേരത്തെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും തടസ്സമാകുന്നു.
- സുരക്ഷിതമല്ലാത്ത ലൈംഗിക രീതികൾ: ഗർഭനിരോധന ഉറകൾ ഉൾപ്പെടെയുള്ളവയുടെ ഉപയോഗം താരതമ്യേന കുറവാണെന്നതും എസ്ടിഡി പിടിപെടാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു.
- ഗർഭനിരോധന മാർഗ്ഗങ്ങളുടെ പരിമിതമായ ഉപയോഗം, ദാരിദ്ര്യം, ലിംഗ അസമത്വം തുടങ്ങിയ ഘടകങ്ങളും എസ്ടിഡിയുടെ വ്യാപനത്തിന് കാരണമാകുന്നുണ്ട്.
advertisement
എസ്ടിഡി തടയാനുള്ള മാർഗ്ഗങ്ങൾ
- വിദ്യാഭ്യാസവും അവബോധവും: സുരക്ഷിതമായ ലൈംഗിക സമ്പ്രദായങ്ങൾ, എസ്ടിഡി തടയൽ, നേരത്തെയുള്ള രോഗനിർണയത്തിൻ്റെയും ചികിത്സയുടെയും മൂല്യം എന്നിവയെക്കുറിച്ച് പൊതുജന അവബോധം വളർത്തുന്നതിന് ബോധവൽക്കരണ പരിപാടികൾ ആവശ്യമാണ്.
- ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുക : അധഃസ്ഥിത സമൂഹങ്ങളിൽ ഉൾപ്പെടെ എസ്ടിഡി പരിശോധനയും ചികിത്സയും ലൈംഗിക ആരോഗ്യ സേവനങ്ങളുടെ ലഭ്യതയും വർധിപ്പിക്കണം. എസ്ടിഡികളുടെ ദീർഘകാല പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ ചെലവ് കുറഞ്ഞ ചികിത്സാ രീതികൾ സഹായിക്കും.
- സുരക്ഷിതമായ ലൈംഗിക രീതികൾ പ്രോത്സാഹിപ്പിക്കുക : ഗർഭനിരോധന ഉറകൾ ഉൾപ്പെടെയുള്ളവയുടെ ഉപയോഗവും മറ്റ് പ്രതിരോധ നടപടികളും പ്രോത്സാഹിപ്പിക്കുന്നത് ലൈംഗികമായി പകരുന്ന രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.
- പരിശോധനകൾ നടത്തുക: എസ്ടിഡിക്കുള്ള പരിശോധനകൾ അണുബാധകൾ നേരത്തേ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ഒപ്പം വന്ധ്യത ഒഴിവാക്കുന്നതിനും സഹായിക്കും.
advertisement
സമഗ്രമായ ലൈംഗിക വിദ്യാഭ്യാസവും മറ്റും സ്വന്തം ശരീരത്തെക്കുറിച്ച് മനസ്സിലാക്കാനും ബന്ധങ്ങളിൽ സ്വതന്ത്രമായ തിരഞ്ഞെടുപ്പുകൾ നടത്താനും മനുഷ്യനെ പ്രാപ്തമാക്കും. ഒപ്പം സ്‌കൂൾ പാഠ്യപദ്ധതികളിലേക്കും മറ്റ് സാമൂഹിക പരിപാടികളിലേക്കും ലൈംഗികവിദ്യാഭ്യാസം ഉൾപ്പെടുത്തിയും എസ്ടിഡികളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 22, 2024 4:41 PM IST