• HOME
 • »
 • NEWS
 • »
 • life
 • »
 • type 1 diabetes symptoms| എന്താണ് ടൈപ്പ് 1 പ്രമേഹം? അറിയേണ്ട കാര്യങ്ങൾ

type 1 diabetes symptoms| എന്താണ് ടൈപ്പ് 1 പ്രമേഹം? അറിയേണ്ട കാര്യങ്ങൾ

പല തരത്തിലുള്ള പ്രമേഹമുണ്ട്. നാല് ടൈപ്പുകളാണ് പ്രധാനമായും ഉള്ളത്. ടൈപ്പ് 1 മുതൽ 4 വരെയാണ് ഉള്ളത്, സാധാരണയായി ടൈപ്പ് 1, ടൈപ്പ് 2 എന്നീ പ്രമേഹങ്ങളാണ് കൂടുതലായും കണ്ടുവരാറുള്ളത്

 • Last Updated :
 • Share this:
  ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയും. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടാൻ കാരണമാകും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിലധികമായാൽ മൂത്രത്തിലും ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.

  ഇന്ന് പ്രമേഹത്തെ ഒരു സാധാരണ രോഗമായാണ് കണക്കാക്കുന്നത്. എന്നാൽ ഒരു രോഗാവസ്ഥയിലുപരി പ്രമേഹം വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ്. പലപ്പോഴും മരണത്തിന് വരെ ഇത് കാരണമായേക്കാം. പ്രായം പ്രമേഹത്തിന് ഒരു പ്രശ്‌നമല്ല, കൊച്ചുകുട്ടികൾ മുതൽ പ്രായമായവരിൽ വരെ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ കൂടുതലും പ്രായമായവരിലാണ് പ്രമേഹം കണ്ടുവരുന്നത്.

  പല തരത്തിലുള്ള പ്രമേഹമുണ്ട്. നാല് ടൈപ്പുകളാണ് പ്രധാനമായും ഉള്ളത്. ടൈപ്പ് 1 മുതൽ 4 വരെയാണ് ഉള്ളത്, സാധാരണയായി ടൈപ്പ് 1, ടൈപ്പ് 2 എന്നീ പ്രമേഹങ്ങളാണ് കൂടുതലായും കണ്ടുവരാറുള്ളത്.

  പാൻക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാകോശങ്ങൾ ശരിയായ വിധത്തിൽ പ്രവർത്തിക്കാതിരിക്കുകയും അതുവഴി വേണ്ടത്ര ഇൻസുലിൻ ശരീരത്തിൽ ഉണ്ടാകാതിരിക്കുകയും ചെയ്താലാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. ഇത് കുട്ടികളെയും ചെറുപ്പക്കാരെയുമാണ് പിടികൂടാറുള്ളത്. ഇത്തരം രോഗികൾക്ക് ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവെയ്‌ക്കേണ്ടി വരും.

  35-40 വയസ്സിനു മുകളിലുള്ളവരിൽ വളരെ അപൂർവ്വമായാണ് ടൈപ്പ് 1 പ്രമേഹം കാണുന്നത്. കുട്ടികളിൽ വളരെ കൂടുതലായി കാണുന്ന രോഗമായതു കൊണ്ട് ഇതിനെ ജുവനയിൽ ഡയബറ്റിസ് എന്നും വിളിക്കാറുണ്ട്. പൊതുവെ, മെലിഞ്ഞ ശരീരമുള്ളവർ, അമിത ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക തുടങ്ങിയ അസ്വസ്ഥതകളും ഇവരിൽ കാണാറുണ്ട്.

  കുട്ടികളിലെ ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്

  കടുത്ത വിശപ്പ്

  കുട്ടിയുടെ കോശങ്ങളിലേക്ക് ആവശ്യമായ ഇൻസുലിൻ എത്താതെ വരുമ്പോൾ അവരുടെ പേശികൾക്കും അവയവങ്ങൾക്കും ഊർജ്ജം കുറയുന്നു. ഇത് കടുത്ത വിശപ്പിന് കാരണമാകും.

  ദാഹം

  ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികളുടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതൽ ഉള്ളത് കാരണം കോശങ്ങളിൽ നിന്ന് ദ്രാവകം വലിച്ചെടുക്കുന്നു. അതിനാൽ കുട്ടിക്ക് അമിതമായി ദാഹം അനുഭവപ്പെടും. അവർ പതിവിലും കൂടുതൽ വെള്ളം കുടിക്കുകയും മൂത്രമൊഴിക്കുകയും ചെയ്യും.

  Also Read- Diabetes | എന്താണ് പ്രമേഹം? പ്രമേഹത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

  കിടക്കയിൽ മൂത്രമൊഴിക്കുന്നു

  അമിതമായ ദാഹത്തിന്റെ ഫലമായി കുട്ടികൾ ഇടയ്ക്കിടെ വെള്ളം കുടിക്കാൻ ഇടയാക്കും. അതിനാൽ തന്നെ അവർ കൂടുതൽ മൂത്രമൊഴിക്കും. ബാത്‌റൂമിൽ പോയി മൂത്രമൊഴിക്കാൻ തക്ക പ്രായമാകാത്ത കുട്ടികളാണെങ്കിൽ അവർ കിടക്കയിൽ തന്നെ മൂത്രമൊഴിക്കും.

  കാഴ്ചക്കുറവ്

  കുട്ടിയുടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതൽ ആണെങ്കിൽ കണ്ണിലെ ലെൻസുകളിൽ നിന്ന് പ്രത്യേക ദ്രാവകം പുറത്തു വരാം. അതുകൊണ്ടുതന്നെ കാഴ്ചയ്ക്ക് ചെറിയ തകരാർ സംഭവിച്ചേക്കാം. ഇതോടെ അവർക്ക് ഒരു വസ്തുവിൽ വ്യക്തമായി ഫോക്കസ് ചെയ്യാൻ കഴിയാതെ വരും.

  ക്ഷീണം

  ടൈപ്പ് 1 പ്രമേഹം പിടിപെട്ട കുട്ടികളുടെ കോശങ്ങളിലെ പഞ്ചസാരയുടെ കുറവ് അവരെ കൂടുതൽ ക്ഷീണിതരാക്കുന്നു.

  ഭാരം കുറയുന്നു

  ശരീരം പെട്ടെന്ന് കുറയുന്നതും ടൈപ്പ്  1 പ്രമേഹത്തിന്റെ ലക്ഷണമായി കണക്കാക്കാം.

  മാനസികാവസ്ഥയിൽ മാറ്റം സംഭവിക്കുന്നു

  കുട്ടികളിൽ ടൈപ്പ് 1 പ്രമേഹം പിടിപെട്ടാൽ സ്വഭാവത്തിലും ചില മാറ്റങ്ങൾ സംഭവിക്കും. അവർ മാനസികമായി ഉൾവലിഞ്ഞ് പഠനത്തിൽ നിന്ന് വരെ പുറകോട്ടു പോകാം.

  യീസ്റ്റ് അണുബാധ

  ടൈപ്പ് 1 പ്രമേഹമുള്ള പെൺകുട്ടികളിൽ ജനനേന്ദ്രിയത്തിൽ യീസ്റ്റ് അണുബാധ ഉണ്ടാകാം. കുഞ്ഞുങ്ങൾക്ക് യീസ്റ്റ് അണുബാധ മൂലം ചൊറിച്ചിൽ അല്ലെങ്കിൽ വരണ്ട ചർമ്മം എന്നിവയ്ക്കും സാധ്യതയുണ്ട്.   

  പെട്ടെന്നുള്ള കോപം

  പെട്ടെന്ന് കോപം വരുന്നതും ഇതിന്റെ ലക്ഷണമാണ്.

  ടൈപ്പ് 1 പ്രമേഹത്തിന്റെ കാരണങ്ങൾ

  ടൈപ്പ് 1 പ്രമേഹത്തിന്റെ കൃത്യമായ കാരണം അജ്ഞാതമാണ്. സാധാരണയായി, ശരീരത്തിന്റെ സ്വന്തം പ്രതിരോധ സംവിധാനം ദോഷകരമായ ബാക്ടീരിയകളോടും വൈറസുകളോടുമാണ് പോരാടാറുള്ളത്. എന്നാൽ ചിലരിൽ പാൻക്രിയാസിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളെ ഇവ നശിപ്പിക്കും. ഈ സാഹചര്യം ടൈപ്പ് 1 പ്രമേഹത്തിന് കാരണമാകാറുണ്ട്. മറ്റൊന്ന് ജനിതക സ്വാധീനമാണ്. ചില ജീനുകളുടെ സാന്നിധ്യം ടൈപ്പ് 1 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

  ഇൻസുലിന്റെ പങ്ക്

  പാൻക്രിയാസിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങൾ കൂടുതലായി നശിച്ചു കഴിഞ്ഞാൽ, ശരീരം ഇൻസുലിൻ ഉൽപ്പാദിപ്പിക്കില്ല. ആമാശയത്തിന് പിന്നിലും താഴെയുമുള്ള ഒരു ഗ്രന്ഥിയിൽ നിന്ന് വരുന്ന ഒരു ഹോർമോണാണ് ഇൻസുലിൻ. 

  Also Read- Diabetes| പ്രമേഹത്തെ എങ്ങനെ പ്രതിരോധിക്കാം?  പിന്തുടരേണ്ട മാർഗ്ഗങ്ങൾ എന്തെല്ലാം

  ഇൻസുലിൽ പഞ്ചസാര നിങ്ങളുടെ കോശങ്ങളിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നു.

  ഇൻസുലിൻ നിങ്ങളുടെ രക്തപ്രവാഹത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

  നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനനുസരിച്ച്, നിങ്ങളുടെ പാൻക്രിയാസിൽ നിന്നുള്ള ഇൻസുലിന്റെ അളവ് കുറയുന്നു.

  ഗ്ലൂക്കോസിന്റെ പങ്ക്

  ഗ്ലൂക്കോസ് രണ്ട് പ്രധാന ഉറവിടങ്ങളിൽ നിന്നാണ് വരുന്നത്. ഭക്ഷണത്തിൽ നിന്നും കരളിൽ നിന്നും.

  പഞ്ചസാര രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്ത് ഇൻസുലിൻ സഹായത്തോടെ കോശങ്ങളിലേക്ക് പ്രവേശിക്കുന്നു.

  നിങ്ങളുടെ കരൾ ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആയി സംഭരിക്കുന്നു.

  നിങ്ങളുടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോൾ, അതായത്, നിങ്ങൾ കുറച്ച് സമയത്തേക്ക് ഭക്ഷണം കഴിക്കാതിരുന്നാൽ,  ഗ്ലൂക്കോസിന്റെ അളവ് സാധാരണ പരിധിക്കുള്ളിൽ നിലനിർത്താൻ കരൾ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്നു.

  ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ പ്രമേഹ പ്രശ്നങ്ങൾ ക്രമേണ വർധിച്ച് ജീവൻ വരെ അപകടപ്പെടുത്തുന്ന അവസ്ഥയിലെത്തിയേക്കാം.

  അപകട സാധ്യത ഘടകങ്ങൾ

  ടൈപ്പ് 1 പ്രമേഹത്തിന്റെ ചില അപകട ഘടകങ്ങൾ താഴെ പറയുന്നവയാണ് 

  കുടുംബ ചരിത്രം: ടൈപ്പ് 1 പ്രമേഹമുള്ള മാതാപിതാക്കളോ സഹോദരങ്ങളോ ഉള്ള ആർക്കും ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

  ജനിതക ശാസ്ത്രം: ചില ജീനുകളുടെ സാന്നിധ്യം ടൈപ്പ് 1 പ്രമേഹം വരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.

  ഭൂമിശാസ്ത്രം: നിങ്ങൾ ഭൂമധ്യരേഖയിൽ നിന്ന് അകന്നു പോകുമ്പോൾ ടൈപ്പ് 1 പ്രമേഹത്തിന്റെ സാധ്യത വർദ്ധിക്കുന്നു.

  വയസ്സ്: ടൈപ്പ് 1 പ്രമേഹം ഏത് പ്രായത്തിലും ഉണ്ടാകാമെങ്കിലും, ഇത് രണ്ട് വ്യത്യസ്ത പ്രായത്തിലുള്ളവരിലാണ് കൂടുതലും ഉണ്ടാകുന്നത്. ആദ്യത്തേത് 4 നും 7 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ സംഭവിക്കുന്നു. രണ്ടാമത്തേത് 10 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ്.

  ടൈപ്പ് 1 പ്രമേഹമുള്ളവരിലെ ഭക്ഷണക്രമം:

  സമീകൃതാഹാരം. കൃത്യസമയത്ത് കഴിക്കണം

  മൂന്നു പ്രധാന ഭക്ഷണം, മൂന്നു തവണ ലഘുഭക്ഷണം

  ഭക്ഷണം ഒഴിവാക്കരുത്

  ഇൻസുലിൻ ഭക്ഷണത്തിനു 15-20 മിനിറ്റു മുമ്പ് എടുക്കുക  

  പയറുവർഗങ്ങൾ, പച്ചക്കറി, പഴവർഗങ്ങൾ, വളർച്ചയ്ക്കാവശ്യമായ മാംസം, പാടമാറ്റിയ പാൽ, മുട്ട, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 

  ധാരാളം വെള്ളം കുടിക്കണം.

  ജീവിതശൈലി രോഗങ്ങളിലെ ഏറ്റവും മോശമായ ഒന്നാണ് പ്രമേഹം. പ്രമേഹം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ തന്നെ ബാധിക്കും. വൃക്കസംബന്ധമായ പ്രശ്നങ്ങൾ, ദഹന പ്രശ്നങ്ങൾ, ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.
  Published by:Rajesh V
  First published: