ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുരങ്ങുപനി (Monkeypox) റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യരംഗത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കൃത്യമായ ചികിത്സയിലൂടെ രോഗം പകരാതിരിക്കാനും ലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാനും സാധിക്കുമെന്ന് യുകെയിൽ (UK) നടത്തിയ ഒരു പഠനം വ്യക്തമാക്കിയിരിക്കുകയാണ്. 2018നും 2021നും ഇടയിൽ രോഗം വന്നിട്ടുള്ള ഏഴ് പേരിലാണ് പഠനം നടത്തിയത്. രോഗം ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേരിലേക്ക് പടർന്നിട്ടുള്ള സമയമാണിത്. എന്നാൽ കുരങ്ങുപനി പടരുന്നത് അത്ര വേഗത്തിലല്ലെന്നും രോഗികളിൽ ഗുരുതരമാവാനുള്ള സാധ്യത കുറവാണെന്നും പഠനം പറയുന്നു.
ദ ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗം ചികിത്സിക്കുന്നതിനായുള്ള രണ്ട് വ്യത്യസ്ത ആൻറിവൈറൽ മരുന്നുകളായ ബ്രിൻസിഡോഫോവിർ, ടെക്കോവിരിമാറ്റ് എന്നിവയുടെ ഉപയോഗം രോഗികളിൽ എന്ത് തരത്തിലുള്ള മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് പഠനം പറയുന്നു. എന്നാൽ വസൂരിക്കെതിരെ ഉപയോഗിക്കാൻ ആദ്യമായി അംഗീകാരം ലഭിച്ചിട്ടുള്ള മരുന്ന് ടെക്കോവിരിമാറ്റാണ്. കുരങ്ങുപനിക്കെതിരെ ഈ മരുന്ന് ഫലപ്രദമാണോയെന്ന് നേരത്തെയും പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. ബ്രിൻസിഡോഫോവിറിന് രോഗികളിൽ ചെറിയ മാറ്റം വരുത്താൻ സാധിച്ചിട്ടുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. ടെക്കോവിരിമാറ്റിൻെറ കാര്യത്തിൽ ഇനിയും പഠനം നടക്കേണ്ടതുണ്ട്.
വസൂരിയുടെ കുടുംബത്തിൽ പെടുന്ന രോഗമാണ് കുരങ്ങുപനി. ഈ രോഗത്തിന് ഇത് വരെ ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അഞ്ച് മുതൽ 21 ദിവസം വരെയുളള ഇൻകുബേഷൻ കാലത്തിനിടയിൽ മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യതകളെക്കുറിച്ചും പരിമിതമായ വിവരങ്ങളാണുള്ളത്. സാധാരണഗതിയിൽ നിലവിൽ രോഗികൾ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുകയാണ് ചെയ്യുന്നത്.
വസൂരി ചികിത്സിക്കുന്നതിനായി വികസിപ്പിച്ച ആൻറിവൈറൽ മരുന്നുകളോട് രോഗികളുടെ പ്രതികരണമാണ് പഠനത്തിൻെറ ഭാഗമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രിൻസിഡോഫോവിർ, ടെക്കോവിരിമാറ്റ് മരുന്നുകൾ നേരത്തെ മൃഗങ്ങളിൽ കുരങ്ങുപനിക്കെതിരെ ഫലപ്രദമാണെന്ന് പരീക്ഷിച്ച് തെളിയിച്ചിട്ടുണ്ട്. നാല് രോഗികളിലാണ് ആദ്യം പഠനം നടത്തിയത്. ആദ്യത്തെ മൂന്ന് രോഗികൾക്കും ബ്രിൻസിഡോഫോവിർ ആണ് നൽകിയത്. കാര്യമായ ഒരു മാറ്റവും ഇത് കൊണ്ട് ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ മരുന്ന് രോഗത്തിൻെറ തുടക്കത്തിൽ നൽകിയാലാണോ അതോ മറ്റേതെങ്കിലും ഘട്ടത്തിൽ നൽകിയാലാണോ ഫലപ്രദമാവുകയെന്ന് വീണ്ടും പഠിക്കേണ്ടതുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ഏതായാലും നാല് രോഗികളും അധികം വൈകാതെ തന്നെ രോഗമുക്തരായി.
ടെക്കോവിരിമാറ്റ് മരുന്ന് നൽകിയ ഒരു രോഗിയിൽ രോഗലക്ഷണങ്ങൾ വളരെ പെട്ടെന്ന് കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ആൻറി വൈറൽ ചികിത്സ ഫലപ്രദമാണോയെന്ന് മനസ്സിലാക്കാൻ കൂടുതൽ പഠനം വേണമെന്ന് തന്നെയാണ് ഗവേഷകരുടെ അഭിപ്രായം. രക്തത്തിലും തൊണ്ടയിലെ സ്രവത്തിലുമാണ് കുരങ്ങുപനി വൈറസിൻെറ സാന്നിധ്യം കണ്ടെത്താറുള്ളതെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്. ഈ രോഗത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ ചികിത്സാരീതികൾ ഫലപ്രദമാക്കുന്നതിന് വേണ്ടിയുള്ള പ്രാഥമിക പഠനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. മെഡിക്കൽ രംഗത്തെ പരീക്ഷണങ്ങൾക്ക് ഈ പഠനം ഏറെ ഫലപ്രദമാവുമെന്നാണ് കരുതുന്നത്. ഈ മാസമാണ് യൂറോപ്പിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. ആഫ്രിക്കയിൽ മാത്രമാണ് നേരത്തെ ഈ രോഗം ഉണ്ടായിരുന്നത്. എന്നാൽ ആഫ്രിക്കയിലേക്ക് സഞ്ചരിക്കാത്ത ആളുകൾക്ക് പോലും രോഗം എങ്ങനെ വന്നുവെന്നതിനെപ്പറ്റി കൂടുതൽ പഠനം നടന്ന് വരികയാണ്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.