Health Tips | സോറിയാസിസിനെ ഭയക്കണോ? എങ്ങനെ പ്രതിരോധിക്കാം ?
- Published by:Arun krishna
- news18-malayalam
Last Updated:
പലപ്പോഴും ഈ രോഗാവസ്ഥ രോഗികളിൽ കടുത്ത വൈകാരികവും ശാരീരികവുമായ സമ്മർദ്ദത്തിന് വഴിവയ്ക്കാറുണ്ട്
എല്ലാ വർഷവും ഓഗസ്റ്റ് മാസം സോറിയാസിസ് ബോധവൽക്കരണ മാസമായാണ് നമ്മൾ ആചരിക്കുന്നത്. രോഗബാധിതരെ ചികിത്സാ മാർഗങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും കൂടുതൽ അറിവ് പകർന്നു നൽകുന്നതിനുമുള്ള അവസരമായാണ് ഇത് വിനിയോഗിക്കുന്നത്. കൂടാതെ ഈ രോഗവുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന പ്രത്യേക ലക്ഷണങ്ങളിലൂടെ സോറിയാസിസ് രോഗികൾ അനുഭവിക്കുന്ന അനാവശ്യ സമ്മർദത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനും ഈ ദിനാചരണത്തിലൂടെ ശ്രമിക്കുന്നു.
രോഗപ്രതിരോധ വ്യവസ്ഥയുടെ തകരാറുമൂലം ശിരോചർമം, കാൽമുട്ടുകൾ, കൈമുട്ടുകൾ, നഖങ്ങൾ, കൈപ്പത്തികൾ, കാലുകൾ എന്നിവയെ സാധാരണയായി ബാധിക്കുന്ന വെള്ളി നിറമുള്ള ചെതുമ്പൽ നിറഞ്ഞതും ചുവന്ന പാടുകൾ ഉണ്ടാക്കുന്നതുമായ വിട്ടുമാറാത്ത ഒരു അവസ്ഥ ആണ് സോറിയാസിസ്. ഇന്ത്യൻ ജനസംഖ്യയുടെ 0.5 മുതൽ 3 ശതമാനം വരെ വ്യത്യസ്തമായ തീവ്രതയോടെ സോറിയാസിസ് ബാധിക്കുന്നുണ്ട്. സാധാരണയായി ശിരോചർമ്മത്തിലും മറ്റും ഇവ താരന് സമമായാണ് കാണപ്പെടുക. കൂടാതെ സമ്മർദ്ദം, തണുത്തതും വരണ്ടതുമായ കാലാവസ്ഥ, മദ്യം, പുകവലി, മുറിവുകൾ, അണുബാധ എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഇതിനുള്ള സാധ്യത വർധിപ്പിക്കുന്നു.
advertisement
എന്നാൽ സോറിയാസിസ് എന്ന രോഗം ഒരു പകർച്ചവ്യാധിയല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. ഇത് ഒരു സ്വയം രോഗപ്രതിരോധ പ്രതികരണമാണ്. പലപ്പോഴും ഈ രോഗാവസ്ഥ രോഗികളിൽ കടുത്ത വൈകാരികവും ശാരീരികവുമായ സമ്മർദ്ദത്തിന് വഴിവയ്ക്കാറുണ്ട്. എന്നാൽ ക്രീമുകൾ, ഓറൽ മെഡിക്കേഷൻസ് , എൻബിയുവിബി ലൈറ്റ്, ബിയോളോജിക്കൽസ് തുടങ്ങി ചികിത്സാരീതികൾ ഉപയോഗിച്ച് സോറിയാസിസ് കൈകാര്യം ചെയ്യാൻ സാധിക്കുന്നതാണ്. സോറിയാസിസിന്റെ സങ്കീർണതകളിൽ സോറിയാറ്റിക് ആർത്രൈറ്റിസും ഉൾപ്പെടുന്നു.
advertisement
നല്ല ജീവിതശൈലി, ചിട്ടയായ വ്യായാമം, എന്നിവയിലൂടെയും ചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നതിലൂടെയും , നല്ല ഭക്ഷണശീലങ്ങൾ ശീലമാക്കുന്നതിലൂടെയും സോറിയാസിസ് ഒരു പരിധി വരെ നിയന്ത്രിക്കാനും തടയാനും കഴിയും. സോറിയാസിസിന് മികച്ച ചികിത്സാ മാർഗ്ഗങ്ങളും ഇപ്പോൾ ലഭ്യമാണ്. സോറിയാസിസിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ ഒരി ഡെർമറ്റോളജിസ്റ്റിനെ കാണുക. സോറിയാസിസ് രോഗികളെ ഒരിക്കലും നമ്മൾ മാറ്റി നിർത്തേണ്ടവരല്ല എന്നും അറിഞ്ഞിരിക്കുക.
സോറിയാസിസ് മൂലം ഉറക്കം നഷ്ടപ്പെടുന്നത് എങ്ങനെ ഒഴിവാക്കാം എന്ന് നോക്കാം ?
പലപ്പോഴും തലയോട്ടിയിലും ശരീരത്തിന്റെ അരഭാഗങ്ങളിലും സോറിയാസിസ് മൂലമുണ്ടാകുന്ന ചൊറിച്ചിൽ അമിതമായി കാണപ്പെടാറുണ്ട്. ശരീരമാസകലം സോറിയാസിസ് ബാധിച്ചാൽ ഇത് വലിയ ചൊറിച്ചിൽ ഉണ്ടാക്കുകയും ഉറക്കകുറവിലേക്ക് നയിക്കുകയും ചെയ്യും. വരണ്ട ചർമ്മം, നല്ല ചൂടുവെള്ളത്തിലുള്ള കുളി , രാസവസ്തുക്കളുടെ ഉപയോഗം എന്നിവ ഈ രോഗാവസ്ഥയുടെ ചൊറിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്.
advertisement
സോറിയാസിസ് മൂലമുണ്ടാകുന്ന ചൊറിച്ചിൽ കുറക്കാനുള്ള മാർഗ്ഗങ്ങൾ പരിശോധിക്കാം
- വരണ്ട ചർമ്മത്തിൽ പതിവായി വെളിച്ചെണ്ണ ഉപയോഗിച്ചു മസ്സാജ് ചെയ്യുക.
- കുളി കഴിഞ്ഞ ഉടൻ ഒരു തോർത്തുകൊണ്ട് നന്നായി തുടച്ച് ഉണങ്ങിയ ശേഷം ശരീരത്തിൽ ഒരു നല്ല മോയ്സ്ചറൈസിംഗ് ക്രീം പുരട്ടുക
- 5.5 pH ഉള്ള സോപ്പ്/ബോഡി വാഷ് ഉപയോഗിക്കുക (സിൻഡറ്റ് ബേസ്)
- നിങ്ങളുടെ ഡെർമറ്റോളജിസ്റ്റ് നിർദ്ദേശിക്കുന്ന ആന്റി ഹിസ്റ്റമിൻ ഗുളികകൾ കഴിക്കുക
- കോട്ടൺ വസ്ത്രങ്ങൾ പരമാവധി ഉപയോഗിക്കുകയും കമ്പിളി വസ്ത്രങ്ങൾ ഒഴിവാക്കുകയും ചെയ്യുക
- ഉറങ്ങുന്നതിനുമുമ്പ് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുക
- രോഗം കൂടുതൽ വഷളാക്കാൻ സാധ്യതയുള്ളതിനാൽ രോഗ ബാധിത സ്ഥലങ്ങളിൽ ചൊറിഞ്ഞു മുറിവാക്കുന്നത് ഒഴിവാക്കുക
- ആൻറിസെപ്റ്റിക്സും ആൽക്കഹോൾ ലായനിയും ഉപയോഗിച്ച് ആ ഭാഗങ്ങൾ വൃത്തിയാക്കുന്നത് ഒഴിവാക്കുക
- നഖങ്ങൾ വെട്ടി സൂക്ഷിക്കുന്നതും ചൊറിച്ചിൽ ഉണ്ടെങ്കിൽ കൈപ്പത്തി കൊണ്ട് ചൊറിയുന്നതും പോറൽ ഉണ്ടാകുന്നത് നിയന്ത്രിക്കാനും ചർമ്മത്തിന് കേടുപാടുകൾ ഒഴിവാക്കാനും നല്ലൊരു മാർഗമാണ്.
- രോഗത്തെ പ്രതിരോധിക്കുന്നതിന് ഒരു ഡെർമറ്റോളജിസ്റ്റിനെ കാണുക.
advertisement
( ഡോ. ശശി കിരൺ എ.ആർ, കൺസൾട്ടൻറ് – ത്വക്ക് രോഗം, കോസ്മെറ്റോളജി, ഡെർമറ്റോസർജറി, കാവേരി ഹോസ്പിറ്റൽ, ഇലക്ട്രോണിക് സിറ്റി, ബാംഗ്ലൂർ )
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 15, 2023 5:28 PM IST