Health Tips | ഹെപ്പറ്റൈറ്റിസ്, സിറോസിസ്, ഫാറ്റി ലിവര്‍; കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങളും ലക്ഷണങ്ങളും
- Published by:Naseeba TC
- news18-malayalam
Last Updated:
(തയ്യാറാക്കിയത്: ഡോ. അനുരാഗ് ഷെട്ടി, മെഡിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, കെഎംസി ഹോസ്പിറ്റല്‍, മംഗളൂരു)
ശരീരത്തില്‍ വിവിധ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന പ്രധാന അവയവമാണ് കരള്‍. വിഷാംശം ഇല്ലാതാക്കല്‍, ശരീരത്തിന്റെ മെറ്റാബോളിസം നിയന്ത്രിക്കല്‍, അവശ്യമായ പ്രോട്ടീനുകളുടെ ഉത്പാദനം തുടങ്ങിയ ധര്‍മ്മങ്ങള്‍ കരള്‍ നിര്‍വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കരളിനുണ്ടാകുന്ന രോഗങ്ങള്‍ ശരീരത്തിന്റെ താളം തെറ്റിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങളാണ് ഹെപ്പറ്റൈറ്റിസ്, സിറോസിസ്, ഫാറ്റി ലിവര്‍ തുടങ്ങിയവ.
ഹെപ്പറ്റൈറ്റിസ്
കരളിനുണ്ടാകുന്ന വീക്കമാണ് ഹൈപ്പറ്റൈറ്റിസ്. വൈറല്‍ അണുബാധയാണ് ഈ രോഗത്തിന് കാരണം. ഹെപ്പറ്റൈറ്റിസ് വിവിധ തരത്തിലുണ്ട്. അതില്‍ പ്രധാനപ്പെട്ടവയാണ് ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ. മലിനമായ ഭക്ഷണം, സുരക്ഷിതമല്ലാത ലൈംഗിക ബന്ധം, അണുബാധയുള്ള രക്തം എന്നിവയിലൂടെയാണ് ഈ രോഗം പകരുന്നത്. അമിത മദ്യപാനം, ചില വിഷവസ്തുക്കള്‍ എന്നിവ കാരണവും ഈ രോഗമുണ്ടായേക്കാം. ക്ഷീണം, മഞ്ഞപിത്തം, അടിവയറ്റിലെ വേദന, വിശപ്പില്ലായ്മ എന്നിവയാണ് ഹൈപ്പറ്റൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങള്‍. ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്‌ക്കെതിരെ വാക്‌സിനേഷന്‍ ലഭ്യമാണ്. കൂടാതെ ഹൈപ്പറ്റൈറ്റിസ് സിയ്‌ക്കെതിരെ ആന്റി വൈറല്‍ ചികിത്സകളും ഇന്ന് ലഭ്യമാണ്.
advertisement
സിറോസിസ്
കരളിനെ ബാധിക്കുന്ന മറ്റൊരു രോഗമാണ് സിറോസിസ്. കരളിലെ കോശങ്ങള്‍ക്കുണ്ടാകുന്ന തകരാറുകളാണ് ഈ രോഗത്തിലേക്ക് നയിക്കുന്നത്. അമിത മദ്യപാനം, വൈറല്‍ ഹെപ്പറ്റൈറ്റിസ്, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, എന്നിവയാണ് സിറോസിസിലേക്ക് നയിക്കുന്നത്. കരളിലെ കോശങ്ങൾ തകരാറിലാകുന്നതോടെ അതിന്റെ പ്രവര്‍ത്തനവും മന്ദഗതിയിലാകും. ക്ഷീണം, മഞ്ഞപ്പിത്തം, അടിവയറ്റില്‍ നീരുവീക്കം, രക്തസ്രാവം എന്നിവയാണ് സിറോസിസിന്റെ പ്രധാന ലക്ഷണം. കരളിലെ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുകയെന്നതാണ് പ്രധാന ചികിത്സ. രോഗം മൂര്‍ച്ഛിച്ചവരില്‍ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയും നടത്താറുണ്ട്.
ഫാറ്റി ലിവര്‍
കരളിലെ കോശങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഫാറ്റി ലിവര്‍ രണ്ട് തരത്തിലുണ്ട്. ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്നിവയാണവ. അമിത മദ്യപാനമാണ് ആല്‍ക്കഹോളിക് ഫാറ്റി ലിവറിന് കാരണം. പൊണ്ണത്തടി, പ്രമേഹം, കൊളസ്‌ട്രോള്‍, എന്നിവ മൂലമാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഉണ്ടാകുന്നത്. നിലവില്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം, പൊണ്ണത്തടി, ജീവിതശൈലി എന്നിവയാണ് ഈ രോഗത്തിലേക്ക് നയിക്കുന്നത്. ഫാറ്റി ലിവര്‍ ഉള്ള ആളുകളില്‍ ആദ്യ ഘട്ടത്തില്‍ ലക്ഷണങ്ങളൊന്നും തന്നെ കണ്ടെന്നു വരില്ല. രോഗം മൂര്‍ച്ഛിക്കുമ്പോഴാണ് ലക്ഷണങ്ങള്‍ പ്രകടമാകുക. അണുബാധ, ലിവര്‍ ഫൈബ്രോസിസ്, സിറോസിസ്, ലിവര്‍ ക്യാന്‍സര്‍, എന്നിവയും ഇതോടൊപ്പമുണ്ടാകാം. ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ ഫാറ്റി ലിവറിനെ അകറ്റി നിര്‍ത്താന്‍ സാധിക്കും. ശരീരഭാരം കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണ ശീലം, വ്യായാമം, എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുന്നവരില്‍ ഫാറ്റി ലിവര്‍ സാധ്യത വളരെ കുറവായിരിക്കും.
advertisement
പ്രതിരോധമാര്‍ഗ്ഗങ്ങള്‍
ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയെന്നതാണ് കരള്‍ രോഗങ്ങളെ അകറ്റി നിര്‍ത്താനുള്ള പ്രധാന പോംവഴി. സുരക്ഷിതമായ ലൈംഗിക ബന്ധം, വാക്‌സിന്‍, മദ്യപാനം ഒഴിവാക്കല്‍, ശരിയായ ഭക്ഷണക്രമം, വ്യായാമം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കണം. കൂടാതെ സ്ഥിരമായി ചെക്കപ്പുകള്‍ നടത്തേണ്ടതും അനിവാര്യമാണ്. കാരണം ചില കരള്‍ രോഗങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. വിദഗ്ധ പരിശോധനയിലൂടെ മാത്രമേ അവ കണ്ടെത്താന്‍ കഴിയുകയുള്ളൂ.
കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ വളരെയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന രോഗങ്ങളാണ് ഫാറ്റിലിവര്‍, ഹൈപ്പറ്റൈറ്റിസ്, സിറോസിസ് എന്നിവ. രോഗങ്ങളെ സംബന്ധിച്ചുള്ള ബോധവല്‍ക്കരണം, പ്രതിരോധമാര്‍ഗ്ഗങ്ങള്‍, നേരത്തെയുള്ള രോഗനിര്‍ണയം, ശരിയായ ചികിത്സ എന്നിവ ഉറപ്പാക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 23, 2023 2:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | ഹെപ്പറ്റൈറ്റിസ്, സിറോസിസ്, ഫാറ്റി ലിവര്‍; കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങളും ലക്ഷണങ്ങളും