ഒരു ലിറ്റർ കുപ്പിവെള്ളത്തിൽ 2,40,000 ഓളം പ്ലാസ്റ്റിക് കണങ്ങൾ; ഗർഭസ്ഥ ശിശുക്കളെയും ബാധിക്കുമെന്ന് പഠനം
- Published by:Naseeba TC
- news18-malayalam
Last Updated:
നാനോ പ്ലാസ്റ്റിക്കുകൾക്ക് മനുഷ്യന്റെ രക്തധമനികളിലേക്കും മനുഷ്യ കോശങ്ങളിലേക്കും പ്രവേശിക്കാൻ സാധിക്കുന്നതിനാൽ ഇവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും
പുറത്തിറങ്ങുമ്പോൾ വീട്ടിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നവർ വളരെ ചുരുക്കമാണ്. പൊതുവേ പുറത്തുപോയി വെള്ളം കുടിക്കാൻ ദാഹിച്ചാൽ ഉടൻ തന്നെ കുപ്പിവെള്ളത്തെ ആശ്രയിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും എന്ന് തന്നെ പറയാം. എന്നാൽ നമ്മൾ വിശ്വസിച്ചു കുടിക്കുന്ന ഈ കുപ്പിവെള്ളം യഥാർത്ഥത്തിൽ ശുദ്ധമാണോ? പ്ലാസ്റ്റിക് കുപ്പികളിൽ നമ്മൾ വാങ്ങുന്ന കുടിവെള്ളത്തിൽ നമ്മൾ ഒരിക്കൽ പോലും പ്രതീക്ഷിക്കാത്തതിലും അധികം പ്ലാസ്റ്റിക്കിന്റെ അംശം അടങ്ങിയിരിക്കുന്നു എന്നാണ് പുതിയ പഠനം പറയുന്നത്. അതായത് ഒരു ലിറ്ററിന്റെ കുപ്പി വെള്ളത്തിൽ ഏകദേശം 2,40000 ഓളം പ്ലാസ്റ്റിക് കണങ്ങൾ അടങ്ങിയിരിക്കുന്നു. നാഷണല്‍ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇവ നാനോ പ്ലാസ്റ്റിക്കുകൾ ആയതിനാലാണ് നേരത്തെ നടത്തിയ ഗവേഷണങ്ങളിലും കണ്ടെത്താൻ സാധിക്കാഞ്ഞത്.
കുപ്പിവെള്ളത്തിൽ മൈക്രോമീറ്ററിൽ താഴെ നീളമുള്ള പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യം കൊളംബിയ യൂണിവേഴ്‌സിറ്റിയിലെയും റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരാണ് കണ്ടെത്തിയത്. നേരത്തെ നടത്തിയ പഠനങ്ങളിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ ( 1 മുതൽ 5,000 മൈക്രോമീറ്റർ വരെയുള്ള വലിപ്പമുള്ള പ്ലാസ്റ്റിക് കഷണങ്ങൾ) സാന്നിധ്യം മാത്രമാണ് കണ്ടെത്തിയിരുന്നത് . നിലവിൽ കണ്ടെത്തിയ നാനോപ്ലാസ്റ്റിക്‌സ്, മൈക്രോപ്ലാസ്റ്റിക്‌സിനെക്കാൾ മനുഷ്യന്റെ ആരോഗ്യത്തിന് വലിയ ഭീഷണി ഉയർത്തുന്നവയാണ്. ഓരോ ലിറ്ററിലും 110,000 മുതൽ 370,000 വരെ പ്ലാസ്റ്റിക് കണികകൾ ഉൾപ്പെട്ടിട്ടുണ്ട്. പഠനമനുസരിച്ച്, അവയിൽ 90 ശതമാനവും നാനോപ്ലാസ്റ്റിക് ആണെന്നും വിലയിരുത്തി.
advertisement
നാനോ പ്ലാസ്റ്റിക്കുകൾക്ക് മനുഷ്യന്റെ രക്തധമനികളിലേക്കും മനുഷ്യ കോശങ്ങളിലേക്കും പ്രവേശിക്കാൻ സാധിക്കുന്നതിനാൽ ഇവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും.
മൈക്രോ പ്ലാസ്റ്റിക്കിനേക്കാൾ ചെറുതായതിനാലാണ് ഇവയ്ക്ക് എളുപ്പത്തിൽ ശരീരത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നത്. കൂടാതെ പ്ലാസ്റ്റിക്കിന്റെ ഈ ചെറിയ കണികകൾക്ക് പ്ലാസന്റയിലൂടെ ഗർഭസ്ഥ ശിശുക്കളുടെ ശരീരത്തിലേക്കും കടക്കാൻ സാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഫ്ലൂറസെന്റ് ഡൈകളിലും ലോഹ ലേബലുകളിലും നാനോപ്ലാസ്റ്റിക് അംശം അടങ്ങിയിരിക്കുന്നതിനാൽ ഇത് മനുഷ്യനും മണ്ണിനും ഒരുപോലെ അപകടം സൃഷ്ടിക്കുമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. മനുഷ്യജീവന് ഹാനികരമായ ഈ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ഇപ്പോൾ പൊതുജനങ്ങളിൽ വലിയ രീതിയിലുള്ള ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 11, 2024 5:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Health/
ഒരു ലിറ്റർ കുപ്പിവെള്ളത്തിൽ 2,40,000 ഓളം പ്ലാസ്റ്റിക് കണങ്ങൾ; ഗർഭസ്ഥ ശിശുക്കളെയും ബാധിക്കുമെന്ന് പഠനം