Health Article | കഠിനമായ വ്യായാമങ്ങൾ ഹൃദയാരോഗ്യം തകരാറിലാക്കുമോ?
- Published by:Sarika KP
- news18-malayalam
Last Updated:
വ്യായാമം ചെയ്യുമ്പോള്‍ നിങ്ങളുടെ ഹൃദയാരോഗ്യം കൂടി സംരക്ഷിക്കുന്നതിന് സുരക്ഷിതമായ വ്യായാമമുറകള്‍ സ്വീകരിക്കേണ്ടതുണ്ട്.
ആരോഗ്യകരമായ ജീവിതശൈലിക്ക് പതിവായുള്ള വ്യായാമം പ്രധാനപ്പെട്ടതാണെന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. ഹൃദയാരോഗ്യം, മാനസിക ആരോഗ്യം എന്നിവയ്‌ക്കൊപ്പം ദീര്‍ഘായുസ്സിനും വ്യായാമം ഏറെ ഗുണം ചെയ്യുന്നുണ്ട്. മിതമായ അല്ലെങ്കില്‍ ആവശ്യത്തിന് മാത്രമുള്ള വ്യായാമമാണ് ശരീരത്തിനും മനസ്സിനും ഏറെ ഗുണം ചെയ്യുക. തീവ്രതയേറിയ, കഠിനമായ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും ഹൃദയാരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.
ആവശ്യമായ വിശ്രമമില്ലാതെ പരിധിയില്‍കവിഞ്ഞ് ശരീരം പ്രവര്‍ത്തിക്കുന്നത് ഹൃദയസംബന്ധിയായ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമാകും. ഹൃദയസ്തംഭനം, ഹൃദയമിടിപ്പിലുണ്ടാകുന്ന വ്യത്യാസം, അണുബാധയുണ്ടാകാനുള്ള സാധ്യത എന്നിവയ്‌ക്കെല്ലാം ഇത് കാരണമാകുന്നു. ഒരാള്‍ അയാളുടെ ശരീരം ഒരുപരിധിയില്‍ കവിഞ്ഞ് വ്യായാമം ചെയ്യിക്കുന്നതിലൂടെ ശരീരത്തിന് വലിയതോതിലുള്ള തളര്‍ച്ച അനുഭവപ്പെടാനും ഇടയാക്കും.
കഠിനമായ വ്യായാമം ഹൃദയത്തിന്റെ വൈദ്യുത സംവിധാനത്തെ താത്കാലികമായി തടസ്സപ്പെടുത്തും. തത്ഫലമായി ഹൃദയമിടിപ്പില്‍ വ്യത്യാസം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത് മിക്കപ്പോഴും ദോഷകരമായി മാറുന്നു. ഇവ ഇടയ്ക്കിടെ ഉണ്ടാകുന്നത് ഗുരുതരമായ അവസ്ഥകളിലേക്ക് നയിച്ചേക്കും. ഹൃദയത്തിന്റെ മുകളിലത്തെ അറകളില്‍ ക്രമമില്ലാതെയുള്ള ഇടിപ്പ് രേഖപ്പെടുത്തുന്ന ഏട്രിയല്‍ ഫൈബ്രില്ലേഷന്‍ എന്ന അവസ്ഥയും ഹൃദയത്തിന്റെ താഴത്തെ അറകളില്‍ ക്രമരഹിതമായ വൈദ്യുത സിഗ്നല്‍ എത്തുന്നത് മൂലം ഹൃദയമിടിപ്പില്‍ വ്യത്യാസം രേഖപ്പെടുത്തുന്ന വെന്‍ട്രിക്കുലാര്‍ ടകികാര്‍ഡിയ എന്ന അവസ്ഥയും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത്തരം ഏതെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഡോക്ടറെ സമീപിച്ച് ഉപദേശം തേടിയശേഷം വ്യായാമ കാര്യങ്ങളില്‍ തീരുമാനമെടുക്കണം.
advertisement
Also read-Health Tips | മൈഗ്രെയ്ന് എങ്ങനെ നേരിടാം? തലവേദനയ്ക്ക് ആശ്വാസം ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
വ്യായാമം ചെയ്യുമ്പോള്‍ നിങ്ങളുടെ ഹൃദയാരോഗ്യം കൂടി സംരക്ഷിക്കുന്നതിന് സുരക്ഷിതമായ വ്യായാമമുറകള്‍ സ്വീകരിക്കേണ്ടതുണ്ട്. അതിന് സഹായിക്കുന്ന ഏതാനും കാര്യങ്ങള്‍ കൂടി പരിചയപ്പെടാം.
1. വ്യായാമത്തിന്റെ തീവ്രത പതിയെ കൂട്ടാം
പെട്ടെന്ന് ഒരു ദിവസം അതികഠിനമായ വ്യായാമമുറകള്‍ ശീലിക്കാതെ ഘട്ടം ഘട്ടമായി വ്യായാമ തീവ്രത കൂട്ടുന്നതാണ് അഭികാമ്യം. ഇത് ശരീരം അതിനോട് ഇണങ്ങുന്നതിനും അമിതമായ അധ്വാനത്തിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
advertisement
2. ശരീരം പറയുന്നത് കേള്‍ക്കാം
വ്യായാമം ചെയ്യുമ്പോള്‍ അതിയായ ക്ഷീണം, കൂടുതല്‍ സമയം വ്യായാമം ചെയ്യാന്‍ കഴിയാതിരിക്കുക, അസാധാരണമായ ഹൃദയമിടിപ്പ് എന്നിവയുണ്ടോയെന്ന് ശ്രദ്ധിക്കുക. ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ ആവശ്യമായ വിശ്രമമെടുക്കുക. ഇതില്‍ നിന്ന് മോചിതമാകുന്നതുവരെ ശരീരത്തിന് വിശ്രമം നല്‍കാം.
3. വിശ്രമം അനിവാര്യം
കഠിനമായ വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണ്. പേശികളുടെ തകരാര്‍ പരിഹരിക്കുന്നതിനും ഹോര്‍മോണ്‍ സ്ഥിരത നിലനിര്‍ത്തുന്നതിനും ഹൃദയാരോഗ്യത്തിനും വിശ്രമം അനിവാര്യമായ ഘടകമാണ്.
4. വെള്ളം കുടിക്കാം
ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നതിന് ശരിയായ അളവില്‍ വെള്ളം കുടിക്കണം. വ്യായാമം ചെയ്യുന്നതിന് മുമ്പും ചെയ്യുമ്പോഴും ശേഷവും വെള്ളം കുടിക്കാം. ഇത് ശരീരത്തിലെ ജലത്തിന്റെ അളവ് സന്തുലിതമായി നിലനിര്‍ത്തുന്നതിന് സഹായിക്കും.
advertisement
5. ശരീരം നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കരുത്
നെഞ്ച് വേദന, കിതപ്പ്, ശ്വാസമെടുക്കുമ്പോള്‍ ഇടവേളയുണ്ടാകുക, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ വ്യായാമം ചെയ്യുമ്പോള്‍ അനുഭവപ്പെടുകയാണെങ്കില്‍ വേഗത്തില്‍ തന്നെ ചികിത്സ തേടുക.കഠിനമായ വ്യായാമമുറകള്‍ അതിന്റെ ആരോഗ്യഗുണത്തിന്റെ പേരില്‍ അറിയപ്പെടുമ്പോഴും അത് ഹൃദയത്തിനുണ്ടാക്കുന്ന തകരാറുകള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. വ്യായാമം ചെയ്യാന്‍ ആഗ്രഹിക്കുന്നതിനു മുമ്പും അതില്‍ മാറ്റം വരുത്തുമ്പോഴും ഒരു ആരോഗ്യവിദഗ്ധന്റെ ഉപദേശം തേടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
(തയ്യാറാക്കിയത്: ഡോ. സന്തോഷ് കുമാര്‍ ഡോറ, മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയിര്‍ കാര്‍ഡിയോളജിസ്റ്റാണ് ലേഖകന്‍
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
August 04, 2023 2:54 PM IST