ന്യൂഡല്‍ഹി: ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമാകുന്ന ഒരു തരം ഇന്‍ഫ്ളുവന്‍സ വൈറസാണ് എച്ച്3 എന്‍2 ഇന്‍ഫ്ളുവന്‍സ. ഹോംങ്കോങ്ങ് ഫ്ളു എന്നും ഈ രോഗം അറിയപ്പെടുന്നു.ഇന്‍ഫ്ളുവന്‍സ എ വൈറസിന്റെ ഒരു ഉപവിഭാഗമാണിത്. മുമ്പ് നിരവധി ഇന്‍ഫ്ളുവന്‍സ രോഗങ്ങള്‍ക്ക് കാരണമായ വൈറസാണിത്.
നിലവില്‍ എച്ച്3എന്‍2 കേസുകള്‍ ന്യൂഡല്‍ഹിയില്‍ വര്‍ധിച്ച് വരികയാണ്. ചുമ പോലുള്ള ലക്ഷണങ്ങളോടെയാണ് പലരും ആശുപത്രിയിലെത്തുന്നത്. കൊടുംതണുപ്പില്‍ നിന്ന് ചൂടിലേക്ക് മാറുന്ന കാലാവസ്ഥയും ആളുകള്‍ക്കിടയില്‍ ഇന്‍ഫ്ളുവന്‍സ രോഗം വ്യാപിക്കാന്‍ കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചുമ, പനി, തൊണ്ട വരളുക, തലവേദന, ശരീര വേദന, ക്ഷീണം, എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകും. ഒരാഴ്ചയോളം ഈ ലക്ഷണങ്ങള്‍ ഉണ്ടാകും. എന്നാല്‍ ചിലര്‍ക്ക് കുറച്ചധികം ദിവസങ്ങള്‍ ഈ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുമെന്നാണ് പറയുന്നത്.
രോഗം ബാധിച്ചവര്‍ നല്ലതുപോലെ വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. പനി കുറയ്ക്കാന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അസറ്റാമിനോഫെന്‍, അല്ലെങ്കില്‍ ഐബുപ്രോഫെന്‍ എന്നീ മരുന്നുകള്‍ കഴിക്കാവുന്നതാണ്.
ഗുരുതരമായ രോഗ ലക്ഷണമുള്ളവരും, മറ്റ് ആരോഗ്യ പ്രശ്നമുള്ളവരും ഒസെല്‍റ്റമിവിര്‍, സനാമിവിര്‍ തുടങ്ങിയ ആന്റിവൈറല്‍ മരുന്നുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം കഴിക്കേണ്ടതാണ്.
രോഗ പ്രതിരോധം: എച്ച്3എന്‍2 ഇന്‍ഫ്ളുവന്‍സ വൈറസിനെ ചെറുക്കാന്‍ വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. കൃത്യമായ ഇടവേളകളില്‍ കൈകള്‍ സോപ്പിട്ട് കഴുകേണ്ടതാണ്. രോഗമുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് ഒഴിവാക്കുകയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായയും തുവാല കൊണ്ട് പൊത്തിപ്പിടിക്കുകയും വേണം. രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ ആള്‍ക്കൂട്ടത്തിനിടയ്ക്ക് പോകാതെ പൂര്‍ണ്ണമായി വിശ്രമിക്കണം. കൂടാതെ രോഗപ്രതിരോധനത്തിന് ആവശ്യമായ വാക്സിനുകള്‍ എടുക്കാനും മറക്കരുത്.
എല്ലാവരിലേക്കും പെട്ടെന്ന് പടരാന്‍ സാധ്യതയുള്ള രോഗമാണ് എച്ച്3എന്‍2 ഇന്‍ഫ്ളുവന്‍സ. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്ത് എത്തുന്ന ശരീരദ്രവങ്ങളിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് കൂടി വ്യാപിക്കുന്നത്. വൈറസ് ബാധിച്ച ഒരു പ്രതലത്തില്‍ സ്പര്‍ശിച്ച ശേഷം ഒരാളുടെ വായിലോ മൂക്കിലോ തൊട്ടാലും രോഗം പകരുന്നതാണ്. ഗര്‍ഭിണികള്‍, ചെറിയ കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗുരുതര രോഗം ബാധിച്ചവര്‍ എന്നിവരിലാണ് ഈ രോഗം ഗുരുതരമാകുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.