Health Tips | എല്ലാ പുരുഷൻമാരും ചെയ്തിരിക്കേണ്ട അഞ്ച് മെഡിക്കൽ പരിശോധനകൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
പതിവായി ആരോഗ്യ പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്
ആരോഗ്യം നിലനിർത്തുന്നതിനും ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും പതിവായി ആരോഗ്യ പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്. ഓരോരുത്തരുടെയും ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കുമെങ്കിലും എല്ലാ പുരുഷൻമാരും നിർബന്ധമായും ചെയ്തിരിക്കേണ്ട ചില പരിശോധനകളുണ്ട്. അത്തരം പരിശോധനകളെക്കുറിച്ചും അവ പുരുഷന്മാരുടെ ആരോഗ്യ സംരക്ഷണത്തിൽ എത്രത്തോളം പ്രാധാന്യം അർഹിക്കുന്നുണ്ട് എന്നുമാണ് ഇവിടെ പറയുന്നത്.
1. ഓരോ വർഷവും നടത്തേണ്ട ഫിസിക്കൽ പരിശോധന (Annual Physical Examination): ഓരോ പുരുഷൻമാരും മുൻഗണന നൽകേണ്ട ഒരു അടിസ്ഥാന ആരോഗ്യ പരിശോധനയാണ് ഓരോ വർഷവും നടത്തേണ്ട ഫിസിക്കൽ പരിശോധന. നിങ്ങളുടെ ശരീരത്തെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തലാണ് ഇതിലൂടെ നടക്കുന്നത്. നിങ്ങളുടെ മെഡിക്കൽ ഹിസ്റ്ററി അവലോകനം ചെയ്യുകയും ഏതെങ്കിലും രോഗ ലക്ഷണങ്ങളുണ്ടോ എന്ന കണ്ടെത്തുകയും ഹൃദയാരോഗ്യം, ശ്വാസകോശത്തിന്റെ പ്രവർത്തനം, രക്തസമ്മർദ്ദം, കൊളസ്‌ട്രോളിന്റെ അളവ്, മൊത്തത്തിലുള്ള ശാരീരികക്ഷമത എന്നിവയെല്ലാം പരിശോധിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്.
advertisement
2. പ്രോസ്റ്റേറ്റ് കാൻസർ സ്ക്രീനിങ്ങ് (Prostate Cancer Screening) : പുരുഷന്മാരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. 50 വയസും അതിൽ കൂടുതൽ പ്രായവുമുള്ള പുരുഷൻമാരെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. പ്രോസ്റ്റേറ്റ് കാൻസർ സ്ക്രീനിംഗിൽ സാധാരണയായി രക്തപരിശോധനയും മലാശയ പരിശോധനയും ആണ് ഉൾപ്പെടുന്നത്. ഈ പരിശോധനകൾ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ സഹായിക്കുന്നു. ഇത് ചിലപ്പോൾ കാൻസറിന്റെ ലക്ഷണങ്ങളാകാം. പതിവ് സ്ക്രീനിംഗിലൂടെ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ചികിത്സയിലൂടെ കാൻസറിനെ പ്രതിരോധിക്കാനുമാകും.
advertisement
3. വൻകുടലിന്റെ പരിശോധന (Colorectal Cancer Screening): പുരുഷന്മാർ നേരിടുന്ന മറ്റൊരു പ്രധാന ആരോഗ്യപ്രശ്നമാണ് വൻകുടലിൽ ഉണ്ടാകുന്ന കാൻസർ. 50 വയസും അതിനുമുകളിലും പ്രായമുള്ള പുരുഷൻമാരും കുടുംബത്തിൽ മുൻപ് ആർക്കെങ്കിലും വൻകുടലിലെ കാൻസർ വന്നിട്ടുള്ള ചരിത്രം ഉള്ളവരും ഈ സ്ക്രീനിംഗ് നടത്തുന്നത് നല്ലതാണ്. സാധാരണ ഈ സ്ക്രീനിംഗിൽ കൊളോനോസ്കോപ്പി (colonoscopy) ഉണ്ട്. ഇത് വൻകുടലിലെ ഏതെങ്കിലും അസാധാരണതകളോ അർബുദത്തിന്റെ ലക്ഷണങ്ങളോ കണ്ടെത്താൻ സഹായിക്കുന്നു. ജീവൻ വരെ അപഹരിക്കാൻ സാധ്യതയുള്ള ഈ രോഗം നേരത്തേ കണ്ടെത്താൻ വൻകുടലിന്റെ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
advertisement
4. രക്തസമ്മർദം നിരീക്ഷിക്കുക (Blood Pressure Monitoring): ഉയർന്ന രക്തസമ്മർദം ഉണ്ടെങ്കിൽ, ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരും രക്തസമ്മർദം പതിവായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും പലരും ശ്രദ്ധിക്കാറില്ല എന്നതാണ് വസ്തുത, കാരണം പലപ്പോഴും ഇതിന് കാര്യമായ ലക്ഷണങ്ങൾ ഉണ്ടാകില്ല. രക്തസമ്മർദ്ദം പതിവായി പരിശോധിക്കുന്നതിലൂടെ, നിങ്ങൾക്ക് ഹൈപ്പർടെൻഷനുമായി ബന്ധപ്പെട്ട ഏതെങ്കിലും രോഗങ്ങൾ തിരിച്ചറിയാനും സാധിക്കും. ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിലൂടെയോ മരുന്നുകളിലൂടെയോ അവയെ പ്രതിരോധിക്കാനുമാകും. രണ്ട് വർഷത്തിലൊരിക്കലെങ്കിലും രക്തസമ്മർദ്ദം പരിശോധിക്കുന്നതാണ് നല്ലത്.
advertisement
5. കൊളസ്‌ട്രോൾ, ബ്ലഡ് ലിപിഡ് പ്രൊഫൈൽ ടെസ്റ്റിങ്ങ് (Cholesterol and Blood Lipid Profile Testing): ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണെങ്കിൽ ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയെല്ലാം വരാനുള്ള സാധ്യത കൂടിതലാണ്. പതിവായി കൊളസ്ട്രോളും, രക്തത്തിലെ ലിപിഡ് പ്രൊഫൈലും പരിശോധനയ്ക്ക് വിധേയമാക്കണം. ശരീരത്തിലെ കൊളസ്ട്രോൾ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ, ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെയെല്ലാം അളവ് മനസിലാക്കാൻ ഈ പരിശോധനകൾ സഹായിക്കുന്നു. ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിലൂടെയോ മരുന്നുകളിലൂടെയോ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാനുമാകും.
advertisement
(ഡോ.സുരേഷ് സി.എച്ച്, കൺസൾട്ടന്റ് (ഇന്റേണൽ മെഡിസിൻ), കാവേരി ഹോസ്പിറ്റൽ, ഇലക്ട്രോണിക് സിറ്റി, ബെംഗളൂരു)
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 14, 2023 9:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | എല്ലാ പുരുഷൻമാരും ചെയ്തിരിക്കേണ്ട അഞ്ച് മെഡിക്കൽ പരിശോധനകൾ