Dementia | പ്രഭാതഭക്ഷണം മുടക്കുന്നത് മറവിരോഗത്തെ വിളിച്ചു വരുത്തുമെന്ന് പഠനം
- Published by:user_57
- news18-malayalam
Last Updated:
തലച്ചോറിന്റെ ആരോഗ്യം ക്രമാതീതമായി കുറയുന്നതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ സൂചിപ്പിക്കുന്ന പൊതുവായ പദമാണ് ഡിമെന്‍ഷ്യ
പ്രഭാതഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണെന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. പ്രഭാതഭക്ഷണം (Breakfast) കഴിക്കുന്നവര്‍ക്ക് അമിതഭാരത്തിനുള്ള (Overweight) സാധ്യത കുറവാണെന്നാണ് പൊതുവിൽ നിരീക്ഷിക്കപ്പെടുന്നത്. എന്നാല്‍ അതിലും പ്രധാനപ്പെട്ട ഒരു കണ്ടെത്തൽ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. പ്രഭാതഭക്ഷണം പതിവായി കഴിച്ചാൽ മറവിരോഗം (Dementia) ഉണ്ടാകാനുള്ള സാധ്യത കുറയുമെന്നാണ് പുതിയ പഠനം (Study) പറയുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ട അവബോധവും ധാരണയും ആളുകള്‍ക്കിടയില്‍ വര്‍ധിച്ചിട്ടുണ്ട്. ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ പ്രായം 60കളില്‍ എത്തുമ്പോൾ മുതൽ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. എന്നാല്‍ കുറഞ്ഞ പ്രായത്തിൽ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും അതിനെ ഗുരുതരമായി സ്വാധീനിക്കുന്നുണ്ട്. മോശം ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണരീതി, കായിക പ്രവര്‍ത്തനങ്ങളുടെ അഭാവം, എന്നിവയെല്ലാം മറവിരോഗം ഉണ്ടാകുന്നതിനും അത് നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനും കാരണമാകുന്നുണ്ട്. ഒരാള്‍ 60കളിലേക്ക് പ്രവേശിക്കുമ്പോള്‍ ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങൾ കൂടുതല്‍ പ്രകടമാകും.
advertisement
തലച്ചോറിന്റെ ആരോഗ്യം ക്രമാതീതമായി കുറയുന്നതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ സൂചിപ്പിക്കുന്ന പൊതുവായ പദമാണ് ഡിമെന്‍ഷ്യ. ഡിമെന്‍ഷ്യ എന്ന പദം പലപ്പോഴും മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉപയോഗിക്കുന്നത് ഓര്‍ത്തിരിക്കാനുള്ള കഴിവില്ലായ്മയെ സൂചിപ്പിക്കുന്ന പൊതുവായ ഒരു പദം എന്ന നിലയിലാണ്. ലളിതമായി പറഞ്ഞാല്‍ വ്യക്തമായി ചിന്തിക്കാനോ ദൈനംദിന തീരുമാനങ്ങള്‍ എടുക്കാനോ ഉള്ള കഴിവില്ലായ്മ എന്നതാണ് മറവി കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഈ അവസ്ഥയില്‍ രോഗി വൈജ്ഞാനിക പ്രവര്‍ത്തനം, ചിന്ത, ഓര്‍മ്മ, എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇത് ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന തരത്തില്‍ വര്‍ധിക്കും. ഡിമെന്‍ഷ്യ ബാധിച്ച ചില ആളുകള്‍ക്ക് അവരുടെ വികാരങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടും, മാത്രമല്ല അവരുടെ വ്യക്തിത്വവും മാറിയേക്കാം. ദ ലാന്‍സെറ്റിന്റെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച് 2050 ഓടെ ഇന്ത്യയില്‍ ഡിമെന്‍ഷ്യ കേസുകള്‍ ഇരട്ടിയാകും. 2019ലെ 38 ലക്ഷത്തില്‍ നിന്ന് 1.14 കോടിയായി ഉയരുമെന്നാണ് പഠനം പ്രവചിക്കുന്നത്.
advertisement
എന്നിരുന്നാലും, 2011ല്‍ ജാപ്പനീസ് ജേണല്‍ ഓഫ് ഹ്യൂമന്‍ സയന്‍സസ് ഓഫ് ഹെല്‍ത്ത്-സോഷ്യല്‍ സര്‍വീസസില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, നമ്മുടെ ജീവിതശൈലിയും ഡിമെന്‍ഷ്യ രോഗനിര്‍ണയത്തിനുള്ള സാധ്യതയും തമ്മില്‍ നിർണായക ബന്ധമുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ജപ്പാനിലെ ഒരു പ്രധാന നഗരപ്രദേശത്തിനടുത്തുള്ള ഒരു കര്‍ഷക സമൂഹത്തിലാണ് ആറ് വര്‍ഷം നീണ്ട പഠനം നടത്തിയത്. പഠനത്തിന്റെ ഭാഗമായി 65 വയസോ അതില്‍ കൂടുതലോ പ്രായമുള്ള 525 മുതിര്‍ന്നവരെ ഗവേഷകര്‍ നിരീക്ഷിച്ചു.
പ്രഭാതഭക്ഷണം കഴിക്കാത്തവരില്‍ ഡിമെന്‍ഷ്യ രോഗനിര്‍ണയം നാലിരട്ടി കൂടുതലാണെന്ന് പഠനം വെളിപ്പെടുത്തി. ലഘുഭക്ഷണം കഴിക്കുന്നവരില്‍ ഡിമെന്‍ഷ്യ രോഗനിര്‍ണയം 2.7 മടങ്ങ് കൂടുതലാണെന്നും ഉപ്പ് ഉപഭോഗത്തെക്കുറിച്ച് ബോധവാന്മാരല്ലാത്തവരിൽ 2.5 മടങ്ങ് കൂടുതലും പോഷക സന്തുലിതാവസ്ഥയെക്കുറിച്ച് ശ്രദ്ധിക്കാത്തവരില്‍ 2.7 മടങ്ങ് കൂടുതലാണെന്നും പഠനം വെളിപ്പെടുത്തി. അതിനാല്‍, ഒരാള്‍ ശരിയായ സമീകൃതാഹാരം സ്വീകരിക്കണമെന്നും ഡിമെന്‍ഷ്യയുടെ സാധ്യത കുറയ്ക്കണമെങ്കില്‍ പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നും ഗവേഷണം നിര്‍ദ്ദേശിക്കുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 14, 2022 10:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Dementia | പ്രഭാതഭക്ഷണം മുടക്കുന്നത് മറവിരോഗത്തെ വിളിച്ചു വരുത്തുമെന്ന് പഠനം