കാറില്‍ യാത്ര ചെയ്യാറുണ്ടോ? കാറിനുള്ളില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്ന് പഠനം
- Published by:Vishnupriya S
- news18-malayalam
Last Updated:
ദിവസവും കാറില്‍ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്..!
ആളുകള്‍ അവരുടെ കാറിനുള്ളില്‍ നിന്ന് കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ശ്വസിക്കുന്നതായി പഠനം. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 101 ഇലക്ട്രിക്, ഗ്യാസ്, ഹൈബ്രിഡ് കാറുകള്‍ക്കുള്ളിലെ വായു പരിശോധിച്ചാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2015-നും 2022നും ഇടയില്‍ പുറത്തിറങ്ങിയ കാറുകളാണ് പഠനവിധേയമാക്കിയത്. 99 ശതമാനം കാറുകളിലും തീപിടിത്ത സാധ്യത കുറയ്ക്കുന്ന ടിസിഐപിപി എന്ന രാസവസ്തു ഉള്ളതായി ഗവേഷകര്‍ കണ്ടെത്തി.
ഇത് കാന്‍സറിന് കാരണമാകുന്നുണ്ടോയെന്ന് യുഎസ് നാഷണല്‍ ടോക്‌സിക്കോളജി പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. മിക്ക കാറുകളിലും തീപ്പിടിത്ത സാധ്യത കുറയ്ക്കുന്ന രണ്ടോ അതിലധികമോ രാസവസ്തുക്കള്‍ ഉണ്ടാകും. സാധാരണ ടിഡിസിഐപിപി, ടിസിഇപി എന്നിവയാണ് ഉപയോഗിക്കുന്നത്. ഇവ രണ്ടും കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളാണെന്നാണ് കരുതപ്പെടുന്നത്. ഇവ നാഡീ വ്യവസ്ഥയെയും പ്രത്യുത്പാദനത്തെയും ബാധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറഞ്ഞു.
ഒരു ഡ്രൈവര്‍ ദിവസം ശരാശരി ഒരു മണിക്കൂര്‍ കാറിനുള്ളില്‍ ഇരിക്കുന്നത് കണക്കാക്കിയാല്‍ പോലും അത് വലിയൊരു പൊതുആരോഗ്യപ്രശ്‌നമായി മാറുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകയും ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ടോക്‌സിക്കോളജി ഗവേഷകയുമായ റെബേക്ക ഹോന്‍ പറഞ്ഞതായി പീപ്പിള്‍ റിപ്പോര്‍ട്ടു ചെയ്തു. ദീര്‍ഘദൂരം യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കും കുട്ടികള്‍ക്കും ഇത് വളരെയധികം ദോഷം ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വേനല്‍ക്കാലത്ത് ചൂട് വര്‍ധിക്കുന്നതിനാല്‍ ഇത്തരം രാസവസ്തുക്കള്‍ കാറിനുള്ളില്‍ വർധിക്കുമെന്നും പഠനത്തിൽ പറയുന്നു.
advertisement
കാറിനുള്ളിലെ വായുവിലെ കാന്‍സറിന് കാരണമാകുന്ന രാസസംയുക്തങ്ങളുടെ ഉറവിടം സീറ്റ് ഫോം ആണെന്ന് ഗവേഷകര്‍ പറഞ്ഞു. തീപ്പിടിത്ത സാധ്യത കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ വലിയ തോതില്‍ കാന്‍സറിന് കാരണമാകുന്നുവെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. വാഹനങ്ങള്‍ക്കുള്ളില്‍ തീപ്പിടിത്ത സാധ്യത കുറയ്ക്കുന്ന രാസവസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് എന്‍എച്ച്ടിഎസ്എയോട് (യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസിട്രേഷന്‍) അഭ്യര്‍ഥിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ഇത്തരത്തില്‍ വാഹനത്തിനുള്ളില്‍ ഉപയോഗിക്കുന്ന വിഷകാരിയായ രാസവസ്തുക്കള്‍ യഥാര്‍ത്ഥത്തില്‍ ഗുണമൊന്നും ഉണ്ടാക്കുന്നില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, കാറിന്റെ ഗ്ലാസുകള്‍ താഴ്ത്തിവെച്ചും നേരിട്ട് വെയില്‍ ഏല്‍ക്കാത്ത ഇടങ്ങളിലും തണലത്തും വാഹനങ്ങള്‍ പാര്‍ക്കു ചെയ്തു ഈ രാസവസ്തുക്കളില്‍ നിന്നുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ കഴിയുമെന്ന് പഠനത്തിന്റെ ഭാഗമായ ഗ്രീന്‍ സയന്‍സ് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ഗവേഷക ലിഡിയ ജാല്‍ പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 10, 2024 5:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
കാറില്‍ യാത്ര ചെയ്യാറുണ്ടോ? കാറിനുള്ളില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്ന് പഠനം