Health Tips | വന്ധ്യതയോട് പോരാടുന്ന സ്ത്രീകളുടെ വൈകാരിക ജീവിതം: പ്രതീക്ഷകൾ, പരാജയങ്ങൾ, വീണ്ടെടുക്കലുകൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
തുറന്ന സംസാരം, സഹാനുഭൂതി, ആവശ്യമായ സാഹചര്യത്തിൽ വിദഗ്ധരുടെ സഹായം തേടാനുള്ള മനസ്സാന്നിധ്യം എന്നിവയാണ് ഈ പ്രതിസന്ധികൾ തരണം ചെയ്യാൻ സ്വീകരിക്കേണ്ട വഴികൾ
അങ്ങേയറ്റം വ്യക്തിപരവും, പലപ്പോഴും വെല്ലുവിളികൾ നിറഞ്ഞതുമായ ഒരനുഭവമാണ് സ്ത്രീകൾക്ക് വന്ധ്യത. ലോകമെങ്ങും ദശലക്ഷക്കണക്കിന് സ്ത്രീകളാണ് വന്ധ്യത അനുഭവിക്കുന്നത്. ഗർഭധാരണത്തിലേക്കുള്ള യാത്ര വൈകാരികാഘാതങ്ങളുള്ളതും പ്രതീക്ഷ നിറഞ്ഞതും ഹൃദയവേദന ഉണ്ടാക്കുന്നതുമെല്ലാമാകാം. പല വിധത്തിലുള്ള സങ്കീർണ്ണമായ വികാരങ്ങളിലൂടെയാണ് സ്ത്രീകൾ കടന്നുപോകുന്നത്. വന്ധ്യത അനുഭവിക്കുന്ന സ്ത്രീകൾ നേരിടുന്ന വൈകാരിക പ്രതിസന്ധികൾ, അവരുടെ പോരാട്ടങ്ങൾ, പിൻവലിയലുകൾ, സൗഖ്യത്തിലേക്കുള്ള വഴികൾ എന്നിവയെല്ലാം പരിശോധിക്കുകയാണ് ഈ ലേഖനം.
പ്രതീക്ഷ: ശുഭപ്രതീക്ഷയോടെ ആരംഭം
മിക്ക സ്ത്രീകൾക്കും കുടുംബം കെട്ടിപ്പടുക്കാനുള്ള യാത്ര ആരംഭിക്കുന്നത് മറ്റു പ്രശ്‌നങ്ങളൊന്നുമില്ലാതെ ഗർഭം ധരിക്കാനാകും എന്ന പ്രതീക്ഷയിലാണ്. ആദ്യ മാസങ്ങൾ പൊതുവേ ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങളും ആവേശവും കൊണ്ട് നിറഞ്ഞതായിരിക്കും. സ്ത്രീകൾ പ്രത്യാശയോടെ ആർത്തവചക്രം കണക്കുകൂട്ടിത്തുടങ്ങും, ഗർഭം ധരിക്കാനുള്ള ശ്രമങ്ങൾ കൃത്യ സമയത്താണ് നടക്കുന്നതെന്ന് ഉറപ്പുവരുത്തും. സന്തോഷവാർത്ത പ്രിയപ്പെട്ടവരോട് പങ്കുവയ്ക്കുന്ന നിമിഷത്തെക്കുറിച്ച് സങ്കല്പിക്കും. ഗർഭധാരണം എത്രയും പെട്ടന്ന് സംഭവിക്കും എന്ന ഉറച്ച വിശ്വാസവും ശുഭപ്രതീക്ഷയുമാണ് ഈ ഘട്ടത്തിന്റെ പ്രത്യേകത.
ഹൃദയവേദന: നിരാശയിലേക്കുള്ള പതനം
കാത്തിരിപ്പ് മാസങ്ങൾ കടന്ന് വർഷങ്ങളിലേക്ക് നീളുമ്പോൾ, പ്രതീക്ഷയുടെ സ്ഥാനത്ത് പതിയെ ഹൃദയവേദന ആരംഭിക്കും. നെഗറ്റീവ് ഫലം ലഭിക്കുന്ന ഓരോ ഗർഭപരിശോധനയും, പരാജയപ്പെടുന്ന ഓരോ വന്ധ്യതാ ചികിത്സയും സ്ത്രീകളെ നിരാശയിലേക്ക് നയിക്കും. അവർ സ്വന്തം ശരീരത്തെ സംശയിച്ചു തുടങ്ങും. അകാരണമായ ഒരു നഷ്ടബോധത്തിലേക്ക് അവർ വീണുപോകും. വന്ധ്യത കാരണമുണ്ടാകുന്ന വൈകാരിക ദുഃഖം പലതരം ചിന്തകളിലേക്ക് വഴിമാറിയേക്കാം. തനിക്ക് പോരായ്മകളുണ്ട് എന്നു തോന്നുകയും, കുറ്റബോധം, നാണക്കേട്, സ്വയം പഴിചാരുന്ന അവസ്ഥ എന്നിവയിലേക്ക് മാറുകയും ചെയ്യാം. തങ്ങൾ ഗർഭം ധരിക്കാൻ ബുദ്ധിമുട്ട് നേരിടുമ്പോൾ മറ്റുള്ളവർ വളരെയെളുപ്പത്തിൽ മാതാപിതാക്കളായി മാറുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വരുന്ന സ്ത്രീകൾ ഒറ്റപ്പെടലിലേക്ക് നീങ്ങാം.
advertisement
അനിശ്ചിതത്വത്തിലൂടെയുള്ള യാത്ര: വൈകാരിക പ്രതിസന്ധികൾ
വന്ധ്യതയുമായുള്ള പോരാട്ടം വൈകാരികതയുടെ കയറ്റിറക്കങ്ങളായേക്കാം. പ്രതീക്ഷയ്ക്കും നിരാശയ്ക്കുമിടയിൽ സ്ത്രീകൾ സ്വയം മാറിമറിഞ്ഞുകൊണ്ടിരിക്കും. ചിലപ്പോൾ സന്തോഷമെങ്കിൽ, മറ്റു ചിലപ്പോൾ ദുഃഖമായിരിക്കും സ്ഥായീഭാവം. ഓരോ ആർത്തവചക്രത്തിലും ഓരോ ചികിത്സാഘട്ടത്തിലും ഇത് ആവർത്തിക്കും. ഈ പ്രക്രിയയുടെ അനിശ്ചിതത്വം നിറഞ്ഞ സ്വഭാവവും പ്രവചനാതീതമായ ഫലങ്ങളും സ്ത്രീകളിൽ ഉത്കണ്ഠയും സമ്മർദ്ദവും ഉണ്ടാക്കും. ഇത് ബന്ധങ്ങളെയും വ്യക്തികളുടെ പൊതുവായ ക്ഷേമത്തേയും നന്നായി ബാധിക്കും. സ്ത്രീകളുടെ മാനസികാരോഗ്യത്തിൽ ഇത് ചെലുത്തുന്ന സമ്മർദ്ദം വളരെ വലുതാണ്. ദുഃഖം, ദേഷ്യം, നിരാശ എന്നിങ്ങനെ പല വികാരങ്ങളിലേക്ക് അത് നയിക്കും.
advertisement
ബന്ധങ്ങൾക്കുമേലുള്ള പ്രത്യാഘാതങ്ങൾ
വന്ധ്യത ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കും. അത് പങ്കാളികൾ തമ്മിലോ കുടുംബാംഗങ്ങളുമായോ, കൂട്ടുകാരുമായോ ഉള്ള ബന്ധമായിക്കൊള്ളട്ടെ. പല വ്യക്തികളും അവരുടെ വികാരങ്ങളെ പല തരത്തിലാണ് കൈകാര്യം ചെയ്യുക. അതുകൊണ്ടു തന്നെ, ഗർഭം ധരിക്കാനുള്ള സമ്മർദ്ദം വ്യക്തികൾക്കിടയിൽ സംഘർഷങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഉണ്ടാക്കിയേക്കാം. പങ്കാളികളിൽ രണ്ടു പേരും രണ്ടു വിധത്തിലാകാം ഈ സാഹചര്യം കൈകാര്യം ചെയ്യുന്നത്. അതും പ്രശ്‌നങ്ങൾക്ക് വഴിവച്ചേക്കാം. കൂടിച്ചേരലുകളും, കുട്ടികളുമായി ബന്ധപ്പെട്ട പരിപാടികളും സ്ത്രീകളിൽ ഒറ്റപ്പെടലും ദുഃഖവും ഉണ്ടാക്കാം. അതും ബന്ധങ്ങളിൽ ഉലച്ചിൽ തട്ടാൻ കാരണമാകും. തുറന്ന സംസാരം, സഹാനുഭൂതി, ആവശ്യമായ സാഹചര്യത്തിൽ വിദഗ്ധരുടെ സഹായം തേടാനുള്ള മനസ്സാന്നിധ്യം എന്നിവയാണ് ഈ പ്രതിസന്ധികൾ തരണം ചെയ്യാൻ സ്വീകരിക്കേണ്ട വഴികൾ.
advertisement
എങ്ങനെ അതിജീവിക്കാം?
വന്ധ്യത എന്നത് വൈകാരിക പ്രതിസന്ധികൾ നിറഞ്ഞ ഒരു അനുഭവമാണെന്നത് ശരി തന്നെ. എന്നാൽ, അത് തരണം ചെയ്യാനും സഹായം തേടാനും സ്ത്രീകൾ പല മാർഗ്ഗങ്ങളും കണ്ടെത്താറുണ്ട്. മിക്ക സ്ത്രീകളും സപ്പോർട്ട് ഗ്രൂപ്പുകളുടെ സഹായം തേടുകയാണ് പതിവ്. താൻ കടന്നുപോകുന്ന അതേ സാഹചര്യം അഭിമുഖീകരിക്കുന്ന മറ്റു സ്ത്രീകളുമായി ബന്ധപ്പെട്ട് സംസാരിച്ചും അത്തരം ഓൺലൈൻ ഫോറങ്ങളിൽ അംഗമായുമെല്ലാം സ്ത്രീകൾ അതിജീവിക്കാൻ ശ്രമിക്കാറുണ്ട്.
തന്റെ സാഹചര്യം മനസ്സിലാക്കാൻ കഴിയുന്നവരുമായി സ്വന്തം ജീവിതകഥ, വികാരങ്ങൾ, തിരിച്ചറിവുകൾ എന്നിവ പങ്കുവയ്ക്കുന്നത് സ്ത്രീകൾക്ക് വലിയ ആശ്വാസം നൽകും. വ്യായാമം, ധ്യാനം, വിനോദങ്ങളിൽ ഏർപ്പെടൽ എന്നിങ്ങനെ പലതും ചെയ്യുന്നതു വഴി സമ്മർദ്ദങ്ങളെ കൈകാര്യം ചെയ്യാനും വൈകാരിക ക്ഷേമം കൈവരിക്കാനും സാധിക്കും. ഇതിനു പുറമേ, തെറാപ്പിസ്റ്റുകളിൽ നിന്നും ഫെർട്ടിലിറ്റി വിദഗ്ധരിൽ നിന്നും സഹായം സ്വീകരിക്കാം. നിങ്ങളുടെ യാത്രയിലുടനീളം അവർ മാർഗ്ഗനിർദ്ദേശങ്ങളും പിന്തുണയും നൽകും.
advertisement
മുന്നോട്ടുള്ള യാത്ര
വന്ധ്യത അനുഭവിച്ചതിനു ശേഷം സൗഖ്യം കണ്ടെത്താനുള്ള യാത്ര വളരെ സാവധാനത്തിലാണ് സംഭവിക്കുക. ആ യാത്ര ഏറെ വ്യക്തിപരമായിരിക്കുന്നതും സ്വാഭാവികമാണ്. സ്വന്തം വികാരങ്ങളെ അംഗീകരിക്കുക, മാതാപിതാക്കളാകാൻ വേറെയും മാർഗ്ഗങ്ങളുണ്ട് എന്ന് തിരിച്ചറിയുക, സ്വയം ശ്രദ്ധിക്കാനും വ്യക്തിവികാസത്തിനായി പരിശ്രമിക്കാനും തുടങ്ങുക – ഇതെല്ലാം ആ യാത്രയുടെ ഭാഗമാണ്. ഈ യാത്രയെന്നാൽ ദത്തെടുക്കൽ, വാടക ഗർഭധാരണം, അതല്ലെങ്കിൽ കുട്ടികളില്ലാത്ത ജീവിതം എന്നിങ്ങനെ പലതുമാകാം. ശരിയായ വഴി, തെറ്റായ വഴി എന്ന വേർതിരിവ് ഇക്കാര്യത്തിലില്ലെന്ന് തിരിച്ചറിയണം. സൗഖ്യത്തിന്റെ അർത്ഥം പലർക്കും പലതാണ്.
advertisement
വന്ധ്യത നേരിടുന്ന സ്ത്രീകളുടെ വൈകാരിക യാത്ര വളരെ സങ്കീർണമാണ്. അതിൽ പ്രതീക്ഷയുണ്ട്, ഹൃദയവേദനയുണ്ട്, സൗഖ്യം കണ്ടെത്തലുമുണ്ട്. വികാരങ്ങളുടെ കയറ്റിറക്കങ്ങൾ കടന്നുപോകണമെങ്കിൽ മറ്റുള്ളവരുടെ പിന്തുണയും സ്വയം മനസ്സിലാക്കാനുള്ള കഴിവും ആവശ്യമാണ്. ഇതിനെക്കുറിച്ചുള്ള അവബോധം വളർത്തുകയും തുറന്ന സംഭാഷണങ്ങൾക്ക് അവസരമുണ്ടാക്കുകയും ചെയ്യുന്നതുവഴി, സ്ത്രീകൾക്കായി സമൂഹത്തിൽ മെച്ചപ്പെട്ട സാഹചര്യങ്ങളൊരുക്കാനാകും.
(തയ്യാറാക്കിയത്: ഡോ. വിദ്യ ഭട്ട്, മെഡിക്കൽ ഡയറക്ടർ, രാധാകൃഷ്ണ മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ)
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 26, 2023 11:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | വന്ധ്യതയോട് പോരാടുന്ന സ്ത്രീകളുടെ വൈകാരിക ജീവിതം: പ്രതീക്ഷകൾ, പരാജയങ്ങൾ, വീണ്ടെടുക്കലുകൾ